ജനിക്കുമ്പോൾ ആരും കലാകാരൻമാരായി ജനിക്കുന്നില്ല. വളരുമ്പോൾ വളർച്ചയുടെ ഘട്ടങ്ങളിൽ സാഹചര്യത്തിന്റെ സ്വാധീനം ഏവരിലും പലരീതിയിലും ചലനങ്ങൾ സൃഷ്ടിക്കാം.ആ സ്വാധീനം ആ വ്യക്തിയുടെ വൈജ്ഞാനികമായ മേഖലകളിൽ പ്രകടമായെന്ന് വരാം. കുട്ടികൾ കണ്ടു പഠിക്കുന്നത് മുതിർന്നവരിൽ നിന്നാണ്.അവരുടെ പ്രവർത്തികൾ, ഇംഗിതങ്ങൾ, മറ്റ് ഇഷ്ടങ്ങൾ എല്ലാം ഒരു കണക്കിന് കുട്ടികളെ സ്വാധീനിച്ചെന്ന് വരാം. അത് അവരുടെ ചര്യകളെയും ജീവിതമൂല്യങ്ങളെയും മാറ്റിമറിക്കുന്ന ഘടകമായി മാറുന്നു. ജന്മസിദ്ധമായ കഴിവ് ജനിക്കുന്നത് ഒരർത്ഥത്തിൽ പിറവിയിൽ നിന്നും ഉടലെടുക്കുമ്പോൾ , മാതാവിന്റെയോ പിതാവിന്റെയോ അല്ലെങ്കിൽ, തലമുറകളിൽ നിന്നും ലഭിച്ചതോ ആയ ജീനുകളിൽ നിന്നുമാണ്. എന്നിരുന്നാലും ആ ഒരു കഴിവ് എന്ന് അവകാശപ്പെടുമ്പോൾ ,പിന്നീട് കുട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങളിൽ നിന്നും ഒരു കണക്കിന് അനുകരണത്തിലൂടെ ലഭിക്കുന്ന സിദ്ധിയാണ്. ഒന്നുകൂടി വ്യക്തമാക്കിയാൽ ഓരോ വ്യക്തിയിലും ജന്മസിദ്ധമായ കഴിവുകൾ പ്രകടമാകുന്നതിൽ അനുകരണത്തിന് പ്രധാന പങ്കാണ് വഹിക്കാനുള്ളത്. ആ കഴിവാണ് അല്ലെങ്കിൽ ആ അനുകരണത്തിന്റെ തോതാണ് ഒരു വ്യക്തിയെ എന്തെങ്കിലും ആക്കി തീർക്കുന്നത്.
ഏതു കാര്യം എടുത്തു നോക്കിയാലും അതിന് കലയുടെ ഒരംശം ഉണ്ടായിരിക്കും. സൂക്ഷ്മമായി ഒന്ന് ഇരുത്തി ചിന്തിച്ചാൽ മനസ്സിലാവുന്നതാണ് ഇക്കാര്യം. പ്രത്യേകിച്ചും ഒരു വിഷയത്തോട് ഒരു വ്യക്തിക്ക് സാധാരണഗതിയിൽ ആഭിമുഖ്യം ഉണ്ടാവുന്നത് നേരത്തെ സൂചിപ്പിച്ചപോലെ സാഹചര്യത്തിന്റെ അടിസ്ഥാനത്തിലാണ്. ഇത്രയും പറഞ്ഞത് ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കൃഷ്ണപ്രിയ എന്ന കുട്ടിക്ക് പാഴ് വസ്തുക്കൾ കൊണ്ട് കലാരൂപം ഉണ്ടാക്കുന്നതിനുള്ള തൃഷ്ണ കണ്ടപ്പോഴാണ്. കൃഷ്ണപ്രിയയ്ക്ക് ഇത് ജന്മസിദ്ധമല്ലെങ്കിലും സിദ്ധിച്ച സാഹചര്യവും പ്രചോദനവും കൂടിയായപ്പോൾ ഉള്ളിലെ കലാകാരിയെ തൊട്ടുണർത്താനായി. യൂട്യൂബിൽ മറ്റൊരു കോളേജ് വിദ്യാർഥിനിയുടെ കുപ്പികളിലും മറ്റും ഉണ്ടാക്കുന്ന കലാരൂപങ്ങൾ കണ്ടാണ് കൃഷ്ണപ്രിയയെ ആ വഴിക്ക് ചിന്തിപ്പിച്ചത്. അത് ആവേശവും , പ്രചോദനവും, ആത്മാവിഷ്കാരത്തിന്റെ ഭാഗവുമായി . ആകർഷകമായ കുപ്പികളിൽ, ഏറിയതും വിദേശ മദ്യ കുപ്പികളിൽ കലാവിരുത് തീർക്കുന്നത് ആശ്ചര്യം നൽകുന്നതാണ്. കുപ്പികൾ പെയിൻറ് ചെയ്തത് പാഴ് വസ്തുക്കൾ കൊണ്ട് പുറമേ കലാരൂപങ്ങൾ തീർക്കും . സ്ട്രോക്ക്(stroke) പെയിന്റിംഗ് ഉപയോഗിക്കും. അതായത് ഒരു ബ്രഷിൽ ഒരു സമയം ഒന്നിൽ കൂടുതൽ പെയിൻറ് ഉപയോഗിച്ച് ചെയ്യുന്നത് എന്നർത്ഥം. കുപ്പികൾ ഭാവനയ്ക്കൊത്ത് പെയിന്റിംഗ് നടത്തിയ ശേഷം അതിൽ ക്രാഫ്റ്റ് വർക്കുകൾ ചെയ്യും. ഇങ്ങനെ ചെയ്യുമ്പോൾ ചണം, ഗ്ലൂഗൺ , ഗം തുടങ്ങിയവ ഉപയോഗിക്കും. കൂടുതലായും ചിത്രങ്ങൾ രചിക്കാൻ അക്രാലിക് കളറുകളാണ് ഉപയോഗിക്കുന്നത്. ഇങ്ങനെ ഇരുപതോളം കലാരൂപങ്ങളൾ കൃഷ്ണപ്രിയ കുപ്പികളിൽ വർണ്ണം വിതറി രചിച്ചിട്ടുണ്ട്. കലാരൂപങ്ങൾ എന്നുപറയുമ്പോൾ , ഭാവനയിൽ തൊട്ടുണർത്തിയ ചിത്രങ്ങൾ, രൂപങ്ങൾ തുടങ്ങിയവയാണ്. കൂടാതെ, ഗ്ലാസ് പെയിൻറിംഗ് , സാധാ പെയിൻറിംഗ് എന്നിവയുമുണ്ട്. അബ്സ്ട്രാക്ട് ആർട്ടായിട്ട് ഒരു കലാരൂപവുമുണ്ട്. ഇതിനൊക്കെ കൃഷ്ണപ്രിയക്ക് വേണ്ട ആവേശവും ഊർജവും നല്കുന്നത് ഡിഗ്രി രണ്ടാം വർഷം പഠിക്കുന്ന ഏക സഹോദരൻ കൃഷ്ണരാജ് ആണ് . പിന്നെ പ്രോത്സാഹനം നൽകുന്നത് അമ്മ തങ്കച്ചിയും അച്ഛൻ ഷൈജുവുമാണ്. കൃഷ്ണപ്രിയ കൊല്ലം വിമലഹൃദയം വിദ്യാർഥിനിയാണ്. കൃഷ്ണ പ്രിയയ്ക്ക് ഭാവിയിൽ ഒരു അറിയപ്പെടുന്ന ഫാഷൻ ഡിസൈനറായി തീരണമെന്നാണ് ആഗ്രഹം. കൃഷ്ണപ്രിയയുടെ കലാ സമാഹാരത്തിൽ ഒരു കുപ്പിയിൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട് : “What we think,we become”

ഈ വാക്കുകൾ അർത്ഥവത്താകാൻ കൃഷ്ണപ്രിയയ്ക്കും ഇത് ഉൾക്കൊള്ളുന്ന
അല്ലെങ്കിൽ എല്ലാ അനുവാചകർക്കും ഇതൊരു ചിന്താവിഷയമാകട്ടെയെന്ന് സമന്വയം ആശംസിക്കുന്നു !














                                    






