വിവരസാങ്കേതിക രംഗത്ത് ഗൂഗിളിന് സ്വന്തമായി ഒരു പാതയുണ്ട്. അവിടെ ഗൂഗിളിനെ വെല്ലാന്‍ ആരുമില്ലെന്ന് തന്നെ പറയാം. ബംഗളുരുവില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടിസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഒരു ഗവേഷണ ലാബ് സ്ഥാപിക്കുമെന്ന കമ്പനിയുടെ പ്രഖ്യാപനം എത്തും മുമ്പേ ഗൂഗിള്‍ ക്വാണ്ടം സുപ്രീമസി കൈവരിച്ചു എന്നുള്ള സൂചനയാണ് ഇപ്പോള്‍ ടെക് ലോകത്തെ അമ്പരപ്പിക്കുന്നത്. ക്ലാസിക്കല്‍ ശൈലിയിലെ കമ്ബ്യൂട്ടറുകള്‍ക്ക് പൂര്‍ത്തിയാക്കാന്‍ കഴിയാത്തത് എല്ലാം പരിഹരിക്കാന്‍ ക്വാണ്ടം കമ്പ്യൂട്ടറുകള്‍ക്ക് കഴിയുമെന്നാണ് ക്വാണ്ടം സുപ്രീമസി പറയുന്നത്.
സുപ്രധാനമായ ഈ പ്രഖ്യാപനം അമേരിക്കന്‍ ബഹിരാകാശ ഏജന്‍സി ‘നാസ’ യുടെ വെബ്‌സൈറ്റില്‍ ആണ് ആദ്യം വന്നത്. എന്നാല്‍ വൈകാതെ അല്പസമയത്തിനുള്ളില്‍ തന്നെ നാസ ആ പോസ്റ്റ് പിന്‍വലിച്ചു. എന്നാല്‍ പിന്‍വലിക്കും മുമ്പ് ദി ഫിനാന്‍ഷ്യല്‍ ടൈംസ് അത് വാര്‍ത്തയാക്കി.
ഇതിന്റെ പ്രത്യേകതകളിലേക്ക് ഒന്ന് എത്തി നോക്കാം: ഗൂഗിളിന്റെ ക്വാണ്ടം കമ്പ്യൂട്ടര്‍ മൂന്ന് മിനുട്ടും കുറച്ചു സെക്കന്‍ഡുകളും കൊണ്ട് ചെയ്തു തീര്‍ത്തത്, ഒരു സൂപ്പര്‍ കമ്പ്യൂട്ടറിന് ചെയ്യാന്‍ 10000 ത്തില്‍ അധികം വര്‍ഷം വേണ്ടി വന്നേക്കാമെന്ന് ഗൂഗിള്‍ അവകാശപ്പെടുന്നു. ഇത് വഴി ക്വാണ്ടം സുപ്രീമസി കൈവരിക്കുന്ന ആദ്യത്തെ കമ്പനി ആയി ഗൂഗിള്‍ മാറി.
‘ഞങ്ങളുടെ കണക്കുകൂട്ടലനുസരിച്ചു, ഒരു ക്വാണ്ടം പ്രോസസ്സര്‍ ഉപയോഗിച്ച് മാത്രം ചെയ്യാന്‍ കഴിയുന്ന ആദ്യത്തെ ഗണിതക്രിയ ആണ് ഈ പരീക്ഷണത്തിലൂടെ വിജയകരമായി പൂര്‍ത്തിയാക്കിയത്’, ഗൂഗിള്‍ പുറത്തിറക്കിയ പേപ്പറില്‍ പറയുന്നു. ‘ക്വാണ്ടം കമ്ബ്യൂട്ടിങ് യൂസിങ് എ പ്രോഗ്രാമബിള്‍ സൂപ്പര്‍കണ്ടക്റ്റിംഗ് പ്രോസസ്സര്‍’ എന്നാണ് ഗൂഗിളിന്റെ ഗവേഷണ പ്രബന്ധത്തിന്റെ തലക്കെട്ട്.
ഈ വാര്‍ത്ത നാസയുടെ വെബ്‌സൈറ്റില്‍ വളരെ പെട്ടെന്നു തന്നെ വന്നെങ്കിലും ഈ നേട്ടം കുറച്ചു കൂടി പ്രാധാന്യത്തോടെ പൊതുജനമധ്യത്തില്‍ അവതരിപ്പിക്കാനുള്ള ഗൂഗിളിന്റെ താല്പര്യമാണ് നാസ വാര്‍ത്ത പിന്‍വലിച്ചതിനു പിന്നിലെന്നാണ് കരുതുന്നത്.