ഒരു ദേശത്തിന്റെ സംസ്കാരം ഊട്ടി ഉറപ്പിക്കാൻ ആരധനാലയനങ്ങള്‍ക്കുള്ള പങ്കു വളരെ വലുതാണ്. ഭക്തിയുടെ വിശ്വാസ്യത നല്‍കുന്ന ദര്‍ശനങ്ങള്‍ ഉത്ഗ്രഥനത്തിന്റെ ഭാഗമാണ്. അത് നന്മയുടെ പ്രതീകത്തിലേക്ക് വഴി തെളിക്കുന്നു. ദൈവ സങ്കല്പങ്ങള്‍ ഒന്നിലും ഒരു കോടിയിലും ഒതുങ്ങുന്നില്ല. അത് നല്‍കുന്ന ആചാരാനുഷ്ടാനങ്ങള്‍ മനുഷ്യനെ അല്ലെങ്കില്‍ ഭക്തരെ നൈർമല്ല്യമായ ജീവിതത്തിലേക്കു നയിക്കുന്നതാകുന്നു.പരമകാഷ്ഠ പ്രധാനമായ പാന്ഥാവാണു് അതിനു നിദാന്തമാകുന്നത്.
ദേവസങ്കല്പങ്ങള്‍ വൈശിഷ്ട്യതയുടെ മേന്മകള്‍ പ്രഥാനം ചെയ്യുമ്പോള്‍, അത് നല്‍കുന്ന അനുഭൂതി അല്ലെങ്കില്‍ അനുഭവം ആഗ്രഹാഭിലാഷങ്ങളുടെ സാക്ഷാത്കാരമാണ്. വിശ്വാസ പ്രമാണങ്ങള്‍ എന്ത് തന്നെ ആയാലും അതിന്റെ മഹാനീയതയ്ക്കു ഉപോത്ബലകമായ ആചാരങ്ങള്‍ ജന നന്മയ്ക്ക് ഉതകുന്നതാണെങ്കില്‍ അത് ശ്രേഷ്ടതയ്ക്കും നേര്‍വഴിക്കുമാണ് വിരല്‍ ചൂണ്ടുന്നത്. അവിടമാണ് ക്ഷേത്രങ്ങളും മറ്റു ആരാധനാലയങ്ങളും മുഖ്യ പങ്കു വഹിക്കുന്നത്.
ഓരോ ആരാധനാലയത്തിനും വ്യത്യസ്തമായ സവിശേഷതകള്‍ കാണുന്നത് സര്‍വ്വ സാധാരണമാണ്. ഈ സവിശേഷതകള്‍ നാടിന്റെ നന്‍മയ്ക്കും ഐശ്വര്യത്തിനും പാത്രീഭവിക്കുന്നത് വിശ്വാസ ദര്‍ശനത്തിന്റെ ഭാഗമായാണ്. അത് ജനതയില്‍ ഭക്തി, ഭയം തുടങ്ങി മറ്റെന്തിലും ഉപരി ഒരു ദര്‍ശനത്തിന്റെ നിദാന്തമാകുകയാണ്.
ഭക്തിയുടെ പാരവശ്യത്യ്ക്ക് ആരാധനാലയങ്ങള്‍ പ്രത്യേകിച്ചും ഹൈന്ദവ ക്ഷേത്രങ്ങള്‍ കാലാനുസൃതമായി രൂപഭാവങ്ങള്‍ വരുത്തുന്നത് സ്വാഭാവികമാണ്. ഒരു ക്ഷേത്രത്തിന്റെ വളര്‍ച്ചയോടൊപ്പം അല്ലെങ്കില്‍, ദേശത്തിന്റെ ഉയർച്ചൊക്കൊപ്പം, ക്ഷേത്രത്തിന്റെ പങ്കു വലുതാണെങ്കില്‍ അത് സ്വാഭാവികമായും രൂപഭാവങ്ങളിലൂടെ മാറ്റം വരുത്തേണ്ടത് അനിവാര്യമാണ്.
