മനുഷ്യ ശരീരത്തിലെ അവയവങ്ങളിൽ കണ്ണുക്കൾക്ക് പ്രധാന പങ്കാണുള്ളത്. അതുകൊണ്ട് തന്നെ കണ്ണിനെ കൂടുതൽ പരിപാലിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ചില കാലാവസ്ഥാ വ്യതിയാനങ്ങൾ അനുസരിച്ച് കണ്ണിന് പല വിധത്തിലുള്ള രോഗങ്ങൾ ഉണ്ടാവാം. അതിൽ പ്രധാനമാണ് ചെങ്കണ്ണ് അഥവാ ”കൺജംഗ്റ്റിവൈറ്റീസ് “. ഈ രോഗം പിടിപെട്ടാൽ കണ്ണിനെ സംരക്ഷിക്കേണ്ടത് ഏറ്റവും പ്രധാനമാണ്. സൂക്ഷിച്ചില്ലെങ്കിൽ കണ്ണിന്റെ കാഴ്ച പോലും ഒരു പക്ഷേ, നഷ്ടമായേക്കാം.
വേനൽക്കാലത്താണ് ചെങ്കണ്ണ് അഥവാ ” കൺജംഗ്റ്റിവൈറ്റീസ് ” ഉണ്ടാകുന്നത്. കണ്ണിന്റെ ഏറ്റവും മുകളിലെ ലെയറിൽ “കൺജംഗ്റ്റീവ” എന്ന ലെയറിലാണ് രോഗം ബാധിക്കുന്നത്. ഇത് ഒരു തരം വൈറസ് രോഗമാണ്. രോഗം കണ്ണിന്റെ കൃഷ്ണമണിയെ തന്നെ ബാധിക്കാം.കൃഷ്ണമണിയെ ബാധിച്ചാൽ കാഴ്ച തന്നെ സങ്കീർണ്ണമാകാം. അതു കൊണ്ട് ഇതിനെ ഒരു പ്രധാനപ്പെട്ട അസുഖമായി കരുതണം.വേനൽക്കാലമാകുമ്പോൾ ഈ വൈറസുകൾ പ്രവർത്തനക്ഷമമാകുകയും രോഗിയിൽ പ്രവേശിച്ച് 7 തൊട്ട് 14 ദിവസത്തിനുള്ളിൽ രോഗം ഉണ്ടാക്കുകയും ചെയ്യും. കണ്ണുകളിൽ ചുവപ്പ് ,തടിപ്പ്, പൊടി കിടക്കുന്നതായ അവസ്ഥ എന്നിവ അനുഭവപ്പെടുന്നു. ചിലപ്പോൾ ചിലർക്ക് രക്തം കലർന്ന കണ്ണുനീർ വരാറുണ്ട്. ഇതാണ് ചെങ്കണ്ണ് രോഗത്തിന്റെ പ്രധാന ലക്ഷണങ്ങൾ .കൺപോളകൾക്ക് വീക്കമുണ്ടാകാം. കണ്ണിൽ പാടപോലെ ഒരവസ്ഥയുമുണ്ടാകാം.ഇത് ഉണ്ടാകുമ്പോഴാണ് കണ്ണിൽ നിന്നും രക്തം കലർന്ന കണ്ണുനീർ വരുന്നത്.
പലരും വിചാരിക്കും പോലെ ഒരു ചെങ്കണ്ണു രോഗം ബാധിച്ച രോഗിയുടെ കണ്ണുകളിൽ നോക്കിയാൽ രോഗം വരുമെന്ന് പറയുന്നതിൽ ഒരടിസ്ഥാനവുമില്ല. കണ്ണുനീർ വഴിയാണ് ഇത് പകരുന്നത്. രോഗി കണ്ണുനീർ സ്പർശിച്ചിട്ട് പല ഭാഗങ്ങളിലും തൊടുമ്പോൾ, അവിടെ മറ്റുള്ളവർ സ്പർശിച്ച് കണ്ണിന്റെ ഭാഗങ്ങളിൽ തൊടുമ്പോഴാണ് രോഗം സാധാരണയായി ബാധിക്കുന്നത്.
രോഗം വരാതിരിക്കാൻ വളരെ ശ്രദ്ധയായി മുൻകരുതലുകൾ സ്വീകരിക്കേണ്ടതാണ്.വീട്ടിൽ ഒരു രോഗിയുണ്ടായാൽ രോഗിയെ പ്രത്യേകമായി മാറ്റി പാർപ്പിക്കുന്നത് അഭികാമ്യമായിരിക്കും. അങ്ങനെ ചെയ്ത ശേഷം അവർ ഉപയോഗിക്കുന്ന സാധനങ്ങൾ സ്പർശിക്കാൻ ഇടയായാൽ തൊട്ട കൈകൾ സോപ്പിട്ട് കഴുകാൻ മറക്കരുത്. രോഗിയെ ശുശ്രൂഷിക്കുന്നയാൾ കൈകൾ കഴുകിയതിന് ശേഷം വേണം രോഗിക്ക് കണ്ണിൽ മരുന്ന് ഒഴിക്കേണ്ടത്.തുടർന്ന്, കൈകൾ വീണ്ടും സോപ്പിട്ട് കഴുകണം.
പ്രതിരോധ മരുന്നുകൾ മോഡേൺ മെഡിസിനിൽ ലഭ്യമല്ല.
കൃത്യനിഷ്ഠതയോടെ വേണം മരുന്നുകൾ ഒഴിക്കേണ്ടത്. അത് ഡോക്ടറുടെ നിർദ്ദേശം അനുസരിച്ചായിരിക്കണം.
ചെങ്കണ്ണു് വന്നാൽ സ്വയം ചികിത്സിക്കാതെ ഉടൻ തന്നെ ഒരു കണ്ണുരോഗ വിദഗ്ദനെ കാണിക്കേണ്ടതാണ്. രോഗം വന്നു കഴിഞ്ഞാൽ കൊച്ചു കുട്ടികളാണെങ്കിൽ സ്ക്കൂളിൽ വിടാതിരിക്കുകയും ജോലിയുള്ളവർ ജോലി സ്ഥലത്ത് പോകാതിരിക്കുകയും വേണം. അസുഖം മാറിക്കിട്ടാൻ 4 ആഴ്ചയെങ്കിലും വേണ്ടിവരും. ആദ്യത്തെ രണ്ടാഴ്ചയാണ് രോഗം പടരാനള്ള സാധ്യതയുള്ളത്. ആ സമയത്ത് വീട്ടിൽ തന്നെ ഇരിക്കുന്നതായിരിക്കും അഭികാമ്യം.