ഏവരും ഉറ്റു നോക്കുന്ന ശബരിമല യുവതീ പ്രവേശനത്തില്‍ സുപ്രീംകോടതി നാളെ വിധി പറയും. പുനഃപരിശോധനാ ഹര്‍ജികളിലാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പ്രസ്താവിക്കുന്നത്. ശബരിമലയില്‍ യുവതീപ്രവേശനം സാധ്യമാക്കിക്കൊണ്ട് കഴിഞ്ഞ വര്‍ഷം സുപ്രീംകോടതി വിധി പറഞ്ഞിരുന്നു. ഇതേ തുടര്‍ന്ന് വന്‍ സമരങ്ങളാണ് ശബരിമലയില്‍ അരങ്ങേറിയത്. വിധി വന്നതിനു പുറമെ ശബരിമലയില്‍ പ്രവേശിക്കണമെന്നാവശ്യപ്പെട്ട് നിരവധി യുവതികള്‍ എത്തിയിരുന്നു. ഇതിനെ ശക്തമായി എതിര്‍ത്ത് ഭക്തരും രംഗത്തെത്തിയിരുന്നു. തുടര്‍ന്ന പമ്പയിലും , നിലയ്ക്കലും നിരോധനാജ്ഞ പുറപ്പെടുവിക്കേണ്ട അവസ്ഥ വരെ ഉണ്ടായി. അതേസമയം, യുവതീ പ്രവേശനത്തെ എതിര്‍ത്ത് നിരവധി പുന: പരിശോധന ഹര്‍ജികള്‍ കോടതി സമക്ഷം എത്തിയിരുന്നു. ഇത്തരത്തില്‍ എത്തിയ 56 പുനഃപരിശോധനാ ഹരജികളാണ് കോടതി നാളെ പരിഗണിക്കുക. വിധി പുനഃപരിശോധിക്കണോ വേണ്ടയോ എന്ന കാര്യത്തില്‍ നാളെ അന്തിമ തീരുമാനമുണ്ടാകും. രാവിലെ 10:30-നാണ് വിധി.
അതേസമയം, വിധി എന്തുതന്നെയാണെങ്കിലും സ്വീകരിക്കുമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ പത്മകുമാര്‍ പറഞ്ഞു. തങ്ങള്‍ക്ക് ശുഭപ്രതീക്ഷയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
















                                    






