നെടുമുടി വേണുവിന്റെ വിയോഗത്തോടെ മലയാള സിനിമയ്ക്ക് നഷ്ടമായത് ഒരു അതുല്യ കലാകാരനെയും പ്രതിഭയെയുമാണ്. കലാകാരൻമാർ ആര് അരങ്ങൊഴിഞ്ഞാലും അവർക്ക് പകരം വെയ്ക്കാൻ മാറ്റാരുമില്ലെന്നത് ഒരു യാഥാർത്ഥ്യമാണ്. അതേ പോലെ നെടുമുടി വേണുവിന് പകരം വെയ്ക്കാൻ നെടുമുടി വേണു മാത്രം. നാടൻ കലകളിലും പ്രാവീണ്യമുണ്ടായിരുന്ന നടന്റെ വേർപാട് ചലച്ചിത്ര ലോകത്തിന് മാത്രമല്ല രംഗവേദിക്കും മറ്റും ഒരു തീരാ നഷ്ടമാണ്. നെടുമുടിയുടെ അഭിനയ തികവ് തികച്ചും വ്യത്യസ്തത പുലർത്തുന്നതായിരുന്നു. വായ്ത്താരിയിലൂടുള്ള പദ സഞ്ചയങ്ങളും വിന്യാസങ്ങളും
ആഭൂതപൂർവ്വമായിരുന്നു. യശ:ശരീരനായ ജി അരവിന്ദൻ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയ അതുല്യ കലാകാരനാണ് നെടുമുടി വേണു. ജനനം 1948 മേയ് 22 ന് വിശാഖം നക്ഷത്രത്തിൽ പി കെ കേശവപിള്ളയുടെയും പി കുഞ്ഞിക്കൂട്ടി അമ്മയുടെയും മകനായി നെടുമുടിയിൽ ജനിച്ചു. നെടുമുടിയിലെ എൻ എസ് എസ് യുപി സ്ക്കൂളിലും ചമ്പക്കുളം സെൻറ് മേരീസിലുമായി സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കി. ആലുവ എസ് ഡി കോളേജിൽ നിന്ന് ബിരുദം നേടി. കലാകൗമുദിയിൽ പ്രത്രപ്രവർത്തകനായി ജോലി നോക്കുന്നതിനിടയിലാണ് അരവിന്ദന്റെ തമ്പിൽ അഭിനയിക്കാൻ അവസരം ലഭിക്കുന്നത്. കള്ളൻ പവിത്രൻ, ആരവം, തകര, വിട പറയും മുമ്പേ, എനിക്ക് വിശക്കുന്നു, മണ്ടൻമാർ ലണ്ടനിൽ, അപ്പുണ്ണി, മിന്നാമിനുങ്ങിന്റെ നുറുങ്ങു വെട്ടം, ഭരതം, ഹിസ് ഹൈനസ് അബ്ദുള്ള, അച്ചുവേട്ടന്റെ വീട്, താളവട്ടം, തേൻമാവിൻ കൊമ്പത്ത്, ചമ്പക്കുളം തച്ചൻ തുടങ്ങി തമിഴ് ചിത്രങ്ങൾ ഉൾപ്പെടെ അഞ്ഞൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചു. ഹിസ് ഹൈനസ് അബ്ദുള്ളയിലെ അഭിനയത്തിന് സഹനടനുളള ദേശീയ പുരസ്ക്കാരം ലഭിച്ചു. വിട പറയും മുമ്പെയും ഒരു മിന്നു മിനുങ്ങിന്റെ നുറുങ്ങു വെട്ടവും മാർഗവും മികച്ച നടനുള്ള സംസ്ഥാന അവാർഡിന് അർഹനാക്കി. ആണും പെണ്ണുമാണ് ഒടുവിൽ പുറത്തുവന്ന ചിത്രം. പ്രിയദർശൻ സംവിധാനം ചെയ്ത “മരക്കാർ അറബിക്കടലിന്റെ സിംഹമാണ് ” പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. മരിക്കുമ്പോൾ നെടുമുടി വേണുവിന് 73 വയസായിരുന്നു.
![](https://mediacooperative.in/wp-content/uploads/2023/06/favicon.png)