ഉത്സവപ്പറമ്പിൽ ഉണ്ടായ സംഘർഷം നിയന്ത്രിക്കാൻ ശ്രമിച്ച സബ് ഇൻസ്‌പെക്ടറെ ആക്രമിച്ച് ഓടയിൽ തള്ളിയിട്ട സംഭവത്തിൽ ഒരു പൊലീസ് ഉദ്യോഗസ്ഥൻ ഉൾപ്പെടെ മൂന്ന് പേരെ അറസ്റ്റ് ചെയ്തു. ഉത്സവത്തിനിടെ രണ്ട് വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കം കൈയ്യാങ്കളിയിലേക്ക് നീങ്ങുന്ന ഘട്ടത്തിലാണ് എസ്‌ഐ ഇടപെട്ടത്. ഇതോടെയാണ് പ്രതികൾ ഉദ്യോഗസ്ഥനെ തള്ളിയിട്ടതെന്നാണ് പൊലീസ് പറയുന്നത്.
സംഭവത്തിൽ പരിക്കേറ്റ എസ്‌ഐയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അപകടനിലയിലല്ലെന്ന് അധികൃതർ അറിയിച്ചു. പ്രതികൾക്കെതിരെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തിയതടക്കമുള്ള വകുപ്പുകൾ ചുമത്തി കേരള പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഉത്സവങ്ങളുമായി ബന്ധപ്പെട്ട് സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ കർശനമാക്കുമെന്ന് പൊലീസ് അറിയിച്ചു.





















