കാല്‍ പന്തുകളിയില്‍ അജയ്യനായ രാജാവായിരുന്നു എന്നും മെസ്സി. അല്ലെങ്കില്‍ കാല്‍ പന്തുകളിയിലെ ഒരേ ഒരു രാജാവ്. ആ രാജാവിന്റെ തേര്‍വാഴ്ചയില്‍ പടയാളികളായി ഒരു കൂട്ടം പോരാളികളും. നിരന്തരം വിമര്‍ശനം നേരിടുന്ന ഈ രാജാവാകട്ടെ മറുപടി പറയുന്നതും കാലു കൊണ്ട് മാത്രം. ക്ഷോഭിച്ച് പാഞ്ഞെത്തുന്ന ഡിഫെന്‍ഡേഴ്‌സിനെ പോലും നിര്‍ലോലമായ ചിരി കൊണ്ട് കയ്യിലെടുക്കുന്ന അജയ്യനായ മിശിഹ ‘ലയണല്‍ മെസ്സി.’ എന്നാല്‍ ഇപ്പോഴത്തെ സീസണില്‍ ലാലിഗയില്‍ കാലിടറുന്ന മിശിഹയെയാണ് ഫുട്‌ബോള്‍ ആരാധകര്‍ കണ്ടത്. മാത്രമല്ല ഫുട്‌ബോള്‍ ലോകവും വിധിയെഴുത്ത് നടത്തി മെസ്സിക്ക് ഇനി തിരിച്ചു വരവ് അസാധ്യം. എന്നാല്‍ ഈ പേപ്പര്‍ കൊട്ടാരത്തെ കാറ്റില്‍ പറത്തി ഒരു കഴുകനെ പോലെ കണ്ണുകള്‍ കാല്‍ പന്തില്‍ മാത്രം ഒളിപ്പിച്ച് വര്‍ണ്ണാനാതീതമാംവിധം ഗോള്‍ മുഖത്തേക്ക് കാല്‍ ശരങ്ങളേല്‍പ്പിച്ച് ആ മിശിഹ തിരിച്ചു വന്നു.
ഒരു പെസഹാ വ്യാഴവും ദു:ഖവെള്ളിയും മനസ്സില്‍ കോറിയിട്ട് ഒരു ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ ഈസ്റ്റര്‍ പെരുന്നാള്‍ നമുക്ക് സമ്മാനിച്ച് അവന്‍ ബാര്‍സിലോണയുടെ പുത്രന്‍ വീണ്ടും പിറന്നു. മാന്ത്രികതയെ യന്ത്രം പോലെ ചലിപ്പിച്ച് വീണ്ടും. ഇതിനുദാഹരണമായിരുന്നു ലാലിഗയില്‍ കരുത്തരായ ഐബറിനെതിരെ നേടിയ ത്രിവര്‍ണ ഗോളുകള്‍.
വിവിധ ടൂര്‍ണമെന്റുകളിലായി 398 മിനിറ്റു നീണ്ട അപ്രതീക്ഷിത ഗോള്‍ വരള്‍ച്ചക്ക് പരിഹാരം കണ്ടത് ഐബറിനെ തച്ചുടച്ചു കൊണ്ടായിരുന്നു. കഴിഞ്ഞ നാലു മത്സരങ്ങളിലും ഗോള്‍ നേടാതെ വിമര്‍ശകരുടെ വായ് തുറപ്പിച്ച മെസ്സി ഒടുവില്‍ ഒരു സിംഹത്തെ പോലെ കുതിച്ചു ചാടി ലാലിഗ മൈതാനത്ത് ഹാട്രിക്ക് നേടി കാണികളുടെ നേര്‍ത്ത നനഞ്ഞ കണ്ണുകള്‍ക്ക് സന്തോഷാശ്രുക്കള്‍ നല്‍കുകയായിരുന്നു. മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ 14, 37, 40 മിനിറ്റുകളിലായി മെസ്സി ഗോള്‍ മുഖം ചലിപ്പിച്ച് ഐബര്‍ പോരാളികളെ വിറപ്പിക്കുകയായിരുന്നു. എന്നിട്ടും തീര്‍ന്നില്ല കളി തീരാന്‍ മൂന്ന് മിനിറ്റ് മാത്രം ശേഷിക്കെ വീണ്ടും ഒരു ഗോള്‍ കൂടി. ഇതോടെ നാലു ഗോളുമായി മിശിഹ മിന്നിതിളങ്ങിയ മത്സരത്തില്‍ ഐബറിനെ ഏകപക്ഷീയമായ അഞ്ചു ഗോളുകള്‍ക്ക് ബാര്‍സ തകര്‍ക്കുകയായിരുന്നു.