അപ്പോള്‍, ചിലപ്പോള്‍ പുന:പ്രതിഷ്ഠകളും, സാധാ കൊടിമരം സ്വര്‍ണ്ണ കൊടിമരത്തിലെക്കുള്ള മാറ്റത്തിനും വഴിയൊരുക്കുന്നു.
കൊല്ലം ജില്ലയിലെ ഏറ്റവും സവിശേഷതയാര്‍ന്ന മുഖത്തല ശ്രീ കൃഷ്ണസ്വാമി ക്ഷേത്രത്തിലെ സാധാകൊടിമരം സ്വര്‍ണ്ണ കൊടിമരത്തിന്റെ ഭാഗമാകുന്നതിന്റെ മഹനീയത അത്തരം ഒരു മാറ്റത്തിന്റെ ഘട്ടങ്ങളിലേക്ക് നീങ്ങുകയാണ്. അതിന്റെ ഭാഗമായി സ്വര്‍ണ്ണ ക്കൊടിമരത്തിനുള്ള തടി ആധാര ശിലയില്‍ ഉറപ്പിച്ചത് ഭക്തിയുടെ നിറ സാന്നിധ്യത്തിലായിരുന്നു. ക്ഷേത്ര ഭാര വാഹികളും നൂറു കണക്കിന് ഭക്തരും സാക്ഷ്യമായി ചടങ്ങ് അരങ്ങേറുമ്പോള്‍ നാരാണ മന്ത്രം കൊണ്ട് ക്ഷേത്രം ഭക്തി സാന്ദ്രമായി. ശനിയാഴ്ച്ച രാവിലെ 7.30 നു ചടങ്ങുകള്‍ ആരംഭിച്ചു. ശംഖുനാദം മുഴങ്ങിയതോടെ ക്ഷേത്ര മുറ്റത്ത് പ്രത്യേകം തയ്യാറാക്കിയ പന്തലില്‍ സൂക്ഷിച്ചിരുന്ന കൊടിമാരത്തടിയ്ക്ക് മേല്‍ ശാന്തി കൃഷ്ണന്‍ പോറ്റി അചാരപൂജകള്‍ നടത്തി. അതിനു ശേഷം ഭക്ത ജനങ്ങള്‍ കൊടിമരം തോളില്‍ ഏന്തി ഭഗവാന് ചുറ്റും പ്രദക്ഷിണം വെച്ച് പ്രത്യേകം നിര്‍മ്മിച്ച ഇരിപ്പിടത്തില്‍ വെച്ചു. തുടര്‍ന്ന്, നീലി മംഗലംപ്രഭന്റെ നേതൃത്വത്തിലുള്ള സംഘം കൊണ്ടുവന്ന ബെല്‍ട്ടും മറ്റു സാധനങ്ങളും എല്ലാം ഭഗവാന്റെ തിരുമുമ്പില്‍ വെച്ച് നടയടച്ച് പൂജിച്ച് നല്‍കി. ഇതേ ബെല്‍റ്റ് ഉപയോഗിച്ച് കൊടിമരത്തടിയില്‍ ചുറ്റി ഉയര്‍ത്താനുള്ള ഉപകരണവുമായി ബന്ധിപ്പിച്ചു. ക്ഷേത്ര ഭാരവാഹികളും ഭക്ത ജനങ്ങളും എല്ലാവരും അതിനു ഭാഗഭാക്കായി.
