കവിത
ഡി. ജയകുമാരി
ശിഥില യൗവ്വനം
നിന്റെ കിനാക്കളിൽ പൂത്തു നിൽക്കുന്നു
പേരറിയാത്തൊരു നൊമ്പരം.
നിന്റെ ഋതുക്കളിൽ കാണാതലയുന്നു
പെയ്തൊഴിയാത്തൊരു സാന്ത്വനം.
നിന്റെ സ്വരങ്ങളിൽ വീണുടയുന്നു
എണ്ണിയാലൊടുങ്ങാത്ത ദീർഘസമസ്യകൾ.
എത്രനാൾ നട്ടുവളർത്തി നീ
നിദ്രകൾ തീണ്ടാത്ത ചെമ്പകം.
ആർദ്രമനസിന്റെ കാണാപ്പുറങ്ങളിൽ
നട്ടുനനച്ചൊരു യൗവ്വനം.
നിന്റെ നിലാവുകൾ ചോരും വഴികളിൽ
നീണ്ടു നിവർന്നിതോ സൗന്ദര്യവാഴ് വുകൾ?
ഏതോ നിശാസ്ഥലികളിൽ നിർമുക്തമായ്
തീർന്നുവോ നിന്റെ രോദനം?
തളിരിട്ട, പൂവിട്ട നിന്റെ പരംപൊരുൾ
എവിടെ? തകർന്നു ശിഥിലമായോ?
ഒരു രാത്രി നിൻ സ്വപ്നപഥങ്ങളിൽ
നിർവികാരതതൻ രക്തപുഷ്പങ്ങൾ.
മോഹങ്ങൾ ആകാശവിസ്മയം
തീർക്കുന്ന തിരകളിൽ, തീരങ്ങളിൽ
വെറുമൊരു സന്ദേഹമായ് ഞാനമരുന്നു.
ഒരാൾപ്പൊക്കത്തിലൊരു രാവുണരുന്നു
നിന്റെ ശിഥില യൗവ്വനത്തിൽ,
നിരാലംബമാം നഷ്ടസ്മൃതികളിൽ
നീ കോർത്തുവച്ച വനപുഷ്പങ്ങളിൽ
എന്റെ ശലഭങ്ങൾ ചിറകറ്റു വീണു…
നിന്റെ തീവ്രമാം ദിനരാത്രങ്ങളെന്നെ
ചാട്ടവാറിനാൽ ആഞ്ഞടിക്കുമ്പോൾ
നീയൊരു തോന്നലായ് എന്റെ സിരകളിൽ
അഗ്നിച്ചിറകുകൾ വിതറുന്നു….