കേരളത്തിലെ ക്രിക്കറ്റ് ആരാധകർക്ക് പുതിയ വേദി ഒരുങ്ങുന്നു. തിരുവനന്തപുരം മംഗലപുരത്ത് കേരള ക്രിക്കറ്റ് അസോസിയേഷൻ നിർമ്മിച്ച പുതിയ ക്രിക്കറ്റ് സ്റ്റേഡിയം മാർച്ച് 16ന് വൈകിട്ട് 6 മണിക്ക് മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏകദേശം 10 ഏക്കർ ഭൂമിയിൽ 45 കോടി രൂപ ചെലവിലാണ് ഈ അത്യാധുനിക സ്റ്റേഡിയം നിർമ്മിച്ചിരിക്കുന്നത്. അന്താരാഷ്ട്ര നിലവാരത്തിലുള്ള ക്രിക്കറ്റ് ഗ്രൗണ്ട്, പവലിയൻ സമുച്ചയം, ആധുനിക എൽഇഡി ഫ്ലഡ്‌ലൈറ്റ് സംവിധാനം തുടങ്ങിയ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.
ഇറാൻ യുദ്ധത്തിന്റെ ആഘാതം; എൽപിജിയോടൊപ്പം കുപ്പിവെള്ളത്തിനും വിലക്കയറ്റ ഭീഷണി ഇന്ത്യയിൽ
രാത്രിയിലും മത്സരങ്ങൾ നടത്താൻ കഴിയുന്ന വിധത്തിലാണ് ഫ്ലഡ്‌ലൈറ്റുകൾ സ്ഥാപിച്ചിരിക്കുന്നത്. ഫ്ലഡ്‌ലൈറ്റ് സംവിധാനം കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാൻ സ്വിച്ച് ഓൺ ചെയ്യും. കൂടാതെ രണ്ടാംഘട്ട വികസന പദ്ധതികളുടെ ഭാഗമായി കെ.സി.എ സ്റ്റേറ്റ് അക്കാദമിയും ഇൻഡോർ പരിശീലന കേന്ദ്രവും ആരംഭിക്കുന്നതിനുള്ള ചടങ്ങുകളും നടക്കും. പുതിയ സ്റ്റേഡിയം സംസ്ഥാനത്ത് ക്രിക്കറ്റ് അടിസ്ഥാന സൗകര്യങ്ങൾ ശക്തിപ്പെടുത്തുകയും യുവ താരങ്ങൾക്ക് മികച്ച പരിശീലന സൗകര്യം നൽകുകയും ചെയ്യുമെന്ന് കെ.സി.എ അധികൃതർ അറിയിച്ചു.






















