ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളുടെ ഹൃദയത്തില്‍ നിന്നും ഒരിക്കലും മായ്ഞ്ഞു പോവാത്ത ദിനമാണ് മാര്‍ച്ച് 16. അതിന്റെ കാരണം പറയാം. തങ്ങളുടെ ക്രിക്കറ്റ് ‘ദൈവം’ സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ലോകത്തിലെ മറ്റൊരു ക്രിക്കറ്റര്‍ക്കും അവകാശപ്പെടാനില്ലാത്ത, ഇപ്പോഴും സാധിച്ചിട്ടില്ലാത്ത സെഞ്ച്വറികളില്‍ സെഞ്ച്വറിയെന്ന അപൂര്‍വ്വ നേട്ടം കുറിച്ചത് ഈ ദിനത്തിലായിരുന്നു.
ബംഗ്ലാദേശിനെതിരേ ഏഷ്യാ കപ്പിലെ ലീഗ് ഘട്ടത്തില്‍ ധാക്കയില്‍ നടന്ന മല്‍സരത്തിലായിരുന്നു സച്ചിന്‍ നൂറില്‍ നൂറെന്ന ആ മാന്ത്രിക സംഖ്യ തന്റെ പേരില്‍ എഴുതിച്ചേര്‍ത്തത്. എട്ടു വര്‍ഷങ്ങള്‍ക്ക് മുന്‍പ്, 2012ലെ മാര്‍ച്ച് 16നായിരുന്നു ക്രിക്കറ്റില്‍ ചരിത്രം പിറന്ന ആ ദിവസം.
ആ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ സച്ചിന്റെ നൂറാം സെഞ്ച്വറിയുടെ മികവില്‍ അഞ്ചു വിക്കറ്റിന് 289 റണ്‍സെന്ന മികച്ച ടോട്ടല്‍ നേടി. . മാച്ചില്‍ 147 പന്തുകളില്‍ നിന്നായിരുന്നു സച്ചിന്‍ തന്റെ സെഞ്ച്വറി പൂര്‍ത്തിയാക്കിയത്. തന്റെ ക്രിക്കറ്റ് കരിയറില്‍ സച്ചിന്റെ ഏറ്റവും വേഗം കുറഞ്ഞ സെഞ്ച്വറികളൊന്ന് കൂടിയായിരുന്നു ഇത്. എന്നാല്‍ ഈ റെക്കോര്‍ഡ് നേട്ടം ഇന്ത്യയെ വിജയത്തിലെത്താന്‍ സഹായിച്ചില്ല.
അഞ്ചു വിക്കറ്റിന്റെ പരാജയത്തോടെ ഇന്ത്യ ഏഷ്യാ കപ്പില്‍ നിന്നു അന്നു പുറത്താവുകയും ചെയ്തു. പരാജയത്തെ തുടര്‍ന്ന് അന്നത്തെ സെഞ്ച്വറിയുടെ പേരില്‍ വിമര്‍ശനങ്ങളും സച്ചിനെ തേടി എത്തി. സെഞ്ച്വറി സ്വന്തമാക്കാന്‍ സ്വാര്‍ഥതയോടെയാണ് സച്ചിന്‍ ബാറ്റ് വീശിയതെന്നും അതാണ് ഇന്ത്യയെ പരാജയത്തിലേക്ക് നയിച്ചത് എന്നുമായിരുന്നു അന്ന് ഉയര്‍ന്നു വന്ന ആരോപണം.