സ്‌ത്രീകളുടെ വിവാഹപ്രായം 18-ൽ നിന്ന് 21 ആകുന്നു.ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. ഇന്നലെ ഡൽഹിയിൽ ചേർന്ന കേന്ദ്രമന്ത്രിസഭായോഗമാണ് അംഗീകാരം നൽകിയത്. ബില്ല് നടപ്പ് പാർലമെന്‍റ് സമ്മേളനത്തിൽ കൊണ്ടുവരുമെന്ന് സർക്കാർ വൃത്തങ്ങൾ പറയുന്നു.
നിലവിൽ പുരുഷന്‍റെ വിവാഹപ്രായം 21 ആണ്. ആൺ, പെൺ ഭേദമന്യേ വിവാഹപ്രായം തുല്യമാക്കാനാണ് കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ സ്‌ത്രീകളുടെ വിവാഹപ്രായപരിധി ഉയർത്തുന്നതിനെതിരെ വിവിധ മതസംഘടനകൾ എതിർപ്പുമായി രംഗത്തെത്തിയിരുന്നു.
കേന്ദ്രസർക്കാർ മാതൃ ആരോഗ്യസ്ഥിതിയെക്കുറിച്ച് പഠിക്കാൻ നിയോഗിച്ച പ്രത്യേകസമിതി നിതി ആയോഗിന് നൽകിയ റിപ്പോർട്ട് പരിശോധിച്ചാണ് പുതിയ ബില്ല് രൂപീകരിക്കുന്നത്. ഡിസംബർ 2020-ന് ജയ ജയ്റ്റ്‍ലി അധ്യക്ഷയായ പ്രത്യേകസമിതി മാതൃപ്രായം സംബന്ധിച്ചും, മാതൃമരണനിരക്ക് സംബന്ധിച്ചും, അമ്മമാരിൽ പോഷകാഹാരം ഉറപ്പാക്കുന്നതുമായി ബന്ധപ്പെട്ടുമടക്കം നൽകിയ റിപ്പോർട്ടാണ് ബില്ലിന് അടിസ്ഥാനമാക്കുക.
2020-ലെ സ്വാതന്ത്ര്യദിനപ്രസംഗത്തിൽ പെൺകുട്ടികളുടെ വിവാഹപ്രായം പുനഃപരിശോധിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പ്രഖ്യാപിച്ചിരുന്നു.
