രക്ഷാദൗത്യത്തിനിടെ അമേരിക്കൻ വ്യോമസേന വിമാനത്തിൽ അഫ്‌ഗാൻ യുവതി ജന്മം നൽകിയ കുഞ്ഞിന് വിമാനത്തിന്റെ കോൾ സൈനായ ‘റീച്ച്’ എന്ന് പേര് നൽകാൻ തീരുമാനിച്ചു. ഗർഭിണിയായ യുവതിയുമായി പറന്ന യു എസ് വ്യോമസേന സി‐17 ഗ്ലോബ്‌മാസ്റ്റർ വിമാനത്തെ തിരിച്ചറിയാൻ ഉപയോഗിക്കുന്ന (കോൾ സൈൻ) പേര് കുഞ്ഞിന് നൽകാൻ മാതാപിതാക്കൾ തീരുമാനിക്കുകയായിരുന്നു. വിമാനത്തിന്റെ കോൾ സൈൻ ‘റീച്ച് 828’ എന്നായിരുന്നു. യുഎസ്‐യൂറോപ്യൻ കമാൻഡ് കമാൻഡർ ജനറൽ ടോഡ് വോൾട്ടേഴ്‌സാണ് ഈ കാര്യം മാധ്യമങ്ങളോട് പറഞ്ഞത്. കുട്ടിയുടെ മാതാപിതാക്കളുമായി സംസാരിക്കവേയാണ് ഇക്കാര്യം അവർ വ്യക്തമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
ICYMI: The baby that was born in the cargo bay of a #C17 evacuating passengers from Afghanistan was named Reach, after the call sign of the aircraft (Reach 828). https://t.co/ULkt2w8dUF
— Air Mobility Command (@AirMobilityCmd) August 25, 2021
അഫ്‌ഗാനിസ്ഥാൻ താലിബാന്റെ നിയന്ത്രണത്തിലായതിന് പിന്നാലെ ഒഴിപ്പിക്കൽ നടപടികൾ പുരോഗമിക്കുന്നതിനിടയിൽ കഴിഞ്ഞ ശനിയാഴ്‌ചയാണ് ജർമിനിയിലെ റാംസ്‌റ്റീൻ വ്യോമതാവളത്തിലേക്ക് പറന്ന യു എസ് വ്യോമസേന സി‐17 ചരക്ക് വിമാനത്തിൽ യുവതി പെൺകുഞ്ഞിന് ജന്മം നൽകിയത്. റാംസ്‌റ്റീനിൽ ഇറങ്ങിയ ഉടനെ വിമാനത്തിന്റെ കാർഗോ ബേയിൽ യുവതി പ്രസവിക്കുകയായിരുന്നു.വിമാനം പറന്നുയർന്ന് 28,000 അടി ഉയരം പിന്നിട്ടതോടെ വിമാനത്തിലെ വായു മർദം കുറയുകയും യുവതിയ്‌ക്ക് ശാരീരിക അസ്വസ്‌ഥതകൾ അനുഭവപ്പെടുകയും ചെയ്‌തിരുന്നു. തുടർന്ന് യുവതിയുടെ ആരോഗ്യനില വഷളാകാതിരക്കാൻ താഴ്‌ന്ന് പറക്കാൻ പൈലറ്റുമാർ തിരുമാനിച്ചു. വിമാനം റാസ്റ്റീനിൽ ഇറങ്ങിയ ഉടനെ വ്യോമസേന മെഡിക്കൽ സംഘം വിമാനത്തിലെത്തി യുവതിയ്‌ക്ക് ചികിത്സ നൽകുകയുo ചെയ്തു.