കൊല്ലത്തിന്റെ സാംസ്കാരിക പൈതൃകമായ കൊല്ലം പബ്ളിക് ലൈബ്രറി ആന്റ് റിസർച്ച് സെൻറർ തീർത്തും അവഗണനയിലായി.
ലക്ഷങ്ങൾ വിലമതിക്കുന്ന പുസ്തകങ്ങൾ പൊടി പടലമേറ്റ് സംരക്ഷിക്കാനാവാതെ നാശം നേരിടുകയാണ്. നല്ലൊരു ശതമാനം പുസ്തകങ്ങളുടെയും പുറംചട്ടകളും ഇല്ലാത്ത അവസ്ഥയിലാണ്.
പബ്ളിക് ലൈബ്രറിക്ക് ജന്മം നല്കാൻ മുൻ കൈ എടുത്ത ഓണററി സെക്രട്ടറിയായി തുടരുന്ന കെ രവീന്ദ്രനാഥൻ നായർ അസുഖ ബാധിതനായതോടെ ലൈബ്രറിയുടെ ശനി ദശ തുടങ്ങുകയായിരുന്നു. അക്ഷരാർത്ഥത്തിൽ കൊല്ലം പബ്ളിക് ലൈബ്രറി ആൻറ് റിസർച്ച് സെന്റർ ദയനീയതയുടെ മുഖമാണ് ഇപ്പോൾ വെളിവാക്കുന്നത്. അത് വാക്കുകൾക്കും അധീതമാണ്. ശരിക്കും പറഞ്ഞാൽ ലൈബ്രറി നേരാംവണ്ണം വൃത്തിയാക്കീട്ട് തന്നെ എത്ര നാൾ ആയെന്ന് അറിയില്ല.
ഭാരവാഹികളുടെ തെരഞ്ഞെടുപ്പ് തന്നെ നടന്നിട്ട് പതിറ്റാണ്ടുകൾ പിന്നിടുന്നു. തുടക്കത്തിൽ ഉണ്ടായിരുന്നവരിൽ ഏറിയ പേരും ഇപ്പോഴും അങ്ങനെ തുടരുകയാണ്. മരണപ്പെട്ടവരുടെ സ്ഥാനത്ത് പുതുതായി ആരെയും എടുത്തതായും കാണുന്നില്ല. അതിന് സമയാ സമയങ്ങളിൽ തെരഞ്ഞെടുപ്പ് ഉണ്ടാകണം. അതില്ലാത്തതിനാൽ പ്രായാധിക്യമുള്ളവരാണ് ഇപ്പോഴും സ്ഥാനം വിട്ടൊഴിയാതെ നില്ക്കുന്നത്.
ഇനി ചരിത്രത്തിലേക്ക് കടക്കാം :
കൊല്ലം പബ്ളിക് ലൈബ്രറി ആൻറ് റിസർച്ച് സെൻറർ സ്ഥാപിതമായത് അല്ലെങ്കിൽ, ഉത്ഘാടനം ചെയ്യപ്പെട്ടത് 1979 ജനുവരി രണ്ടാം തീയതിയാണ്. ഉത്ഘടകൻ അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൊറാർജി ദേശായിയായിരുന്നു.
ഇങ്ങനെ ഒരു ലൈബ്രറി സ്ഥാപിതമാകുന്നതിൽ ചില പ്രമുഖ വ്യക്തികൾ വഹിച്ച പങ്ക് നിസ്തുലമാണ്.
കൊല്ലത്തിന്റെ മന്ത്രിയായിരുന്ന ടി.കെ ദിവാകരനും ബേബി ജോണും വഹിച്ച പങ്ക് ഒരു കാലത്തും മറക്കാനാവില്ല. മുഖ്യമന്ത്രിയായിരുന്ന സി അച്യുതമേനോന്റെ ഉറച്ച നിലപാടും താത്പര്യവും ലൈബ്രറിക്ക് ജന്മം നല്കുന്നതിൽ അതി ശക്തമായിരുന്നു. അത്രയും സാഹസം സഹിച്ച് കൊല്ലത്തിന്റെ ഹൃദയ ഭാഗത്ത് രണ്ടര ഏക്കറിൽ പരം സ്ഥലത്ത് സർക്കാർ പതിച്ച് നല്കിയ ഭൂമിയിൽ സാംസ്ക്കാരിക പൈതൃകം സാക്ഷാത്ക്കരിക്കുന്നതിന് അവസരമൊരുങ്ങുകയായിരുന്നു. ഈ അവസരത്തിൽ അന്നത്തെ കൊല്ലം കളക്ടറായിരുന്ന എം ജോസഫ് ഐ എ എസ് , മനോരമ കൊല്ലം ലേഖകനായിരുന്ന എം എസ് ശ്രീധരൻ , ഗവൺമെന്റ് സെക്രട്ടറിയായിരുന്ന മലയാറ്റൂർ രാമകൃഷ്ണൻ എന്നിവരെക്കൂടി സ്മരിക്കേണ്ടതുണ്ട്. അവർ വഹിച്ച പങ്കും വിസ്മരിക്കാനാവില്ല.
തിരു-കൊച്ചി ചാരിറ്റബിൾ സൊസൈറ്റീസ് ആക്ട് പ്രകാരം ” ദി ക്വയിലോൺ പബ്ളിക് ലൈബ്രറി ആൻറ് റിസേർച്ച് സെന്റർ ” എന്ന പേരിൽ 1973 ജൂലൈ പതിനാറാം തീയതി ഒരു കമ്പനിയായാണ് ലൈബ്രറിക്ക് ബീജാവാപം നല്കിയത്. കെട്ടിട നിർമ്മാണത്തിനായി ഫണ്ട് സ്വരൂപിച്ചത് പേട്രൻ മെമ്പർമാർ , ആയുഷ്ക്കാല മെമ്പർമാർ കൂടാതെ, ജനറൽ പിക്ച്ചേഴ്സിൽ നിന്നും പത്ത് ലക്ഷം രൂപ സംഭാവനയായി നല്കിയ തുകയും കൊണ്ടായിരുന്നു.