ചടങ്ങിനു സാക്ഷ്യമായി ഭക്തര്‍ താലപ്പൊലിയുമായി അണിനിരന്നു. തടി കൊടിമരം ഉയര്‍ത്തുന്നതിന് മുമ്പായി ക്ഷേത്രം മേല്‍ശാന്തി കൃഷ്ണന്‍ പോറ്റിയുടെ നേതൃത്വത്തില്‍ പൂജകള്‍ നടത്തി. കൊടിമരത്തില്‍ ചന്ദനം തൊട്ടു തൊഴുത ശേഷം ആരതി ഉഴിഞ്ഞു, മാല കെട്ടി ഭക്ത ജനങ്ങളുടെ സാന്നിധ്യത്തില്‍ കൊടിമരം ഉയര്‍ത്താന്‍ ആരംഭിച്ചു. ഉയര്‍ത്താന്‍ ചെയിന്‍ ബ്ലോക്സാണ് ഉപയോഗിച്ചത്.
കൊടിമരം ഉയര്‍ന്നതോടെ ആധാരശിലയില്‍ ഉറപ്പിക്കുന്നതിനു മുമ്പായി ഭക്ത ജനങ്ങള്‍ കൊണ്ട് വന്ന സ്വര്‍ണ്ണം ആധാര ശിലയിലുള്ള നാളദ്വാരത്തില്‍ നിക്ഷേപിച്ചു. കൊടിമരം ഉയര്‍ത്തി നേരെ നിര്‍ത്തിയ ശേഷം കിഴക്ക് വശം ദര്‍ശനമായി നിന്ന ഭാഗം മരത്തിന്റെ കിഴക്ക് വശത്തെക്കു തന്നെ നിലനിര്‍ത്തി. അതിനു സൂക്ഷ്മതയും കൃത്യതയും നിലനിർത്തിയായിരുന്നു ഉറപ്പിക്കല്‍. തുടര്‍ന്ന് തൃപ്പല്ലൂര്‍ സദാശിവന്‍ ആചാരി കൊണ്ട് വന്ന നാല് ചാരുകല്ലുകള്‍ വെച്ച് ചുറ്റും ചെമ്പ് കമ്പികള്‍ കൊണ്ട് കെട്ടി വരിഞ്ഞു വേലികെട്ടി തടി കൊടിമരത്തെ 90 ഡിഗ്രിയില്‍ ആക്കി നിര്‍ത്തി. പിന്നെ ഇഷ്ട്ടിക പാകി ഗ്രൌണ്ട് ലെവല്‍ ആക്കി. അതിന്റെ പുറത്ത് കരിങ്കല്‍ പാകി പഞ്ചവര്‍ഗ്ഗ തറ ഉറപ്പിച്ചു.
പഞ്ചവര്‍ഗ്ഗ തറ, ആധാരശില, ചാരുകല്ല്, ഇത്രയും തയ്യാറാക്കിയത് കേരളത്തിലും പുറത്തും ക്ഷേത്രങ്ങളില്‍ ശിലകള്‍ തയ്യാറാക്കുന്ന ചെങ്ങന്നൂര്‍ തൃപ്പല്ലൂര്‍ സദാശിവന്‍ ആചാരി തന്നെ. ചടങ്ങുകള്‍ എല്ലാം നിര്‍വിഘ്നം, ഭഗവാന്റെ കൃപാകടാക്ഷത്താല്‍ പര്യവസാനിച്ചു. സ്വര്‍ണ്ണ കൊടിമാരത്തിനുള്ള പറകളുടെയും അലങ്കാരങ്ങളുടെയും നിര്‍മ്മാണം നടന്നു വരുന്നു. ദശാവതാര അലങ്കാരങ്ങളോടെയാണ് മുഖത്തല ശ്രീ കൃഷ്ണ ഭഗവാന് സ്വര്‍ണ്ണ കൊടിമരം ഒരുങ്ങുന്നത്. 23 നു പുലര്‍ച്ചെ 4.30 നും 6 നും മധ്യേയാണ് ധ്വജപ്രതിഷ്ഠ. ആ സുദിനത്തിനായി പ്രവര്‍ത്തകര്‍ എല്ലാവരും ഒത്തൊരുമയോടെ അഹോരാത്രം അതാത് ജോലികളില്‍ വ്യാപൃതരായിരിക്കുകയാണ്.