27.5 C
Kollam
Thursday, November 21, 2024
HomeRegionalCulturalഓണം അന്നും ഇന്നും

ഓണം അന്നും ഇന്നും

- Advertisement -
- Advertisement -

ഓണം ഒരു കാലത്ത് നിറവിന്‍റെ പ്രതീകമായിരുന്നു. ഇല്ലത്തെ പത്തായ പുര നിറഞ്ഞും അടിയാന്‍മാരുടെ വല്ലം നിറഞ്ഞും പൊന്നൊണം കൊണ്ടാടിയിരുന്ന ഒരു കാലം മലയാളികള്‍ക്കുണ്ടായിരുന്നു. മഹാബലിയുടെ അപദാനങ്ങള്‍ വാഴ്ത്തി പൊന്നോണത്തെ വരവേറ്റിയിരുന്നവരായിരുന്നു നമ്മള്‍ മലയാളികള്‍. കാലം മാറിയതോടെ ഓണത്തിന്‍റെ പ്രസക്തി കുറഞ്ഞു. ഒരു കാലത്ത് സമൃദ്ധിയുടെ നിറവില്‍ കൊണ്ടാടിയിരുന്ന ഓണം ഇന്നു പേരിന് ഒരാഘോഷം മാത്രമായി മാറിയിരിക്കുകയാണ്. ഓണത്തിന് പൊന്നൂഞ്ഞാല്‍ കെട്ടാനും അത്തപൂക്കളമൊരുക്കാനും മലയാളികള്‍ക്ക് തീരെ സമയമില്ല എന്നതു തന്നെ കാര്യം.

മാത്രമല്ല ഓണസദ്യ വരെ പാഴ്സല്‍ വാങ്ങുന്ന തരത്തില്‍ മലയാളികളുടെ സംസ്ക്കാരം മാറി. തൂശനിലയിട്ട് തുന്പ പൂ ചോറും ഓലനും കാളനും ഒക്കെ കൂട്ടി വിഭവസമൃദ്ധമായി ഓണം ഉണ്ടിരുന്ന കാലമൊക്കെ ഇന്നു പോയി മറഞ്ഞു. കര്‍ക്കിടകം കഴിയുന്നതോടെ ചിങ്ങമാസത്തിന്‍റെ ആരംഭത്തില്‍ ആകാശം നീലിമയാര്‍ന്ന് സന്പല്‍ സമൃദ്ധിയുടെ നാളുകളായ ഓണദിനങ്ങളിലേക്ക് വഴിയൊരുക്കിയിരുന്നത് കാണേണ്ട കാഴ്ച തന്നെ ആയിരുന്നു.
എന്നാല്‍ ഇന്ന് മാവേലിയുടെ നാട് ഋതുഭേദങ്ങള്‍ മാറി മറിഞ്ഞ് പ്രളയ പേമാരിയും ഉരുള്‍ പൊട്ടലുമൊക്കയായി അശാന്തിയുടെ പടനിലമായി മാറി. പോയ വര്‍ഷം പ്രളയം നശിപ്പിച്ചത് പലരുടെയും ജീവിതമാണ്. അപ്പോള്‍ എങ്ങനെ ഓണം ആഘോഷിക്കാനാവും. കൂടാതെ തുടര്‍ന്നും കനത്ത പേമാരിയായിരുന്നു. ഈ വര്‍ഷം സമാനമായ രീതി തുടരുകയാണ്. ഓണക്കാലത്ത് പൂക്കള്‍ പോലുമില്ലാതെ വസന്തം തന്നെ മൗനം കുടിച്ചിരിക്കുകയാണ്. എന്തിന് ഇന്നൊരു മലയാളിയുടെ വീട്ടുമുറ്റത്ത് ഓണമുണ്ണാന്‍ ഒരു തൂശ്ശനില്ല ഇല്ലാത്ത അവസ്ഥയാണ്. അതിനു പോലും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കേണ്ടി വരുന്നു. മാത്രമല്ല ഓണം ഫേസ് ബുക്ക് വഴിയും വാട്സ് ആപ്പ് വഴിയും ഇന്‍സ്റ്റാഗ്രാം വഴിയും ആഘോഷിക്കാനാണ് ഇപ്പോള്‍ മലയാളികള്‍ ഏറിയ പങ്കും സമയം കണ്ടെത്തുന്നത്.

ഈ സാഹചര്യത്തില്‍ കൃഷി മന്ത്രിയുടെ ഒരു പ്രസ്താവന പോലും തമാശയായി തോന്നുന്നു. നമ്മള്‍ ഇനി മുതല്‍ പച്ചക്കറി കയറ്റുമതി ചെയ്യാന്‍ പോവുകയാണെന്നായിരുന്നു ആ പ്രസ്താവന.ഇതിന്‍റെ സാംഗത്യം എന്താണ്? പ്രളയം വിനാശം വിതച്ച നമ്മുടെ മണ്ണില്‍ ഇതു സാധ്യമോ എന്ന് ഓരോ മലയാളിയും മനസ്സ് ഇരുത്തി ചിന്തിക്കേണ്ടി ഇരിക്കുന്നു. എങ്കിലും ഏതു സാഹചര്യത്തിലും മലയാളികള്‍ മാവേലി മന്നനെ എതിരേല്‍ക്കാന്‍ ചെറിയ രീതിയിലെങ്കിലും സജ്ജരായിരിക്കും. ഇതിന് ആരുടെയും ഔദാര്യം മലയാളി ചോദിക്കില്ല. എങ്കിലും പഴമയുടെ പൊന്നാണം ഓരോ മലയാളിക്കും എന്നും അവിസ്മരണീയമായിരിക്കും.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments