25.4 C
Kollam
Sunday, September 8, 2024
HomeNewsമഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന് സാദ്ധ്യത ; മുഖ്യമന്ത്രി പദം തുല്യമായി പങ്കിടും ; ഉപമുഖ്യമന്ത്രി സ്ഥാനം...

മഹാരാഷ്ട്രയില്‍ ത്രികക്ഷി സര്‍ക്കാരിന് സാദ്ധ്യത ; മുഖ്യമന്ത്രി പദം തുല്യമായി പങ്കിടും ; ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിനു നല്‍കും ; സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളില്‍ സജീവമായി രാഷ്ട്രീയ പാര്‍ട്ടികള്‍

- Advertisement -
- Advertisement -

മഹാരാഷ്ട്രയില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയതിന് തൊട്ടുപിന്നാലെ സര്‍ക്കാരുണ്ടാക്കാനുള്ള നീക്കങ്ങളില്‍ സജീവമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. കോണ്‍ഗ്രസ് – എന്‍.സി.പി സഖ്യവുമായി ചേര്‍ന്ന് പൊതു മിനിമം പരിപാടി ആലോചിക്കുമെന്നാണ് രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ച ശേഷം ശിവസേന നേതാവ് ഉദ്ധവ് താക്കറെ പറഞ്ഞത്. അതേസമയം, സര്‍ക്കാര്‍ രൂപീകരണത്തിന് വിശദമായ ചര്‍ച്ച തുടരുമെന്നും കോണ്‍ഗ്രസും എന്‍.സി.പിയും വ്യക്തമാക്കുകയും ചെയ്തു. എന്നാല്‍, കോണ്‍ഗ്രസ് – എന്‍.സി.പി – ശിവസേന സഖ്യത്തിന് സാദ്ധ്യതയില്ലെന്നും തങ്ങള്‍ തന്നെ സര്‍ക്കാരുണ്ടാക്കുമെന്നും അവകാശപ്പെട്ട് ബി.ജെ.പിയും ഇന്നലെ രാത്രി രംഗത്തു വന്നിരുന്നു.

ശിവസേന എന്‍.സി.പി സഖ്യ സര്‍ക്കാരില്‍ കോണ്‍ഗ്രസും പങ്കാളിയാക്കാനാണ് എന്‍സിപി ഉദ്ദേശിക്കുന്നത്. ശിവസേന ബി.ജെ.പിയോട് ആവശ്യപ്പെട്ടത് പോലെ 50:50 ഫോര്‍മുല ശരത് പവാറും മുന്നോട്ട് വച്ചിരിക്കുകയാണ്.മുഖ്യമന്ത്രി പദം രണ്ടര വര്‍ഷത്തിന് ശേഷം കൈമാറണമെന്നാണ് മുഖ്യ ആവശ്യം. മൂന്ന് പാര്‍ട്ടികള്‍ക്കും 14 വീതം മന്ത്രി സ്ഥാനങ്ങള്‍ ലഭിക്കണം. എന്‍.സി.പിയും ശിവസേനയും മുഖ്യമന്ത്രി സ്ഥാനം തുല്യമായി പങ്കിടുമ്പോള്‍ ഉപമുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന് നല്‍കണം എന്നതാണ് എന്‍സിപിയുടെ ആവശ്യം.

അതേസമയം, രാഷ്ട്രീയ പാര്‍ട്ടികള്‍ സര്‍ക്കാരുണ്ടാക്കാനായി കൃത്യമായ ഭൂരിപക്ഷവുമായി ഗവര്‍ണറെ സമീപിച്ചാല്‍ രാഷ്ട്രപതി ഭരണം പിന്‍വലിക്കേണ്ടി വരും. ഇക്കാര്യം ബി.ജെ.പി നേതാക്കളും സമ്മതിക്കുന്നുണ്ട്. രാഷ്ട്രപതി ഭരണം സാങ്കേതികമായ കാര്യമാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം പറയുന്നു. നിലവില്‍ ആറുമാസത്തേക്കാണ് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

എന്നാല്‍, ഗവര്‍ണര്‍ തങ്ങള്‍ക്ക് അധിക സമയം നല്‍കാതിരുന്നത് ചോദ്യം ചെയ്ത് ശിവസേന സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. ഹര്‍ജി ഇന്ന് രാവിലെ 10.30ന് കോടതി പരിഗണിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments