കെഎസ്ഇബി ഭൂമി ഇടപാടില്‍ കുടുങ്ങി വൈദ്യുത മന്ത്രി എംഎം മണി. പൊന്‍മുടി അണക്കെട്ടിന് സമീപമുള്ള 21 ഏക്കര്‍ ഭൂമിയാണ് മരുമകന്റെ സഹകരണ ബാങ്കിന് മന്ത്രി കൈമാറിയത്. നിലവില്‍ സിപിഐഎം ജില്ലാകമ്മറ്റി അംഗമാണ് മന്ത്രി എംഎം മണിയുടെ മരുമകനായ വി.എ കുഞ്ഞുമോന്‍. മന്ത്രിയുടെ മകളും രാജാക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ സതിയുടെ ഭര്‍ത്താവാണ് കുഞ്ഞുമോന്‍. കെ.എസ്.ഇ.ബിക്കു കീഴിലെ ഹൈഡല്‍ ടൂറിസം ഡയറക്ടറുടെ അനുകൂല റിപ്പോര്‍ട്ട് വാങ്ങിയായിരുന്നു ഭൂമി കൈമാറ്റം. കഴിഞ്ഞ വര്‍ഷം മേയ് അഞ്ചിനു ചേര്‍ന്ന ഹൈഡല്‍ ടൂറിസം ഗവേണിങ് ബോഡിയിലാണ് പങ്കാളിത്ത തീരുമാനം.
റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലാ കളക്ടറാണ് ഭൂമി ഇടപാടില്‍ അന്വേഷണം നടത്തുന്നത്. ഏഴ് സഹകരണ സംഘങ്ങള്‍ക്കാണ് ഭൂമി അനുവദിക്കാന്‍ തീരുമാനിച്ചതെങ്കിലും മന്ത്രിയുടെ മരുമകന്റെ സംഘത്തിന് ഭൂമി ആദ്യം കൈമാറുകയായിരുന്നു. ക്രമക്കേട് കണ്ടെത്തിയ സാഹചര്യത്തില്‍ റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഒരാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് മന്ത്രി കളക്ടറോട് നിര്‍ദ്ദേശിച്ചു.
















                                    






