മൈഗ്രെയ്ന്‍ ശമിക്കുമെന്ന അന്ധവിശ്വാസത്തില്‍ പച്ചമീനിന്റെ പിത്താശയം വിഴുങ്ങിയ അന്‍പതുകാരി ഗുരുതരാവസ്ഥയില്‍ ദിവസങ്ങളോളം ഐസിയുവില്‍ ചികിത്സയില്‍ കഴിഞ്ഞതായി റിപ്പോര്‍ട്ട്. പിത്താശയം കഴിച്ചതിന് പിന്നാലെ ശക്തമായ വയറുവേദന, ഛര്‍ദ്ദി, ദേഹാസ്വാസ്ഥ്യം എന്നിവ അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് സ്ത്രീയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ കരളിനും വൃക്കകള്‍ക്കും തീവ്രമായ വിഷബാധ ഉണ്ടായതായി ഡോക്ടര്‍മാര്‍ കണ്ടെത്തി. ഉടന്‍ നല്‍കിയ തീവ്രപരിചരണത്തിലൂടെയാണ് നില മെച്ചപ്പെട്ടത്.
ഇത്തരം പരമ്പരാഗത വിശ്വാസങ്ങള്‍ ജീവന്‍ അപകടം വരുത്തുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കി. മീനിന്റെ പിത്താശയത്തില്‍ അടങ്ങിയിരിക്കുന്ന വിഷാംശങ്ങള്‍ ശരീരത്തില്‍ ഗുരുതര ദോഷങ്ങള്‍ സൃഷ്ടിക്കുമെന്നും, തലവേദനയോ മൈഗ്രെയ്നോ ഉള്ളവര്‍ ശാസ്ത്രീയ ചികിത്സ തേടണമെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.





















