മന്ത്രി സജി ചെറിയാനെതിരെ ശക്തമായ മുദ്രാവാക്യങ്ങളുമായി ചെങ്ങന്നൂരിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധം നടത്തി. സജി ചെറിയാനെ ചങ്ങലയ്ക്കിടണമെന്നും മന്ത്രി സ്ഥാനം രാജിവെച്ച് പുറത്തുപോകണമെന്നും ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. വിവാദ പരാമർശങ്ങളിലൂടെ പൊതുസമൂഹത്തെ അപമാനിച്ചുവെന്നാരോപിച്ചാണ് യൂത്ത് കോൺഗ്രസ് രംഗത്തെത്തിയത്.
പ്രതിഷേധത്തിന്റെ ഭാഗമായി റോഡ് ഉപരോധവും നടത്തി. പ്രവർത്തകരെ പൊലീസ് നീക്കം ചെയ്യാൻ ശ്രമിച്ചതോടെ സ്ഥലത്ത് നേരിയ സംഘർഷാവസ്ഥയും ഉണ്ടായി. ഭരണഘടനയെയും ജനാധിപത്യ മൂല്യങ്ങളെയും ചോദ്യം ചെയ്യുന്ന നിലപാടുകളാണ് മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടാകുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ചില പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.





















