വിശ്വ പ്രശസ്ത സാഹിത്യകാരനായ ഫിയോദർ ദസ്തയേവിസ്കിയുടെ ജീവിതത്തിലെ വ്യത്യസ്തമാർന്ന ജീവിത രീതിയും ചിന്താധിഷ്ടിതമായ ശൈലിയുമാണ് ഒരു സങ്കീർത്തനത്തിലെ പ്രമേയം എന്ന് ചുരുക്കി പറയാം. കാരണം, ഈ നോവലിനെപ്പറ്റി ഒരു പാട് നിരൂപണങ്ങളും ആവിഷ്ക്കാരങ്ങളും ഡോക്യുഫിക്ഷനും ഇതിനകം വന്നു കഴിഞ്ഞു.
ഈ അവസരത്തിൽ നോവലിന്റെ സാരാംശത്തെ അനാവൃതമാക്കാൻ ആഗ്രഹിക്കുന്നില്ല. കുറെയേറെ കഥാപാത്രങ്ങൾ കഥാഗതിക്ക് പാത്രീഭവിക്കുന്നു. എന്നാൽ ഒട്ട് അധികമില്ലതാനും.
പ്രധാനമായും ദസ്തയേവിസ്കിയും നായികയായ അന്നയും വീട്ടുജോലിക്കാരിയായ ഫെദോസ്യയും പുസ്തക പ്രസാദകൻ സ്റ്റെല്ലാവിസ്കി, ദസ്തയേവിസ്കിയുടെ ചൂതാട്ടത്തിന് പണം കടം കൊടുക്കുന്ന കിഴവൻ യാക്കേവ്, വാടക വീട്ടുടമ അലോകിൻ, ഇടക്കിടയ്ക്ക് ഇഴ ചേർന്ന് പോകുന്ന അന്നയുടെ അമ്മയും പിന്നെ, അന്നയെ സ്നേഹിക്കുന്ന ചെറുപ്പക്കാരനും മറ്റുമാണ്. കൂടാതെ, അന്നയെ ദസ്തയേവിസ്കിയുടെ അടുക്കൽ എത്തിക്കുന്ന ഓൾഖിൻ എന്ന കഥാപാത്രവുമാണ്.
ഒരു സങ്കീർത്തനം പോലെ ആത്യന്തികമായി ഒരു പ്രേമ കഥയെന്ന് വായനക്കാരിൽ ഏറെയും കരുതുന്നുണ്ടെങ്കിലും ഗ്രന്ഥകർത്താവായ പെരുമ്പടവം ശ്രീധരന് അതിലുപരി മറ്റ് കാഴ്ചപ്പാടാണ്. ഇത് ഒരു കണക്കിന് ശരിയുമാണ്.
അന്നയെക്കാൾ ഇരട്ടി പ്രായമുള്ള ദസ്തയേവിസ്കിയുടെ കാല, ഭേദ, സാഹചര്യങ്ങൾ പലപ്പോഴും വ്യത്യസ്തമാകുമ്പോൾ, അന്ന എല്ലാം സഹിച്ചും ഒതുക്കിയും അനശ്വരമായ ഒരു കഥാപാത്രമായി തീരുകയാണ്.
ഇതിലെ പ്രേമ ദർശനങ്ങൾ ഒരു വൈകാരികതയ്ക്കപ്പുറം ഒരാളെ മനസ്സിലാക്കിയുള്ള ഒരു കീഴടങ്ങലായിരുന്നോ എന്ന് സംശയിക്കേണ്ട പല അവസരങ്ങളും നോവലിൽ ഉടനീളം കാണാം.
അന്നയ്ക്ക് ദസ്തയോവിസ്കി യിൽ ആദ്യ അനുരാഗം തളിർക്കുന്നത് ഒരു പ്രത്യേക സാഹചര്യത്തിലാണ്. അപ്പോൾ, ദസ്തയോവിസ്കി അന്നയുടെ കൈകളിൽ അറിയാതെ വിലയം ചെയ്യുന്നു. അതൊരു സ്പാർക്കായി അന്നയിൽ അനുഭവപ്പെടുന്നു.
