സാങ്കേതിക വിദ്യയുടെ മാറ്റം വിചാരങ്ങൾക്കും അപ്പുറമാണ്. പ്രാദേശിക വാർത്തകളെ ലംഘിച്ച് ചില വാർത്തകൾ സോഷ്യൽ മീഡിയായിൽ അതിർത്തികൾ കടന്ന് പുതിയ രീതിയിൽ വായിക്കപ്പെടുന്നു. നവ മാധ്യമങ്ങളിൽ ചില വാർത്തകൾ പുനരാഖ്യാനം ചെയ്യുന്നത് സമൂഹത്തിൽ പ്രത്യേകിച്ചും ലോക ജനതയിൽ പലപ്പോഴും വലിയ അർത്ഥ തലങ്ങളാണ് നല്കുന്നത്. അർത്ഥമില്ലെന്ന് തോന്നുന്ന പല വാർത്തകളും ചില സ്ഥലങ്ങളിൽ അനുരണനങ്ങൾ ഉണർത്താൽ കഴിയുന്നതാണ്. ആ വസ്തുതുതയെ പ്രാദേശികമായ കാഴ്ചപ്പാടിൽ നിന്നും മോചിപ്പിക്കാനാണ് നോക്കേണ്ടത്. ഒരു വാർത്ത എഴുതുമ്പോഴാണ് അത് ഒരർത്ഥത്തിൽ മറ്റൊന്നായി തീരുന്നത്. പ്രാദേശികമായി എന്ന് വിചാരിക്കുന്നതും എല്ലാ ദിവസവും കണ്ട് തഴമ്പിച്ചതുമായ കാര്യങ്ങൾക്കും ഒരു പുതുമയുണ്ട്. കണ്ട് പരിചയിച്ച പല കാര്യങ്ങളും ഇതുവരെ കണ്ട രീതിയിലല്ല ലോകം കാണുന്നത്.
വാർത്തയ്ക്ക് അതിരുകൾ ഇല്ലാതായിരിക്കുകയാണ്.വാർത്ത വിന്യസിക്കുന്ന രീതി, ശേഖരിക്കുന്ന രീതി, സംസാരിക്കുന്ന രീതി ഇതിനൊക്കെ ഒരു മാറ്റം വരുത്തിയാൽ പലപ്പോഴും ഒന്നാം സ്ഥാനത്ത് നില്ക്കുന്നത് പ്രാദേശിക വാർത്തകളായിരിക്കും. കണ്ണിനെ, മനസ്സിനെ പിടിച്ചുലയ്ക്കുന്ന വാർത്തകളാണ് വേണ്ടത്.
പ്രാദേശിക ലേഖകർ ഇക്കാര്യത്തിൽ ഇന്ന് അപ്രധാനികളല്ല. അതിന്റെ കാലം കഴിഞ്ഞു. പ്രാദേശിക ലേഖകരുടെ പ്രധാനപ്പെട്ട ചില വാർത്തകൾ ഇംഗ്ലീഷ് അറിയാവുന്ന ഒരു മാധ്യമ പ്രവർത്തകൻ കണ്ടാൽ അത് മറ്റൊരു രീതിയിൽ ദേശ-വിദേശങ്ങളിലേക്ക് പരിഭാഷപ്പെട്ടു പോകുകയാണ്. പരമ്പരാഗതമായി പഠിച്ചു വെച്ച ചില ദർശനങ്ങളിലും ചില കാഴ്ചപ്പാടുകളിലുമാണ് പ്രാദേശിക ലേഖകർ അനുവർത്തിച്ച് വന്നത്. എന്നാൽ, പ്രാദേശിക വാർത്താ ലേഖകർക്ക് സുഘടിതമായ വാർത്തകൾ എഴുതാൻ അടിസ്ഥാനപരമായി രൂപരേഖയുണ്ടായത് 1960 കളുടെ അന്ത്യത്തിലാണ്. അതിന് മുൻകൈ എടുത്തതു് മലയാള മനോരമയുടെ എഡിറ്റോറിയൽ ഡയറക്ടറായി വിരമിച്ച തോമസ് ജേക്കബും മാതൃഭൂമിയുടെ ഇൻസ്ട്രക്ടറായിരുന്ന അന്തരിച്ച വേണുക്കുറുപ്പെന്ന T.വേണുഗോപാലുമാണ്.ഇവർ ഗ്രാമഗ്രാമാന്തരങ്ങളിൽ പോയി പ്രാദേശിക പത്രപ്രവർത്തകർക്ക് നടത്തിയ ശില്പശാലകളാണ് കുറെയെങ്കിലും ആധികാരമായത്.
