കോഴിക്കോട് സ്വദേശി ദീപക് ജീവനൊടുക്കിയ സംഭവത്തിൽ യുവതി ഷിംജിതയെ മെഡിക്കൽ കോളേജ് പൊലീസ് അറസ്റ്റ് ചെയ്തു. വടകര സ്വദേശിയായ ഷിംജിതയെ അവിടെയുള്ള ബന്ധുവീട്ടിൽ നിന്നാണ് കസ്റ്റഡിയിലെടുത്തത്. ദീപക്കിന്റെ മാതാപിതാക്കൾ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ബസിൽ ലൈംഗികാതിക്രമം നടത്തിയെന്ന ആരോപണവുമായി സമൂഹമാധ്യമങ്ങളിൽ വീഡിയോ പ്രചരിച്ചതിനെ തുടർന്ന് അപമാനം ഭയന്നാണ് ദീപക് ജീവനൊടുക്കിയതെന്നതാണ് കുടുംബത്തിന്റെ ആരോപണം.
മെഡിക്കൽ കോളേജ് പൊലീസ് ദീപക്കിന്റെ വീട്ടിലെത്തി മാതാപിതാക്കളുടെയും സഹോദരന്റെയും മൊഴി രേഖപ്പെടുത്തി. ആരോപണം വ്യാജമാണെന്നും ഇതുമൂലം മകൻ കടുത്ത മാനസിക വിഷമത്തിലായിരുന്നുവെന്നും മാതാപിതാക്കൾ മൊഴി നൽകി. ദീപക്കിന്റെ സുഹൃത്തിന്റെയും ബസ് ജീവനക്കാരുടെയും മൊഴിയും പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ബസിലെ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു. സംഭവദിവസം ആരും പരാതി ഉന്നയിച്ചിട്ടില്ലെന്നായിരുന്നു ബസ് ജീവനക്കാരുടെ മൊഴി. കേസിൽ ഷിംജിത മുൻകൂർ ജാമ്യത്തിനായി കോഴിക്കോട് ജില്ലാ കോടതിയെ സമീപിച്ചിട്ടുണ്ട്.





















