ഡല്‍ഹി കലുഷിതമാക്കി പൗരത്വ ഭേദഗതി ബില്ല്. പൗരത്വ ഭേദഗതിയെ ചൊല്ലി നടക്കുന്ന സംഘര്‍ഷങ്ങളില്‍ പോലീസ് കോണ്‍സ്റ്റബിള്‍ ഉള്‍പ്പടെ മരണസംഖ്യ ഏഴായി. അക്രമികള്‍ നിരവധി വീടുകള്‍ക്കും കടകള്‍ക്കും തീയിട്ടു. പേരും മതവും ചോദിച്ച ശേഷമാണ് സംഘര്‍ഷമെന്നും ഒരു പ്രത്യേക മത വിഭാഗക്കാരെ തെരഞ്ഞുപിടിച്ചാണ് മര്‍ദ്ദിക്കുന്നതെന്നും ജനങ്ങള്‍ മാധ്യമങ്ങളോട് പറഞ്ഞു. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഡല്‍ഹിയിലെത്തി അല്‍പസമയത്തിനുള്ളിലാണ് സംഘര്‍ഷം നടന്നത്.
വടക്കു കിഴക്കന്‍ ഡല്‍ഹിയില്‍ ഇപ്പോഴും നിരോധനാജ്ഞ തുടരുകയാണ്. സംഘര്‍ഷം കണക്കിലെടുത്ത് സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചു. അക്രമം മൂര്‍ച്ഛിച്ചതോടെ പോലീസ് സുരക്ഷാ സംവിധാനങ്ങള്‍ ശക്തമാക്കിയിട്ടുണ്ട്.
അതേ സമയം ആക്രമണങ്ങള്‍ക്ക് ആഹ്വാനം ചെയ്തെന്ന് ആരോപിച്ച ബിജെപി നേതാവ് കപില്‍ മിശ്രയ്ക്കെതിരെ പരാതി നല്‍കിയിട്ടുണ്ട്. ജാമിയ കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയാണ് പൊലീസില്‍ പരാതി നല്‍കിയത്. കപില്‍ മിശ്രയെ ഉടന്‍ അറസ്റ്റ് ചെയ്യണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. സംഘര്‍ഷത്തില്‍ നൂറുകണക്കിനാളുകള്‍ക്ക് പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍.
നിയമത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ഏറ്റുമുട്ടിയതോടെ ഡല്‍ഹി യുദ്ധക്കളമായി മാറിയിരിക്കുകയാണ്.