28.2 C
Kollam
Thursday, November 21, 2024
HomeLocalകൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് വ്യാപനം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

കൊല്ലം ജില്ലാ വാർത്തകൾ; കോവിഡ് വ്യാപനം നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം

- Advertisement -
- Advertisement -

കോവിഡ് വ്യാപനം
നിയന്ത്രണങ്ങള്‍ കര്‍ശനമായി പാലിക്കണം; ലംഘിച്ചാല്‍ നടപടി – ജില്ലാ കലക്ടര്‍
ജില്ലയില്‍ കോവിഡ് വൈറസിന്റെ വ്യാപനതോത് തടയുന്നതിന് കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നുവെന്ന് ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയര്‍പേഴസന്‍ കൂടിയായ ജില്ലാ കലക്ടര്‍ അഫ്‌സാന പര്‍വീണ്‍. കോവിഡുമായി ബന്ധപ്പെട്ട വിവരങ്ങള്‍ പോലീസ്, തദ്ദേശസ്വയംഭരണം, റവന്യൂ തുടങ്ങി കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന വകുപ്പുകള്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ലഭ്യമാക്കണം. എല്ലാ ചടങ്ങുകളും പൊതു പരിപാടികളും കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യണം. പൊലിസ് മേധാവികളും, തദ്ദേശ സ്വയംഭരണ സ്ഥാപന സെക്രട്ടറിമാരും ഇത് ഉറപ്പാക്കണം.
കോവിഡ് ക്ലസ്റ്ററുകളില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ ജില്ലാ മെഡിക്കല്‍ ഓഫീസറെ നിയോഗിച്ചു. സര്‍ക്കാര്‍ ഓഫീസുകളില്‍ ജോലി ചെയ്യുന്ന ഗര്‍ഭിണികള്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനം അതത് വകുപ്പ് മേധാവികള്‍ അനുവദിക്കണം. ഒമ്പതാം തരം വരെയുളള ക്ലാസ്സുകള്‍ ജനുവരി 21 മുതല്‍ രണ്ടാഴ്ചത്തേയ്ക്ക് ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ മാത്രം നടത്തേണ്ടതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ക്ലസ്റ്ററുകള്‍ രൂപപ്പെട്ടാല്‍ പ്രിന്‍സിപ്പല്‍/ഹെഡ് മാസ്റ്റര്‍ ഉടന്‍ തന്നെ 15 ദിവസത്തേക്ക് അടച്ചിടണം.
എല്ലാ സര്‍ക്കാര്‍, അര്‍ദ്ധസര്‍ക്കാര്‍, സഹകരണ, പൊതുമേഖലാ, സ്വയംഭരണ സ്ഥാപനങ്ങളിലും യോഗങ്ങളും പരിപാടികളും ചടങ്ങുകളും ഓണ്‍ലൈനായി മാത്രം നടത്തേണ്ടതാണ്. മൂന്ന് ദിവസത്തെ ശരാശരി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 20 ല്‍ കൂടുതലുളളതിനാല്‍ എല്ല സാമൂഹ്യ, രാഷ്ട്രീയ, മത-സാമുദായിക പൊതുപരിപാടികള്‍, ഉത്സവങ്ങള്‍, വിവാഹം, മരണാനന്തര ചടങ്ങുകള്‍ എന്നിവയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം 50 പേരായി പരിമിതപ്പെടുത്തി.
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 30 ല്‍ കൂടുതലായാല്‍ പൊതുപരിപാടികള്‍ അനുവദിക്കില്ല. ബാറുകള്‍, ക്ലബ്ബുകള്‍, ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍ ഭക്ഷണശാലകള്‍, തീയേറ്ററുകള്‍ എന്നിവിടങ്ങളിലെ ഇരിപ്പിട ക്രമീകരണം 50 ശതമാനമായി പരിമിതപ്പെടുത്തി ആവശ്യമായ വായുസഞ്ചാരം ഉറപ്പാക്കണം. എല്ലാ കടകളും ഓണ്‍ലൈന്‍ ബുക്കിംഗും വില്‍പ്പനയും പ്രോത്സാഹിപ്പിക്കണം.
മാളുകളില്‍ ജനത്തിരക്ക് അനുവദിക്കില്ല. 25 ചതുരക്ര അടിയില്‍ ഒരാളെന്ന നിലയിലാണ് ഇവിടെ ക്രമീകരിക്കേണ്ടത്. നിയന്ത്രണം മറികടക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.

കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി
ഒമിക്രോണ്‍ വ്യാപന പശ്ചാത്തലത്തില്‍ കോവിഡ് പരിശോധനാ മാനദണ്ഡം പുതുക്കി ആരോഗ്യ വകുപ്പ്. രോഗികള്‍ക്ക് ഏകാന്തവാസം, 60ന് മുകളില്‍ പ്രായമുള്ളവര്‍, മറ്റു രോഗങ്ങളുള്ളവര്‍ എന്നിവര്‍ക്ക് അടിയന്തര പരിചരണ ക്രമീകരണവും ജില്ലയില്‍ ഏര്‍പ്പെടുത്തി.
കോവിഡ് പരിശോധന നടത്താനായില്ലെങ്കിലും പ്രസവം ഉള്‍പ്പടെ അടിയന്തര ശസ്ത്രക്രിയകള്‍ വൈകിപ്പിക്കാന്‍ പാടില്ല. പരിശോധനാ സൗകര്യത്തിന്റെ അപര്യാപ്തത കാരണമാക്കി ഇത്തരം കേസുകള്‍ മറ്റിടങ്ങളിലേക്ക് റഫര്‍ ചെയ്യരുത്. ഇത്തരം കേസുകളില്‍ സാമ്പിള്‍ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കാന്‍ ക്രമീകരണം നടത്തണം.
ആശുപത്രിയില്‍ ശസ്ത്രക്രിയ വേണ്ടിവരുന്ന ഗര്‍ഭിണികള്‍ ഉള്‍പ്പടെയുള്ളവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കോവിഡ് പരിശോധന നിര്‍ബന്ധമല്ല. രോഗികളെ ആഴ്ചയില്‍ ഒന്നിലധികം തവണ കോവിഡ് പരിശോധനയ്ക്ക് വിധേയരാക്കാനും പാടില്ല.
രോഗലക്ഷണം പ്രകടമല്ലാത്തവര്‍, പോസിറ്റിവ് ആയവരുടെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ട ഹൈറിസ്‌ക്് ഗ്രൂപ്പില്‍ ഉള്‍പ്പെടാത്തവര്‍, അന്തര്‍ സംസ്ഥാന യാത്രികര്‍, ഗൃഹനിരീക്ഷണത്തിന് നിര്‍ദ്ദേശിക്കപ്പെട്ടവര്‍, കോവിഡ് ഭേദമായി ആശുപത്രിവാസം കഴിഞ്ഞവര്‍ എന്നിവര്‍ക്ക് പരിശോധന ആവശ്യമില്ല.
ചുമ, പനി, തൊണ്ടവേദന, രുചി/മണം നഷ്ടമായവര്‍, ശ്വാസതടസം ഉള്ളവര്‍, പോസിറ്റിവ് ആയവരുമായി സമ്പര്‍ക്കമുള്ള ഗുരുതരാവസ്ഥയിലുള്ളവര്‍, 60ന് മുകളില്‍ പ്രായമുള്ളവര്‍, പ്രമേഹം, രക്താദിമര്‍ദ്ദം, കരള്‍-വൃക്ക രോഗികള്‍, വിദേശത്ത് നിന്ന് എത്തിയവര്‍/പോകുന്നവര്‍ എന്നിവര്‍ക്ക് കോവിഡ് പരിശോധന നിര്‍ബന്ധം. സാമൂഹ്യ അകലം പാലിക്കാനും സാനിറ്റൈസ് ചെയ്യാനും എല്ലാവരും പ്രത്യേകം ശ്രദ്ധിക്കണമെന്ന് ഡി.എം.ഒ അഭ്യര്‍ഥിച്ചു. അടിയന്തരഘട്ട ഫോണ്‍ നമ്പരുകള്‍: കോവിഡ് കണ്‍ട്രോള്‍ റൂം-0474 2797609, 8589015556; ആംബുലന്‍സ് കണ്‍ട്രോള്‍ റൂം- 7594040759, 7592004857 ; ഓക്‌സിജന്‍ വാര്‍ റൂം- 7592003857, 0474 2794007, 2794023, 2794025, 2794027, 2794021. കോവിഡ് മരണ സ്ഥിരീകരണ വിവരം- 7592006857.

