28.8 C
Kollam
Thursday, February 6, 2025
HomeMost Viewedപ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം; പ്രക്ഷോഭം അക്രമാസക്തമായി

പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം; പ്രക്ഷോഭം അക്രമാസക്തമായി

- Advertisement -
- Advertisement -

ബിജെപി എംഎൽഎ രാജാ സിംഗിന്റെ പ്രവാചക വിരുദ്ധ പരാമർശത്തിൽ ഹൈദരാബാദിൽ വ്യാപക പ്രതിഷേധം. മുസ്ലിം സംഘടനകൾ ചാര്‍മിനാറിന് മുന്നിൽ നടത്തിയ പ്രക്ഷോഭം അക്രമാസക്തമായി. പൊലീസ് ജീപ്പ് തല്ലി തകര്‍ത്തു. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തി വീശി. പ്രതിഷേധത്തിനിടെ കുട്ടികളെ കൊണ്ട് വിദ്വേഷ മുദ്രാവാക്യം വിളിപ്പിക്കുന്ന വീഡിയോ പുറത്ത് വന്നു.

യൂട്യൂബ് ചാനലിലൂടെ പ്രവാചകനെതിരെ വിവാദ പരാമര്‍ശം നടത്തി അറസ്റ്റിലായ ബിജെപി എംഎല്‍എ. ടി. രാജാ സിംഗിന് ഇന്നലെ രാത്രിയാണ് കോടതി ജാമ്യം അനുവദിച്ചത്. പുറത്തിറങ്ങിയ രാജാ സിംഗിന് വന്‍ സ്വീകരണമാണ് അനുയായികള്‍ നല്‍കിയത്. പിന്നാലെ ചാര്‍മിനാറിന് മുന്നിലേക്ക് മുസ്ലിം സംഘടനകള്‍ പ്രതിഷേധവുമായി ഇരച്ചെത്തി. പൊലീസ് നേരെ കല്ലേറുണ്ടായി. പൊലീസ് ജീപ്പുകള്‍ അക്രമിച്ചു. പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് ലാത്തി വീശി. ചാര്‍മിനാറിലേക്കുള്ള വീഥിയില്‍ മുസ്ലീം സംഘടനകള്‍ കറുത്ത കൊടി കുത്തി. രാജാ സിംഗിനെ വീണ്ടും അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

തിങ്കളാഴ്ച തെലങ്കാന ശ്രീറാം ചാനൽ വഴി പുറത്തുവിട്ട ‘ഫാറൂഖി കേ ആക കാ ഇതിഹാസ് സുനിയേ’ എന്ന തലക്കെട്ടിൽ 10.27 മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിലെ പരാമർശത്തെ ചൊല്ലിയാണ് വിവാദം. ബിജെപി മുൻ വക്താവ് നൂപുർ ശർമ നടത്തിയ പരാമർശം പേരുകൾ പറയാതെ രാജാ സിംഗും ആവർത്തിച്ചു. വീഡിയോ പുറത്തു വന്നതോടെ അർദ്ധരാത്രി മുതൽ പ്രതിഷേധം ആളിക്കത്തി.

നഗരത്തിലുടനീളം നൂറുകണക്കിനാളുകൾ തടിച്ചു കൂടി. ഹൈദരാബാദിലെ ഓൾഡ് സിറ്റിയിലെ പൊലീസ് സ്റ്റേഷനുകൾക്ക് പുറത്ത് നിരവധി ആളുകൾ തടിച്ചുകൂടി പ്രതിഷേധിച്ചു. ബഷീർബാഗിലെ സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിന് പുറത്ത് റോഡും പ്രതിഷേധക്കാർ ഉപരോധിച്ചു. ഡെപ്യൂട്ടി പൊലീസ് കമ്മീഷണറുടെ ഓഫീസിലേക്ക് പ്രതിഷേധക്കാർ ഇരച്ചുകയറി. ബിജെപി എം‌എൽ‌എക്കെതിരെ പ്രതിഷേധം തുടരുന്നതിനിടെ ചൊവ്വാഴ്ച ദബീർപുര പൊലീസ് സ്റ്റേഷനിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നു.വിവാദ പരാമർശത്തിന് പിന്നാലെ, രാജാ സിംഗ് എംഎല്‍എയെ ബിജെപി കേന്ദ്ര നേതൃത്വം സസ്പെന്‍ഡ് ചെയ്തു.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments