കൊല്ലം നെടുമണ്‍കാവില്‍ നിന്നും ഇന്നലെ കാണാതായ ഏഴ് വയസുകാരി ദേവനന്ദയുടെ മൃതദേഹം കണ്ടെത്തിയെങ്കിലും ദൂരൂഹതകള്‍ വിട്ടൊഴിയുന്നില്ല. കുട്ടി ഒഴുകി വന്നതാണെന്നും , വള്ളിയില്‍ ഉടക്കിയതു കൊണ്ടു മാത്രം ഉടക്കി ഇവിടെ നിന്നതാണെന്നുമാണ് മൃതദേഹം കണ്ടെത്തിയ മുങ്ങല്‍ വിദഗ്ധന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാത്രമല്ല ഒഴുക്കില്‍പ്പെട്ട കുട്ടിയുടെ തലമുടി കാട്ടുവള്ളിയില്‍ ഉടക്കി കമിഴ്ന്നു കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം കണ്ടെത്തുമ്പോള്‍. അതേസമയം മരണം സ്ഥിരീകരിച്ച് മണിക്കൂറുകള്‍ പിന്നിടുമ്പോഴും ഇതെങ്ങനെ സംഭവിച്ചു എന്നു കണ്ടെത്താന്‍ ആര്‍ക്കും സാധിച്ചിട്ടില്ല. തലേദിവസം മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന പെണ്‍കുട്ടിയെ പൊടുന്നനെ കാണാതാവുകയായിരുന്നു. ആറു മാസം മാത്രം പ്രായമുള്ള ഇളയ കുഞ്ഞിനെ ഉറക്കി വീടിനു പിറകില്‍ തുണികഴുകുമ്പോള്‍ മകളെ കാണാതാവുകയായിരുന്നുവെന്നാണ് ദേവാനന്ദയുടെ അമ്മ ധന്യ പറയുന്നത്. തിരച്ചില്‍ പുരോഗമിക്കുന്നതിനിടെ പുഴയുടെ അടിത്തട്ടില്‍ നിന്നും കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.
മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ് മോര്‍ട്ടത്തിനായി തിരുവനന്തപുരത്തേക്ക് കൊണ്ടുപോയി.