സില്‍വര്‍ ലൈന്‍ ; സാമൂഹികാഘാത പഠനം തുടങ്ങുന്നു
അതിവേഗ സഞ്ചാരം ഉറപ്പാക്കുന്നതിനായി തുടങ്ങുന്ന സില്‍വര്‍ ലൈന്‍ പാതയുടെ നിര്‍മാണത്തിനാവശ്യമായ ഭൂമി ജില്ലയില്‍ ഏറ്റെടുക്കുന്നതിന്റെ ഭാഗമായ സാമൂഹികാഘാത പഠനത്തിന് വിജ്ഞാപനമായി. കൊല്ലം, കൊട്ടാരക്കര, കുന്നത്തൂര്‍ താലൂക്കുകളിലെ 149.42 ഹെക്ടറാണ് ഏറ്റെടുക്കേണ്ടി വരിക. ആദിച്ചനല്ലൂര്‍, ചിറക്കര, ഇളമ്പള്ളൂര്‍, കല്ലുവാതുക്കല്‍, കൊറ്റങ്കര, മീനാട്, മുളവന, പാരിപ്പള്ളി, തഴുത്തല, തൃക്കോവില്‍വട്ടം, വടക്കേവിള, പവിത്രേശ്വരം, കുന്നത്തൂര്‍, പോരുവഴി, ശാസ്താംകോട്ട എന്നീ വില്ലേജുകളിലെ പ്രദേശങ്ങള്‍ ബ്ലോക്കുകളായിട്ടാണ് പരിശോധിക്കുക.
ഭൂമി ഏറ്റെടുക്കലിന്റെ ഭാഗമായ നഷ്ടപരിഹാരം, പുനരധിവാസം തുടങ്ങിയവ സുഗമമാക്കുന്നതിനാണ് സാമൂഹികാഘാത പഠനം നടത്തുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ സാമൂഹികാഘാത പ്ലാനും തയ്യാറാക്കും. മൂന്ന് മാസത്തിനകം പഠന റിപോര്‍ട്ട് സമര്‍പ്പിക്കും.

പരമ്പരാഗത മത്സ്യബന്ധന യാനങ്ങളുടെ എഞ്ചിന്‍ പരിശോധന
ജില്ലയിലുള്ള പരമ്പരാഗത മത്സ്യബന്ധന യാനങ്ങള്‍ക്ക് മണ്ണെണ്ണ പെര്‍മിറ്റ് അനുവദിക്കുന്നതിനുളള ഫിഷറീസ്, സിവില്‍ സപ്ലൈസ്, മത്സ്യഫെഡ് എന്നിവയുടെ സംയുക്ത എഞ്ചിന്‍ പരിശോധന ഇന്ന് (ജനുവരി 16) രാവിലെ എട്ടു മുതല്‍ 17 കേന്ദ്രങ്ങളിലായി വൈകിട്ട് അഞ്ചു വരെ നടത്തും. 1156 അപേക്ഷകളാണ് ലഭിച്ചിട്ടുള്ളത്.
യാനം, എഞ്ചിന്‍, മത്സ്യത്തൊഴിലാളി ക്ഷേമനിധി പാസ്ബുക്ക്, യാനത്തിന്റെ രജിസ്‌ട്രേഷന്‍/ലൈസന്‍സ്/ടി.ആര്‍.5 രസീത്, എഫ്.ഐ.എം.എസ് രജിസ്‌ട്രേഷന്‍, റേഷന്‍ കാര്‍ഡ്, പുതിയ എഞ്ചിനാണെങ്കില്‍ ഇന്‍വോയ്‌സ്, പഴയവയ്ക്ക് പെര്‍മിറ്റ് എന്നിവ സഹിതം അതത് കേന്ദ്രങ്ങളില്‍ റിപോര്‍ട്ട് ചെയ്യണം. യാനങ്ങളില്‍ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തിയിരിക്കണം. അഞ്ച് മണിക്ക് മുമ്പ് അവ തിരികെ കൊണ്ട് പോകാന്‍ അനുവദിക്കില്ല എന്നും ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.

