തെക്കൻ തമിഴ് നാട്ടിൽ ടി.വി ദിനകരൻ അമ്മാ മുന്നേറ്റ കഴകം കക്ഷി അണ്ണാ ഡി.എം.കെ യെ തൂത്തെറിയുമെന്ന് ഏറെകുറെ ഉറപ്പുള്ള സാഹചര്യത്തിലേക്കാണ് കാര്യങ്ങൾ ചെന്നെത്തുന്നത് . തേവർ സമുദായത്തിന് ഏറെ സ്വാധീനമുള്ള മണ്ണിൽ കാലുറപ്പിക്കാനാകാതെ അണ്ണാ ഡി.എം.കെ സഖ്യം വിയർക്കുകയാണ് .
മുഖ്യമന്ത്രി പദത്തിലെത്തുമെന്ന് പ്രതീക്ഷിച്ച ശശികലയെ കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി യുടെ ഇടപെടീലോടെ പരപ്പന അഗ്രഹാരത്തിലേക്കയച്ചും ദിനകരനെ പാർട്ടിയിൽ നിന്നും പുറത്താക്കി പളനി സ്വാമിയും ,പനീർശെൽവവും ശക്തി തെളിയിച്ചെങ്കിലും ദിനകരനും ,ശശികലയും ഉൾപ്പെടുന്ന തേവർ സമുദായത്തിന് ഈ വേദന കണ്ട് നിൽക്കാനാവുമായിരുന്നില്ല .
ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ അണ്ണാ ഡി.എം.കെയെ മറികടന്ന് ദിനകരൻ വിജയ പതാക നാട്ടുന്നത് കണ്ട് തമിഴകം ഒന്നടങ്കം മൂക്കത്ത് വിരൽ വെച്ചു .
തേവർ വിഭാഗത്തിന് ഭൂരിപക്ഷമുള്ള കോവിൽപ്പട്ടിയിലാണ് ദിനകരൻ ജനവിധി തേടാനൊരുങ്ങുന്നത് .
ദിനകരൻ്റെ ഈ മണ്ഡലത്തിലേക്കുള്ള കടന്ന് വരവ് തന്നെ തെക്കൻ തമിഴ്നാട്ടിൽ അമ്മാ മുന്നേറ്റ കഴകം സീറ്റുകൾ വാരിക്കൂട്ടുമെന്നത് അണ്ണാ ഡി.എം.കെ യുടെ ചങ്കിടിപ്പ് വർദ്ദിപ്പിക്കുന്നു. ഈ തെരഞ്ഞെടുപ്പിൽ ദിനകരനും പാർട്ടിയും സീറ്റുകൾ നേടുകയും അണ്ണാ ഡി.എം.കെ തമിഴ്നാട്ടിൽ പരാജയപ്പെടുകയും ചെയ്താൽ പനീർശെൽവത്തിനും പളനി സ്വാമിക്കും പാർട്ടി യിലെ സ്വാധീനം എന്നന്നേക്കുമായി നഷ്ടമാവും ,മാത്രമല്ല ദിനകരനും,ശശികലയ്ക്കും പാർട്ടിയിലേക്കുള്ള മടങ്ങി വരവും എളുപ്പമാകും . അങ്ങനെയെങ്കിൽ ഒന്നുറപ്പ് ശശികല അടുത്ത ജയലളിതയായി ഉയർത്തപ്പെടും ഒപ്പം ദിനകരൻ പാർട്ടി ഭരിക്കും .