കേരളത്തില്‍ വെളളത്തിലൂടെയും കരയിലൂടെയും ഇനി ബസില്‍ സഞ്ചരിക്കാം. 2021 ഓടേ കരയിലൂടെയും വെളളത്തിലൂടെയും ഓടുന്ന ആംഫിബീയസ് ബസിനെ സംസ്ഥാനത്ത് അവതരിപ്പിക്കാന്‍ പദ്ധതിയിട്ടിരിക്കുകയാണ് കേരള സംസ്ഥാന സര്‍ക്കാര്‍. ചെലവേറിയ ആംഫിബീയസ് ബസ് വാങ്ങാന്‍ വേണ്ട നടപടികളുമായി മുന്നോട്ടുപോകാന്‍ ജലവിഭവ വകുപ്പിന് അനുമതി നല്‍കിയിരിക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍
ടൂറിസത്തിന് വളരെ സാധ്യതകളുള്ള കേരളത്തില്‍ പദ്ധതി വന്‍ വിജയകരമാകുമെന്നാണ് കണക്കുകൂട്ടല്‍. ഇതുമായി ബന്ധപ്പെട്ട സാധ്യത പഠനം പൂര്‍ത്തിയായി. തുടര്‍ന്നാണ് ബസ് വാങ്ങാന്‍ പദ്ധതിയിട്ടത്. പാണവളളിയിലൂടെ ചേര്‍ത്തലയെയും വൈക്കത്തെയും ബന്ധിപ്പിച്ചുകൊണ്ട് സര്‍വീസ് നടത്താനാണ് ആലോചന. മുഹമ്മ- കുമരകം റൂട്ടും സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.ആംഫിബീയസ് ബസ് ഇറക്കുമതി ചെയ്യാന്‍ വലിയ ചെലവ് വേണ്ടി വരും. അതുകൊണ്ട് സാങ്കേതികവിദ്യ കൈമാറി, ഇന്ത്യയില്‍ തന്നെ ബസ് നിര്‍മ്മിക്കാന്‍ കഴിയുമോ എന്ന സാധ്യതയാണ് സര്‍ക്കാര്‍ പരിശോധിക്കുന്നത്.