കഥാഗതികൾ അവസാന ഘട്ടത്തിൽ എത്തുമ്പോൾ, നോവൽ സമർപ്പിക്കാൻ കരാറിന്റെ അവസാന ദിവസം കരാറുകാരന്റെ വീട്ടിൽ എത്തുമ്പോൾ, അയാൾ മന:പൂർവ്വം അപ്രത്യക്ഷമാകുന്നത് നോവലിന്റെ ഏറ്റവും വലിയ ട്വിസ്റ്റായി മാറുന്നു. ആ ട്വിസ്റ്റാണ് അന്നയെ ദസ്തയേവ്സ്കിയുടെ ഭാര്യയെന്ന് അവകാശപ്പെടാൻ യാന്ത്രികമാക്കുന്നതും പ്രേരിപ്പിക്കുന്നതും അല്ലെങ്കിൽ, അവസരോചിതമാക്കുന്നതെന്നും പറയാം.
ഏതായാലും, ഒരു സങ്കീർത്തനം പോലെ എന്ന നോവലിലെ കഥാനായകൻ ദസ്തയേവ്സ്കി; അന്നയുടെ പിതാവ് ഒരിക്കൽ പറഞ്ഞതു പോലെ ” ഹൃദയത്തിന്റെ മേൽ ദൈവത്തിന്റെ കയ്യൊപ്പുള്ള” വ്യക്തിത്വമാണെന്നുള്ളതിൽ ഒരു സംശയവുമില്ല; മറ്റെന്തൊക്കെ തന്നെ ഉണ്ടായാലും.
യഥാർത്ഥത്തിൽ പെരുമ്പടവം ശ്രീധരന്റെ ഒരു സങ്കീർത്തനം പോലെ എന്ന നോവൽ മലയാള സാഹിത്യ രംഗത്ത് എന്നും ഒരു വിസ്മയമാണ്.
1992 ൽ ദീപിക വാർഷിക പതിപ്പിൽ നോവൽ ആദ്യമായി അച്ചടിച്ചു. 1993 ൽ പുസ്തക രൂപത്തിലിറങ്ങി. പിന്നെ, പതിപ്പുകളുടെ ജൈത്രയാത്ര. ഇപ്പോൾ 118 പതിപ്പായിരിക്കുന്നു. അപ്പോൾ വിറ്റഴിഞ്ഞ കോപ്പികളുടെ ലക്ഷങ്ങൾ പറയേണ്ടതില്ലല്ലോ!
കൊല്ലം ആസ്ഥാനമായുള്ള സങ്കീർത്തനം പബ്ളിക്കേഷൻസ് ആണ് പ്രസാധകർ. അതിന്റെ ഉടമസ്ഥൻ ആശ്രാമം ഭാസിയാണ്. ഭാസി തീർത്തും അഭിമാനത്തിന് അർഹനാകുന്നു.
ഒരു സങ്കീർത്തനം പോലെ എന്ന നോവലിന്റെ രചന മലയാള സാഹിത്യത്തിന് തീർത്തും വേറിട്ട ശൈലിയാണ്.
അനർഗളവും, പദങ്ങളുടെ, വാക്കുകളുടെ, വാക്യങ്ങളിലെ, ആവിഷ്ക്കാരം എന്നു വേണ്ട; എല്ലാം തന്നെ പെരുമ്പടവത്തിനെയും ദൈവത്തിന്റെ കയ്യൊപ്പ് ചാർത്തിക്കൊണ്ടാണ് അനശ്വരമാക്കുന്നത്.
നോവൽ നല്കുന്ന വായനാ സുഖം വിവരണാധീതമാണ്. വർണ്ണനാധീതമാണ്. വൈശിഷ്ട്യമാണ്. നിസ്തുലമാണ്. ഇങ്ങനെ എത്രയോ പദങ്ങൾ വേണമെങ്കിലും നിരത്താം. അത്രയ്ക്കും അതി ഗാംഭീരത്തം തുളുമ്പുന്നതാണ് ഒരു സങ്കീർത്തനം പോലെ എന്ന നോവൽ.
ഒന്നുകൂടി വ്യക്തമാക്കിയാൽ; മലയാള സാഹിത്യത്തിൽ മറ്റൊരു ബൈബിളാണ് ഈ നോവൽ എന്ന് നിസ്സംശയം പറയാം!