ആന എഴുന്നള്ളത്ത് കോവിഡ് മാനദണ്ഡ പ്രകാരം മാത്രം
ക്ഷേത്രാചാരത്തിന്റെ ഭാഗമായ എഴുന്നള്ളത്തിനായി അമ്പലത്തിന്റെ മതില്‍ക്കെട്ടിന് പുറത്ത് കോവിഡ് മാനദണ്ഡപ്രകാരം ഒരു ആനയെ മാത്രം എഴുന്നള്ളിക്കാന്‍ തീരുമാനം. നാട്ടാന പരിപാലന ജില്ലാതല നിരീക്ഷണ സമിതി യോഗത്തില്‍ ക്ഷേത്ര മതില്‍ക്കെട്ടിനുള്ളില്‍ പരമാവധി 5 ആനകളെ എഴുന്നള്ളിക്കുന്നതിനും ധാരണയായി. ഇതിനായി അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ അനുമതി വേണം. 7 ആനകളെ വരെ വേണ്ടി വരുമ്പോള്‍ ജില്ലാ കലക്ടറുടെ അനുമതിയാണ് തേടേണ്ടത്.
ഏഴില്‍ കൂടുതല്‍ ആനകളെ എഴുന്നള്ളിക്കാന്‍ ഒരു മാസം മുമ്പ് നിരീക്ഷണ സമിതിക്ക് അപേക്ഷ നല്‍കണം. വനം വകുപ്പ്, എലിഫന്റ് സ്‌ക്വാഡ്, ഫയര്‍ ഫോഴ്‌സ് എന്നിവയുടെ പരിശോധനയുടെ അടസ്ഥാനത്തില്‍ സമിതിക്ക് തീരുമാനമെടുക്കാം. രാവിലെ 10 മണിക്ക് ശേഷവും വൈകിട്ട് നാല് മണിക്ക് മുമ്പും ആനകളെ എഴുന്നള്ളിക്കാന്‍ പാടില്ല. നിര്‍ദ്ദേശങ്ങളെല്ലാം അംഗീകരിച്ചുള്ള സത്യവാങ്മൂലം ക്ഷേത്ര കമ്മിറ്റി സെക്രട്ടറിയില്‍ നിന്ന് ലഭിച്ച ശേഷം മാത്രം അപേക്ഷകള്‍ തീര്‍പ്പാക്കിയാല്‍ മതിയാകും. ഉത്സവങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത ക്ഷേത്രങ്ങള്‍ക്ക് വീണ്ടും അവസരം നല്‍കുന്നതിന് സര്‍ക്കാരിലേക്ക് ശുപാര്‍ശ നല്‍കുന്നതിനും എ.ഡി.എമ്മിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു.

ലോഗോ ക്ഷണിച്ചു
ജില്ലയെ ഭരണഘടനാ സാക്ഷരമാക്കി മാറ്റുന്നതിന് നടപ്പിലാക്കുന്ന ‘ദി സിറ്റിസണ്‍’ പരിപാടിക്കായി ഔദ്യോഗിക ലോഗോ ക്ഷണിച്ചു. കലക്‌ട്രേറ്റിന് സമീപത്തുള്ള ജില്ലാ ആസൂത്രണ സമിതി മന്ദിരത്തിലെ ജില്ലാ പ്ലാനിംഗ് ഓഫീസില്‍ നേരിട്ടോ തപാല്‍/ഇ-മെയില്‍ മുഖാന്തരിമോ ജനുവരി 20നകം സമര്‍പ്പിക്കണം. മികച്ചതിന് സമ്മാനം നല്‍കും. വിലാസം-ജില്ലാ പ്ലാനിംഗ് ഓഫീസ്, ജില്ലാ ആസുത്രണ സമിതി കാര്യാലയം, സിവില്‍ സ്റ്റേഷന് തെക്ക്ഭാഗം, കൊല്ലം. ഇ-മെയില്‍ -dpokollam@gmail.com

ഓണ്‍ലൈന്‍ രചനാമത്സരങ്ങള്‍
ദേശീയ ഗതാഗതആസൂത്രണ ഗവേഷണ കേന്ദ്രം ജനുവരി 18 മുതല്‍ ഫെബ്രുവരി 17 വരെ റോഡ് സുരക്ഷാ മാസമായി ആചരിക്കുന്നതിന്റെ ഭാഗമായി സ്‌കൂള്‍-കോളേജ് വിദ്യാര്‍ഥികള്‍, പൊതുജനങ്ങള്‍ എന്നിവര്‍ക്കായി റോഡ് സുരക്ഷ ആസ്പദമാക്കി പെയിന്റിംഗ്, കഥയെഴുത്ത്, കവിതയെഴുത്ത്, ഉപന്യാസരചന, വെര്‍ച്വല്‍ ക്വിസ്, മുദ്രാവാക്യം സൃഷ്ടിക്കല്‍ എന്നീ ഓണ്‍ലൈന്‍ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. വിജയികള്‍ക്ക് ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും നല്‍കും. വിവരങ്ങള്‍ക്ക് www.natpac.kerala.gov.in സന്ദര്‍ശിക്കുക.

സ്‌കോളര്‍ഷിപ്പിന് അപേക്ഷിക്കാം
അബ്കാരി തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 വര്‍ഷത്തെ (നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്‌സുകള്‍ പഠിക്കുന്നവര്‍ക്ക്) സ്‌കോളര്‍ഷിപ്പ്, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ലാപ്‌ടോപ്പ് എന്നിവ വിതരണം ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. റ്റി.റ്റി.സി, ഐ.ടി.ഐ, ഐ.ടി.സി, പ്ലസ് ടു, ഡിഗ്രി, പോസ്റ്റ് ഗ്രാജുവേറ്റ്, പ്രൊഫഷണല്‍ കോഴ്‌സുകള്‍, വിവിധ ഡിപ്ലോമ കോഴ്‌സുകള്‍ എന്നിവയ്ക്ക് അംഗീകൃത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പഠിക്കുന്നതും യോഗ്യതാ പരീക്ഷയില്‍ 50 ശതമാനം മാര്‍ക്ക് നേടിയതുമായ വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.
മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ ഓഫീസില്‍ നിന്ന് സൗജന്യമായി ലഭിക്കുന്ന അപേക്ഷകള്‍ ജനുവരി 31നകം കേരള അക്കാദമി തൊഴിലാളി ക്ഷേമനിധി ബോര്‍ഡ്, തിരുവനന്തപുരം മേഖലാ വെല്‍ഫെയര്‍ ഫണ്ട് ഇന്‍സ്‌പെക്ടറുടെ കാര്യാലയം, കെ.സി.പി ബില്‍ഡിങ്, ആര്യശാല, തിരുവനന്തപുരം- 695036 വിലാസത്തില്‍ അയക്കണം. ഫോണ്‍-04712460667.

പരിസ്ഥിതി പഠന ക്ലാസ്
സോഷ്യല്‍ ഫോറസ്ട്രി എക്സ്റ്റന്‍ഷന്‍ യൂണിറ്റിന്റയും കിഴക്കെ കല്ലട സി.വി.കെ.എം.എച്ച്്.എസ്.എസിന്റേയും ആഭിമുഖ്യത്തില്‍ ജനുവരി 13ന്പരിസ്ഥിതി പഠന ക്ലാസ് നടത്തി. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ബിജു.പി അധ്യക്ഷനായി. പ്രിന്‍സിപ്പല്‍ വി . ലക്ഷ്മി ഉദ്ഘാടനം നിര്‍വ്വഹിച്ചു.

ടെണ്ടര്‍ ക്ഷണിച്ചു
അഞ്ചല്‍ ഐ.സിഡി.എസ് ഓഫീസിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ വാഹനം വാടകയ്ക്ക് നല്‍കുന്നതിന് ടെണ്ടര്‍ ക്ഷണിച്ചു. ജനുവരി 27 രാവിലെ 11.00വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ അഞ്ചല്‍ ഐ.സി.ഡി.എസ് ഓഫീസില്‍ ലഭിക്കും. ഫോണ്‍- 04752270716.

ഗതാഗതം നിരോധിച്ചു
പാലത്തറ ടെമ്പിള്‍ റോഡില്‍ റോഡ് പണിയുടെ ഭാഗമായി ജനുവരി 17 മുതല്‍ ഒരു മാസത്തേക്ക് ഗതാഗതം നിരോധിച്ചു. വാഹനങ്ങള്‍ അനുബന്ധ റോഡ് വഴി പോകണമെന്ന് അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.

പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഡയറക്ടര്‍ നിയമനം
പാലക്കാട് സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ (ഐ.ഐ.എം.എസ)് ഡയറക്ടര്‍ തസ്തികയില്‍ നിയമനത്തിന് മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പിന് കീഴിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍മാര്‍, എം.ബി.ബി.എസും, മെഡിക്കല്‍ പി.ജിയുമുള്ള 15 വര്‍ഷത്തില്‍ കുറയാത്ത മെഡിക്കല്‍ കോളേജ് അധ്യാപന പരിചയമുള്ളവര്‍, ഗവണ്‍മെന്റ് സര്‍വീസില്‍ കുറഞ്ഞത് 15 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളതും എം.ബി.ബി.എസ് ഡിഗ്രിയുള്ളതുമായ മാനേജ്മെന്റ് വിദഗ്ധര്‍ എന്നിവരില്‍ നിന്ന് അന്യത്ര സേവന വ്യവസ്ഥയിലോ കരാര്‍ വ്യവസ്ഥയിലോ അപേക്ഷകള്‍ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ളവര്‍ സെക്രട്ടറി, പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന വകുപ്പ്, ഗവണ്‍മെന്റ് സെക്രട്ടേറിയറ്റ്, തിരുവനന്തപുരം-695001 വിലാസത്തില്‍ 25ന് വൈകിട്ട് അഞ്ചിനകം അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ www.gmcpalakkad.in ല്‍ ലഭിക്കും.

നോക്കുകൂലി വാങ്ങിയതിന് സസ്‌പെന്‍ഷന്‍
കടപ്പാക്കടയില്‍ ലോക്കര്‍ ഇറക്കുന്നതിന് നോക്കുകൂലി വാങ്ങിയതിന് ഏഴ് തൊഴിലാളികളെ ഒരു മാസത്തേക്ക് സസ്‌പെന്റ് ചെയ്തതായി കേരള ചുമട്ട് തൊഴിലാളി ക്ഷേമബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.

രേഖകള്‍ നല്‍കണം
മയ്യനാട് ഗ്രാമപഞ്ചായത്തില്‍ നിന്ന് ദേശസാത്കൃത ബാങ്ക് വഴി വാര്‍ധക്യകാല-വിധവ-വികലാംഗ പെന്‍ഷന്‍ ലഭിക്കുന്ന ബി. പി. എല്‍. വിഭാഗത്തില്‍ ഉള്‍പ്പെട്ടവര്‍ റേഷന്‍ കാര്‍ഡിന്റെ (മഞ്ഞ, പിങ്ക്) പകര്‍പ്പ്, പെന്‍ഷന്‍ ഐ.ഡി. നമ്പര്‍, ആധാര്‍ കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ജനുവരി 20നകം അതത് വാര്‍ഡ് മെമ്പര്‍മാരെയോ ഗ്രാമപഞ്ചായത്ത് ഓഫീസിലോ കൈമാറണമെന്ന് സെക്രട്ടറി അറിയിച്ചു.

യോഗം മാറ്റി
മുന്നോക്ക വിഭാഗങ്ങളിലെ സാമ്പത്തിക പിന്നാക്കമുള്ളവര്‍ക്കായി തിരുവനന്തപുരത്ത് ജനുവരി 18ന് നിശ്ചയിച്ചിരുന്ന യോഗം കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി മാറ്റിയെന്ന് മെമ്പര്‍ സെക്രട്ടറി അറിയിച്ചു.

യംഗ് ഇന്നവേറ്റേഴ്‌സ് പ്രോഗ്രാം രജിസ്‌ട്രേഷന്‍
‘കേരളത്തിന്റെ സമഗ്ര വികസനത്തിന് വിദ്യാര്‍ഥികളുടെ 30000 ആശയങ്ങള്‍’ എന്ന ലക്ഷ്യവുമായി കേരള ഡെവലപ്‌മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) നടപ്പാക്കുന്ന യങ് ഇന്നോവേറ്റേഴ്‌സ് പ്രോഗ്രാം 2021 ന്റെ ആശയങ്ങളുടെ രജിസ്‌ട്രേഷന്‍ തുടങ്ങി. സ്‌കൂള്‍, കോളേജ്, ഗവേഷണതലം എന്നിങ്ങനെ 13 വയസിനും 35 നും മധ്യേ പ്രായമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് (ഐ. സി. എ. ആര്‍. ന്റെ പരിധിയിലുള്ള സ്ഥാപനങ്ങളിലെ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് 37 വയസ്സ് വരെ) നൂതന ആശയങ്ങള്‍ വികസിപ്പിക്കാനും പ്രവര്‍ത്തികമാക്കുവാനും ആവശ്യമായ സാങ്കേതിക സഹായവും സാമ്പത്തിക സഹായവും നല്‍കുന്ന പരിപാടിയാണിത്.www.yip.kerala.gov.in വെബ്‌സൈറ്റില്‍ ജനുവരി 31 വരെ ആശയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാം. കൂടുതല്‍ വിവരങ്ങള്‍ക്ക് : 9188617418, 9446357494.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments