ത്രിലോകങ്ങളേയും ജയിച്ച മാവേലി മന്നനെ എതിരേല്‍ക്കാന്‍ ദേശിംഗനാട് ഒരുങ്ങി കഴിഞ്ഞു. ‘പുലിക്കളി’യും ‘കൈകൊട്ടിക്കളി’യുമായി മാവേലി മന്നനെ വരവേല്‍ക്കാനുള്ള തിരക്കിലാണ് ദേശിംഗനാട്.ചിങ്ങപ്പുലരിയിലെ ഐശ്വര്യത്തിൻ്റെയും സമൃദ്ധിയുടെയും കാലം കൂടിയായ ഓണത്തിന്‍റെ ഉത്സവലഹരിയാലാണ് നാടും നഗരവും . ദേവന്മാരെ പോലും അസൂയപ്പെടുത്തിയ മഹാബലി ചക്രവര്‍ത്തിയുടെ ഓര്‍മ്മദിവസമായ തിരുവോണത്തിന് ഓണപുടവ വാങ്ങാനും ഓണസദ്യക്കുള്ള പച്ചക്കറികള്‍ വാങ്ങാനും വന്‍ തിരക്കാണ് നഗരത്തില്‍ അനുഭവപ്പെടുന്നത്. പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്ന മാവേലി മന്നനെ പരിഭവമില്ലാതെ സ്വീകരിക്കുന്നതിനുള്ള തത്രപ്പാടിലാണ് ദേശിംഗനാട്ടിലെ പ്രജകള്‍. വസ്ത്ര വ്യാപാര കേന്ദ്രങ്ങളിലും പച്ചക്കറി ചന്തകളിലും മുട്ടു സൂചി കുത്താന്‍ സ്ഥലമില്ലാത്ത വിധം വന്‍ തിക്കും തിരക്കുമാണ് അനുഭവപ്പെടുന്നത്.
ഉറുമ്പു ഓണം കരുതും പോലെ നിരനിരയായി ആളുകള്‍ സാധനം വാങ്ങാനെത്തുന്ന മഹനീയമായ കാഴ്ചക്കു കൂടിയാണ് ദേശിംഗനാട് സാക്ഷ്യം വഹിക്കുന്നത്. ആഘോഷങ്ങളും കളികളും ഓണപ്പാട്ടുകളുമായി നാടെങ്ങും ഓണ ചാരുത അണിഞ്ഞിരിക്കുകയാണ്. അത്തപൂക്കളം ഇട്ടും ഓണപാട്ടുകള്‍ ഏറ്റു ചൊല്ലിയും മാവേലി വേഷം കെട്ടിയും എല്ലാ സ്ഥാപനങ്ങളും ഓണാഘോഷ ലഹരിയിലാണ്. മാവേലിയുടെ കൂടെ പാക്കനാരും തേവിയമ്മയും വരുമെന്ന വിശ്വാസത്തില്‍ പൂക്കളവും, പൂജയും, വിശിഷ്ടഭോജ്യവും ഒരുക്കി കാത്തിരിക്കാനുള്ള തയ്യാറെടുപ്പിലാണ് ദേശിംഗനാട്ടിലെ പ്രജകള്‍.