“സനാതനമായ ഏതെങ്കിലും ഒരു ധർമത്തെയോ സത്യത്തെയോ അടിസ്ഥാനപ്പെടുത്തിയല്ലാതെ യാതൊരു മതത്തിനും നിലനിൽക്കുവാൻ കഴിയുന്നതല്ല. സാഹോദര്യത്തിന് മുഹമ്മദ് മതവും സ്നേഹത്തിന് ക്രിസ്തുമതവും മുഖ്യത കൽപ്പിക്കുന്നു. എന്നാൽ സാഹോദര്യം സ്നേഹത്തേയും സ്നേഹം സാഹോദര്യത്തേയും ആശ്രയിച്ചിരിക്കുന്നു. ഇതറിയാതെ സാഹോദര്യമാണ് ശ്രേഷ്‌ഠം, അതല്ല സ്നേഹമാണ് ശ്രേഷ്‌ഠം എന്നു വിവാദം ഉണ്ടാക്കുന്നുവെങ്കിൽ അതിനെ വൃഥാ വിവാദമെന്നല്ലാതെ പറയാൻ തരമുണ്ടോ? സനാതന ധർമ്മങ്ങൾ തുല്യ പ്രധാനങ്ങളാണ്.
ദേശകാലാവസ്ഥകളാൽ നേരിടുന്ന ആവശ്യങ്ങൾ അനുസരിച്ച് അവയിൽ ഏതെങ്കിലും ഒന്നിന് മുഖ്യത കൽപ്പിക്കേണ്ടത് ആവശ്യമായി വരും. ഹിംസ കലശലായിരിക്കുന്ന ദേശകാലങ്ങളിൽ അഹിംസാ ധർമ്മത്തിന് ജഗത് ഗുരുക്കന്മാർ മറ്റു ധർമ്മങ്ങളേക്കാൾ മുഖ്യത കൽപ്പിക്കും. ബുദ്ധന്റെ കാലത്ത് ഹിംസ കലശലായിരുന്നു. അതിനാൽ അഹിംസാ ധർമ്മത്തിന് ബുദ്ധൻ മുഖ്യത കൽപ്പിച്ചു. നബിയുടെ കാലത്ത് സാഹോദര്യത്തിന് മുഖ്യത കാണുന്നു. സമബുദ്ധിയോടും സമഭക്തിയോടും കൂടെ എല്ലാ മതങ്ങളേയും എല്ലാവരും പഠിച്ചറിവാനും ലഭിച്ച അറിവിനെ പരസ്പരം സ്നേഹപൂർവ്വം വിനിമയം ചെയ്യാനും ശ്രമിക്കട്ടെ. മത്സരം മതം നിമിത്തമല്ല; മദം നിമിത്തമാണെന്ന് അപ്പോൾ മനസ്സിലാവും.’
(ശ്രീനാരായണഗുരു സി വി കുഞ്ഞുരാമനോട് പറഞ്ഞത്. 1101 കന്നി 23ന് കേരളകൗമുദിയിൽ പ്രസിദ്ധീകരിച്ച സംവാദത്തിൽനിന്ന്.)