പേട്രൻ മെമ്പേഴ്സാണ് രക്ഷാധികാരികൾ. ഇവർ 60 പേരാണ്. ഇവരിൽ ഒരാളുടെ വിഹിതം 5000 രൂപയായിരുന്നു. ആയുഷ്ക്കാല അംഗങ്ങൾ 247 പേരും. ഇവരുടെ വിഹിതം 1000 രൂപ വീതവും. കൂടാതെ , 316 സാധാരണ അംഗങ്ങളും 23, 286 വരിക്കാരുമുണ്ട്. വരിക്കാരുടെ കണക്കിൽ ഇപ്പോൾ മാറ്റം വന്നിട്ടുണ്ട്.
1995 ലെ കണക്കും പ്രകാരം 3,63, 360 പുസ്തകങ്ങളും 48,032 റഫറൻസ് ഗ്രന്ഥങ്ങളുമാണ് ലൈബ്രറിയിൽ ഉണ്ടായിരുന്നത്.
ആ കാലഘട്ടത്തിൽ പ്രതിദിനം ആയിരത്തി അഞ്ഞൂറോളം ആളുകൾ വായിക്കാനും പുസ്തകമെടുക്കാനും ലൈബ്രറിയിൽ എത്തിയിരുന്നു.
പബ്ളിക് സർവീസ് കമ്മീഷനും ബാങ്കുകളും മറ്റും ഉദ്ദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കാൻ നടത്തുന്ന പരീക്ഷകളിൽ പങ്കെടുക്കുന്നവർക്ക് പ്രത്യേകിച്ചും പട്ടികജാതി-പട്ടിക വർഗ്ഗത്തിൽപ്പെട്ടവർക്ക് പരിശീലനം നല്കുന്ന ക്ലാസ്സുകൾ ലൈബ്രറിയുടെ ട്രെയിനിംഗ് സെന്ററിൽ നടന്നിരുന്നു. ഇപ്പോൾ അത് പൂർണ്ണമായും നിന്നിരിക്കുകയാണ്.
എന്തിന് ഏറെ പറയുന്നു; പബ്ളിക് ലൈബ്രറി ആന്റ് റിസർച്ച് സെന്റർ എന്ന പേരിൽ ” റിസർച്ച് സെന്റർ ” എന്ന പദവിയും ഇപ്പോൾ നഷ്ടപ്പെട്ടിരിക്കുകയാണ്.
ആകെക്കൂടി വിലയിരുത്തുമ്പോൾ , പഴകിയതും ” ഉളുമ്പ് ” എടുത്തതുമായ കുറെ പുസ്തകങ്ങൾ നാഥനില്ലാത്ത അവസ്ഥയിൽ ലൈബ്രറിയുടെ “റാക്കു “കളിൽ വിശ്രമിക്കുകയാണ്. റിസർച്ച് വിഭാഗത്തിലെ പുസ്തകങ്ങളുടെ കാര്യവും ഏറ്റവും ദയനീയമാണ്.
യഥാർത്ഥത്തിൽ കൊല്ലം പബ്ളിക് ലൈബ്രറിക്ക് എന്താണ് സംഭവിച്ചത്?
ഓണററി സെക്രട്ടറി കെ രവീന്ദ്രനാഥൻ നായർ അസുഖ ബാധിതനായതോടെ ഭരണ സാരഥ്യത്തിലുള്ള ചില ഉപജാപക സംഘങ്ങൾ ലൈബ്രറിയെ ഒരു കണക്കിന് തകർക്കുകയായിരുന്നു.
ഒരു ഭാഗത്ത് പണം തിരിമറി വരെ നടന്നു. അതേപ്പറ്റി ഒരന്വേഷണവും ഉണ്ടായില്ല.
ഇപ്പോൾ മാനേജ്മെന്റും തൊഴിലാളികളും രണ്ട് തട്ടിലാണെന്നാണ് അറിയുന്നത്. ജീവനക്കാർക്ക് പോലും വേതനം കൊടുക്കാനാവാത്ത അവസ്ഥയിലോട്ട് ലൈബ്രറി മാറിക്കഴിഞ്ഞു.
ഇതിനൊക്കെ മാറ്റമുണ്ടാവണമെങ്കിൽ അടിയന്തരമായി തെരഞ്ഞെടുപ്പ് ഉണ്ടാവണം. ഭരണ സാരഥ്യത്തിൽ മാറ്റം വരണം. കഴിവും പ്രാഗല്ഭ്യയും ഉള്ളവർ രംഗത്തെത്തണം. അത് എന്ത് കൊണ്ട് കഴിയുന്നില്ല ?
അറിഞ്ഞടത്തോളം അത് ഇനിയും ഇങ്ങനെ തന്നെ തുടരുമെന്നാണ്.
ജില്ലാ കളക്ടറാണ് ലൈബ്രറിയുടെ ചെയർമാൻ എന്ന് എഴുതപ്പെട്ടിട്ടുണ്ട്. അദ്ദേഹം യഥാർത്ഥത്തിൽ ” റബ്ബർ സ്റ്റാമ്പാണ് ” .
” കട്ടിൽ ഒഴിയാത്ത “കഥ പോലെ ഒരു സാംസ്ക്കാരിക സമുച്ചയം കാലഹരണപ്പെട്ടവരോടൊപ്പം ദീർഘ ശ്വാസം വലിക്കുകയാണ്!
