കളമശേരി എസ്ഐയെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയെന്ന ആരോപണം തെറ്റെന്ന് പ്രതികരിച്ച് സിപിഎം ഏരിയാ സെക്രട്ടറി സക്കീര്‍ ഹുസൈന് രംഗത്ത് . എസ് ഐയെ ഭീഷണിപ്പെടുത്തിയെന്നത് നുണയാണെന്നും അത്തരത്തില്‍ ഒന്നും തന്നെ തന്റെ ഫോണ്‍ സംഭാഷണത്തിലുണ്ടായിട്ടില്ലെന്നും എസ്ഐ അമൃത് രംഗനാണ് തന്നോട് അപമര്യാദയായി പെരുമാറിയതെന്നും സക്കീര്‍ ഹുസൈന് പറഞ്ഞു.
സക്കീര്‍ ഹുസൈനും കളമശേരി എസ്ഐയും തമ്മിലുള്ള ഫോണ്‍ സന്ദേശം കഴിഞ്ഞ ദിവസങ്ങളില്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. പരാതിക്കാരന്റെ ഫോണ്‍ സംഭാഷണം റിക്കാര്‍ഡ് ചെയ്തു പ്രചരിപ്പിച്ച എസ്ഐയുടെ നടപടി കൃത്യവിലോപമാണെന്നും സക്കീര്‍ ഹുസൈന് കൂട്ടിച്ചേര്‍ത്തു. കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയില്‍ വിദ്യാര്‍ഥികള്‍ തമ്മില്‍ സംഘര്‍ഷമുണ്ടായപ്പോള്‍ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിനെ പിടികൂടി പോലീസ് ജീപ്പില്‍ കയറ്റി മര്‍ദ്ദിച്ചതിനെ ചോദ്യംചെയ്തായിരുന്നു ഏരിയ സെക്രട്ടറി എസ് ഐ യെ ഫോണില്‍ വിളിച്ചത്.
“കളമശേരിയിലെ രാഷ്ട്രീയം മനസിലാക്കി പ്രവര്‍ത്തിക്കുന്നതു നല്ലതായിരിക്കും” എന്ന സക്കീര്‍ ഹുസൈന്റെ മുന്നറിയിപ്പും “”ഞാന്‍ ടെസ്റ്റ് എഴുതി പാസായതാണെന്നും എസ്ഐ ആയി കളമശേരിയില്തന്നെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ല” എന്ന എസ്ഐയുടെ മറുപടിയുമാണ് ഫോണ്‍ സംഭാഷണത്തിലൂടെ വൈറലായത്. എസ്.ഐ ക്ക് ഐകദാര്‍ഡ്യം പ്രഖ്യാപിച്ചും സക്കീര്‍ ഹുസൈനെ എതിര്‍ത്തും നിരവധി പേര് സോഷ്യല്‍ മീഡിയയിലൂടെ രംഗത്ത് വന്നിരുന്നു.