വനിതാ കമീഷനിൽ ഏറ്റവും കൂടുതൽ സ്‌ത്രീധന സംബന്ധിയായ കേസുകൾ റിപ്പോർട്ട് ചെയ്യുന്നത് തെക്കൻകേരളത്തിൽ. പിന്നാലെ മധ്യകേരളവും. പത്ത് വർഷത്തിനിടെ കമീഷനിലെത്തിയ ഭർതൃപീഡന കേസുകൾ അഞ്ഞൂറിൽ താഴെയാണ്. തിരുവനന്തപുരമൊഴിച്ച് 13 ജില്ലയിലും അമ്പതിൽ താഴെയാണ് കേസുകൾ. എല്ലാം സഹിച്ചുകഴിയുന്നവരുടെ കണക്ക് ആർക്കുമറിയില്ല.
മുന്നിൽ തിരുവനന്തപുരം
കമീഷനിൽ റിപ്പോർട്ട് ചെയ്യുന്ന എല്ലാ അതിക്രമങ്ങളിലും ഒന്നാം സ്ഥാനത്ത് തിരുവനന്തപുരം ജില്ലയാണ്. ഇവിടെ മാത്രം 447 സ്‌ത്രീധന പീഡന കേസുകൾ റിപ്പോർട്ട് ചെയ്തു. ഗാർഹിക പീഡനകേസുകൾ 3476. ഏറ്റവും കുറവ് സ്‌ത്രീധന പീഡന കേസുകൾ കാസർകോട് ജില്ലയിലാണ്, 12.
ഒത്തുതീർക്കലും
കേസുകളിൽ കൂടുതലും ഒത്തുതീർപ്പാക്കാറാണ് പതിവ്. ഗുരുതര സ്വഭാവമുള്ളവ പൊലീസിന് കൈമാറും. സ്‌ത്രീപീഡന കേസിൽ 5686 എണ്ണവും ഒത്തുതീർപ്പാക്കി. സ്‌ത്രീധനപീഡനം 874, ഭർതൃപീഡനം 387, ഗാർഹികപീഡനം 6174 എന്നിങ്ങനെയാണ് കേസുകൾ ഒത്തുതീർപ്പാക്കിയത്.
സ്ത്രീധന നിരോധന
നിയമം 1961-
60 വർഷംമുമ്പ് രാജ്യത്ത് നിലവിൽവന്നതാണ് സ്‌ത്രീധന നിരോധന നിയമം. സ്ത്രീധനം ചോദിക്കുന്നതും കൊടുക്കുന്നതും വാങ്ങുന്നതും നിയമംവഴി നിരോധിച്ചു. 1984-ൽ വീണ്ടും നിയമം ഭേദഗതി ചെയ്‌തു. അഞ്ച് വർഷത്തിൽ കുറയാത്ത തടവുശിക്ഷയോ 15,000- രൂപ പിഴയോ ലഭിക്കാം. ജാമ്യവും ലഭിക്കില്ല.
അപരാജിത’യിൽ ആദ്യദിനം 212 പരാതി
സ്ത്രീധന പരാതികളും ഗാർഹിക പീഡനങ്ങളും അറിയിക്കാൻ പൊലീസ് ആരംഭിച്ച ഓൺലൈൻ സംവിധാനമായ ‘അപരാജിത’യിൽ ആദ്യദിനം എത്തിയത് 212 പരാതി. ‘അപരാജിത’യുടെ നോഡൽ ഓഫീസർ പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ആർ നിശാന്തിനിക്ക് മാത്രം 108 പരാതി ഫോണിൽ ലഭിച്ചു.
ഔദ്യോഗിക ഇ മെയിലിൽ 76 പരാതിയും മൊബൈലിൽ 28 പരാതിയും ലഭിച്ചു. ബുധനാഴ്‌ച രാത്രി ഏഴുവരെയുള്ള കണക്കാണിത്.
സ്റ്റേറ്റ് നോഡൽ ഓഫീസറുടെ മൊബൈൽ നമ്പർ: 9497999955.
ഇ മെയിൽ: aparajitha.pol@kerala.gov.in