നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കോണ്‍ഗ്രസിനുള്ളില്‍ പൊട്ടിത്തെറി. ഹരിയാന മുന്‍ പാര്‍ട്ടി മേധാവി അശോക് തന്‍വര്‍ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്ന് രാജിവെച്ചു.
പാര്‍ട്ടി പ്രവര്‍ത്തകരുമായി ദീര്‍ഘനാളത്തെ ചര്‍ച്ചകള്‍ക്കും ആലോചനകള്‍ക്കും ശേഷമാണ് താന്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കന്നതെന്നാണ് അശോക് തന്‍വാര്‍ ഇതിനോട് പ്രതികരിച്ചത്. അതേസമയം , പാര്‍ട്ടി വിട്ടെങ്കിലും സാധാരണ പ്രവര്‍ത്തകനായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിലെ സീറ്റ് വിതരണവുമായി ബന്ധപ്പെട്ടുള്ള പ്രശ്നങ്ങളുടെ പേരില്‍ മുമ്പ് തന്നെ അശോക് തന്‍വര്‍ കോണ്‍ഗ്രസിന്റെ എല്ലാ തെരഞ്ഞെടുപ്പ് കമ്മിറ്റികളില്‍ നിന്നും രാജിവച്ചിരുന്നു.
ഹരിയാനയില്‍ പാര്‍ട്ടി ‘ഹൂഡ കോണ്‍ഗ്രസ്’ ആയി മാറിയെന്നും അദ്ദേഹം ആരോപിച്ചിരുന്നു. വര്‍ഷങ്ങളായി പാര്‍ട്ടിക്ക് വേണ്ടി പ്രവര്‍ത്തിച്ചവരെ തഴഞ്ഞാണ് സ്ഥാനാര്‍ത്ഥികള്‍ക്ക് ടിക്കറ്റ് നല്‍കിയതെന്ന് ആരോപിച്ച് സോണിയ ഗാന്ധിയുടെ വസതിക്ക് പുറത്ത് അശോക് തന്‍വാറും അനുനായികളും പ്രതിഷേധിച്ചിരുന്നു.
എ.സി മുറികളില്‍ നിന്ന് രാഷ്ട്രീയപ്രവര്‍ത്തനം നടത്തുന്നവര്‍ക്കാണ് സീറ്റ് നല്‍കിയതെന്നും കഴിഞ്ഞ അഞ്ച് വര്‍ഷം പാര്‍ട്ടിയ്ക്കായി അധ്വാനിച്ചവരെ തഴഞ്ഞെന്നും അശോക് തന്‍വാര്‍ പറഞ്ഞു.