എങ്ങനെയാണ് ഒരു വാർത്ത എഴുതുക? അതിനെ എങ്ങനെയാണ് കാണേണ്ടത്? അതിന് പ്രധാനമായും വേണ്ടത് സാമൂഹിക ബോധമാണ്. മാറുന്ന ജീവിത സാഹചര്യം, മാറുന്ന ബന്ധങ്ങൾ എന്നിവയുടെ പുത്തൻ സങ്കേതങ്ങൾ എല്ലാം പുതിയ രീതിയിൽ കാണാൻ പഠിക്കണം. എല്ലാ വിഷയങ്ങളിലും സൂക്ഷ്മവും വിമർശനാത്മകവുമായ ഒരു കണ്ണ് ഉണ്ടാവേണ്ടതുണ്ട്.അങ്ങനെ ഉണ്ടാകുമ്പോൾ മാത്രമെ യഥാർത്ഥത്തിൽ ജനപക്ഷത്ത് നിന്നുള്ള ഒരു മാധ്യമ പ്രവർത്തനം നടത്താനാകൂ.
വികസനം എന്ന സങ്കല്പത്തെ എങ്ങനെ കാണണം? എല്ലാവരും വികസനത്തിന്റെ പക്ഷത്താണ്. അതിനെ പി.എ.ബി സ്ട്രക്ച്ചറിൽ അഥവാ ഔദ്യോഗിക രീതിയിലാണ് കാണുന്നത്. സ്വാതന്ത്ര്യം കിട്ടി 67 വർഷം പിന്നിടുമ്പോഴും വികസനത്തെപ്പറ്റി എഴുതുന്നത് കലുങ്കിനെപ്പറ്റിയാണ്, റോഡിനെപ്പറ്റിയാണ് അല്ലെങ്കിൽ, അതുപോലുള്ള വിഷയങ്ങളാണ്. അടിസ്ഥാന സൗകര്യം എന്ന് പറയുന്നത് കോർപ്പറേറ്റുകൾക്ക് കാറോടിച്ച് പോകാൻ സൗകര്യം ഒരുക്കുക എന്നതാണ്. അല്ലാതെ, സാധാരണക്കാരന്റെ പ്രശ്നത്തെ ഊന്നിയുള്ള വികസനമല്ല. വികസനം എന്നു പറയുന്നത് യഥാർത്ഥത്തിൽ ആർക്ക് വേണ്ടിയാണ്? ആ ചോദ്യം വളരെ പ്രസക്തമാണ്. കാരണം വികസനം വരുമ്പോൾ, വികസനത്തിന്റെ പേരിൽ നഷ്ടപ്പെടുന്നത് ആരുടേതാണ്? അത് പാവപ്പെട്ടവന്റെതാണ്. പക്ഷേ, വികസനം സംബന്ധിച്ച് ഒരു വാർത്ത എഴുതുമ്പോഴും ലേഖകൻ അറിയാതെ ആ ഒരു ജന വിരുദ്ധത കടന്നു കൂടുന്നത് സ്വാഭാവികമാണ്.വാർത്ത അവസാനിപ്പിക്കുമ്പോൾ, അത് സ്പർശിക്കേണ്ടത് സാധാരണക്കാരന്റെ ഭാഗത്ത് നിന്നു കൂടി ചിന്തിച്ച് വേണം. വികസനത്തിന്റെ പേര് ഇല്ലായ്മ ചെയ്യുന്നതാണ് ഏറ്റവും ശാപമായി തീരുന്നത്.
ടെലിവിഷനെ സംബന്ധിച്ചടത്തോളം ഒരു ഗ്ലാമർ “എലിമെന്റ് “അത്യാവശ്യമാണ്. അച്ചടി മാധ്യമങ്ങളെ സംബന്ധിച്ച ടത്തോളം ഗ്ലാമറല്ല; ചിന്തയുടെയും ഓർമ്മപ്പെടുത്തലിന്റെയും കാര്യമാണ് വേണ്ടത് .പക്ഷേ, ഇവ കാണാനുള്ള കണ്ണ് പ്രാദേശക ലേഖകർക്ക് ഉണ്ടായിരിക്കണം. പ്രാദേശിക മാധ്യമ പ്രവർത്തനം പുത്തൻ സാങ്കേതിക വിദ്യയുടെ സഹായത്തോടെ അതിന്റെ അതിരുകളെ ഭേദിച്ചു കഴിഞ്ഞു. വാർത്ത വെബ്സൈറ്റിൽ കൊടുത്താൽ പത്രത്തെക്കാളും വൻ പ്രചാരം ലഭിക്കും. അത് നൊടിയിടയിൽ ലോകത്തിന്റെ നാനാ സ്ഥാനങ്ങളിൽ എത്തും.പ്രാദേശികം എന്നത് രണ്ടാം തരമായിരുന്ന ഒരു കാലം മാറിയെന്ന തിരിച്ചറിവ് ഏവർക്കും ഉണ്ടാവണം. അതിന് ഏറ്റവും വലിയ ആയുധം കയ്യിലുള്ള മൊബൈൽ ഫോണാണ്. അതിന്റെ അനന്ത സാദ്ധ്യതകൾ അതിവിപുലവും അതിവിശാലവുമാണ്!