മഹാരാഷ്ട്രയില്‍ ശിവസേനയുമായുള്ള സഖ്യം തകര്‍ന്നതിന് പിന്നാലെ ജാര്‍ഖണ്ഡിലും ബി.ജെ.പിക്ക് തിരിച്ചടി. തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ജാര്‍ഖണ്ഡില്‍ സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട് ബി.ജെ.പി സഖ്യകക്ഷികളുമായി ഇടഞ്ഞിരിക്കുന്നതായാണ് പുറത്തുവരുന്ന വാര്‍ത്ത. ഇതിനിടയില്‍ ബി.ജെ.പിയെ കടന്നാക്രമിച്ച് പ്രതിപക്ഷ പാര്‍ട്ടിയും രംഗത്തെത്തി.
ബി.ജെ.പി മുങ്ങുന്ന കപ്പലാണെന്നും അത് കണ്ട് സഖ്യകക്ഷികള്‍ സുരക്ഷിത സ്ഥാനത്തേക്ക് മാറിക്കൊണ്ടിരിക്കുകയാണെന്നും ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച (ജെ.എം.എം)യുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഹേമന്ദ് സോറെ ആരോപിച്ചു. തങ്ങളുടെ തെറ്റായ ഭരണത്തില്‍ നിന്ന് ജനങ്ങളുടെ ശ്രദ്ധ തിരിക്കാന്‍ ബി.ജെ.പി ദേശീയത പോലുള്ള വിഷയങ്ങള്‍ ഉയര്‍ത്തി കാട്ടുകയാണ്. ജാര്‍ഖണ്ഡില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഭൂമി ഏറ്റെടുക്കല്‍, തൊഴിലില്ലായ്മ തുടങ്ങിയ വിഷയങ്ങളാകും കൂടുതല്‍ ചര്‍ച്ചയാകുകയെന്നും അദ്ദേഹം പറഞ്ഞു.
ജാര്‍ഖണ്ഡില്‍ കോണ്‍ഗ്രസ്, രാഷ്ട്രീയ ജനതാദള്‍ (ആര്‍.ജെ.ഡി) എന്നീ കക്ഷികള്‍ ചേരുന്ന പ്രതിപക്ഷ സഖ്യത്തിന് നേതൃത്വം നല്‍കുന്നത് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ചയാണ്. ജാര്‍ഖണ്ഡില്‍ നടക്കാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ 43 സീറ്റിലാണ് ജാര്‍ഖണ്ഡ് മുക്തി മോര്‍ച്ച മത്സരിക്കുന്നത്. കോണ്‍ഗ്രസ് ഇവിടെ 31 സീറ്റിലും ആര്‍.ജെ.ഡി ഏഴ് സീറ്റിലും മത്സരിക്കും.