മഹാരഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി പാര്‍ലമെന്റില്‍ നടന്ന പ്രതിഷേത്തിനിടെ രമ്യ ഹരിദാസ് എംപിക്ക് നേരെ കയ്യേറ്റം. തമിഴ് നാടില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപി ജ്യോതിമണിക്ക് നേരെയും കയ്യേറ്റമുണ്ടായി. രമ്യ ഹരിദാസ് സ്പീക്കര്‍ക്ക് പരാതി നല്‍കി. പ്ലക്കാര്‍ഡ് പാര്‍ലമെന്റില്‍ അനുവദിക്കില്ല എന്നു പറഞ്ഞ് പിടിച്ചുമാറ്റുന്നതിനിടെയാണ് കൈയ്യേറ്റം നടന്നത്. പാര്‍ലമെന്റിനകത്ത് പോലും സേഫ് അല്ലെങ്കില്‍ വേറെവിടെയാണ് അതുണ്ടാകുകയെന്ന് രമ്യ ഹരിദാസ് പ്രതികരിച്ചു.
അതേസമയം ഹൈബി ഈഡനെയും, ടി എന്‍ പ്രതാപനെയും ഒരു ദിവസത്തേക്ക് സഭയില്‍ നിന്ന് പുറത്താക്കി. ജനാധിപത്യം കശാപ്പ് ചെയ്യുന്നത് അവസാനിപ്പിക്കണമെന്ന് എഴുതിയ ബാനര്‍ ലോക്‌സഭയില്‍ ഉയര്‍ത്തി പ്രതിഷേധിച്ചതിനാണ് സ്പീക്കര്‍ ഇവരെ പുറത്താക്കിയത്. നടുത്തളത്തില്‍ ഇറങ്ങി ബാനറും പ്ലക്കാഡുമായി പ്രതിഷേധിച്ച സഭാ അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ മാര്‍ഷല്‍മാരെ നിയോഗിച്ചത് കൂടുതല്‍ സംഘര്‍ഷത്തിന് കാരണമായി. ടിഎന്‍ പ്രതാപനും ഹൈബി ഈഡനും സംഘര്‍ഷത്തില്‍ പരിക്കേറ്റു.
മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപെട്ട് പാര്‍ലമെന്റിനകത്തും പുറത്തും പ്രതിഷേധവുമായി കോണ്‍ഗ്രസ് ഇന്ന് രംഗത്തെത്തിയിരുന്നു. രാജ്യസഭയിലും ലോക്‌സഭയിലും മഹാരാഷ്ട്ര വിഷയം ഉയര്‍ത്തി കോണ്‍ഗ്രസ് പ്രതിഷേധിച്ചു. പാര്‍ലമെന്റിനു പുറത്ത് സോണിയാഗാന്ധിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. തുടര്‍ന്ന് ഇവര്‍ സഭകളിലേക്കെത്തി പ്രതിഷേധിച്ചു. നേരത്തെ കോണ്‍ഗ്രസ് വിഷയത്തില്‍ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് അനുമതി തേടിയിരുന്നു. പ്രതിപക്ഷ പ്രതിഷേധം ശക്തമായതോടെ ലോക്‌സഭ ഉച്ചവരെ പിരിഞ്ഞു.