ബസ് കാത്തു നിന്ന യുവതിയെ വീട്ടിലെത്തിക്കാമെന്ന് പറഞ്ഞ് ഓട്ടോറിക്ഷയില്‍ കൊണ്ടു പോയ ശേഷം തലയ്ക്കടിച്ച് ആഭരണം തട്ടിയെടുത്ത ദമ്പതികള്‍ അറസ്റ്റില്‍. ഇടുക്കി സ്വദേശികളായ ജാഫറും സിന്ധുവുമാണ് അറസ്റ്റിലായത്. അക്രമികളെ ഷാഡോ പോലീസ് ചാലക്കുടിയില്‍ നിന്നും അറസ്റ്റ് ചെയ്തു. തിരൂരിലാണ് സംഭവം. അവശ്യസാധനങ്ങളുമായി വീട്ടിലേക്ക് പോകാനുള്ള തയ്യാറെടുപ്പില്‍ വഴിയില്‍ ബസ് കാത്ത് നില്‍ക്കുകയായിരുന്നു എഴുപതുകാരിയായ സുശീല. ഉച്ചകഴിഞ്ഞ് വെയില്‍ അല്പം കൂടിയതോടെ എങ്ങനെ എങ്കിലും വീട്ടിലെത്തണമെന്നായിരുന്നു സുശീലയുടെ മനസ്സില്‍. ഈ സമയത്തായിരുന്നു ആ ഓട്ടോറിക്ഷയുടെ വരവ്. ‘ചേച്ചി വീട്ടിലേക്കാണോ? ഞങ്ങളും ആ വഴിക്കാണ് പോകുന്നത് കയറി കൊള്ളൂ , ബസ് കാശ് തന്നാല്‍ മതി.’ ഏറെ നേരം കാത്തു നിന്നിട്ടും ബസ്സ് കാത്തു നിന്നിട്ടും വീട്ടില്‍ വേഗം എത്തണമെന്ന ധൃതി ഉള്ളതിനാലും ഒട്ടും അമാന്തിക്കാതെ സുശീല ഓട്ടോയില്‍ കയറി. പിന്നീടാണ് കഥയുടെ ട്വിസ്റ്റ് .
വീട്ടിലേക്കുള്ള വഴിക്കു പകരം പത്താഴക്കുണ്ട് ഡാമിലേക്കാണ് ഓട്ടോ തിരിഞ്ഞത്. വീട്ടിലേക്കുള്ള വഴി ഇതിലെ അല്ല എന്നു പറഞ്ഞതോടെ മര്‍ദ്ദനമായി. പിന്നെ മാലയും വളയും ഊരിയെടുക്കാനായി ശ്രമം. ആളുകള്‍ നന്നേ കുറവുള്ള വഴിയിലൂടെയായിരുന്നു ഓട്ടോ സഞ്ചരിച്ചത്. ഓട്ടോ നിര്‍ത്തിയ ശേഷം പിറകിലെത്തിയ യുവാവ് ചുറ്റികയെടുത്ത് സുശീലയുടെ തലയില്‍ ആഞ്ഞടിച്ചു. തലയ്‌ക്കേറ്റ അടിയുടെ ആഘാതം കുറവായതിനാല്‍ സുശീല യുവാവിനെ തള്ളി മാറ്റി പുറത്തേക്ക് ചാടാന്‍ ശ്രമിച്ചു.
വീണ്ടും ആഞ്ഞടിച്ചതോട് തല പൊട്ടി ചോര ഒലിച്ചു. ഈ സമയം നിലവിളി കേട്ട് ആളുകള്‍ ഓടി കൂടിയതോടെ സുശീലയെ പുറത്തേക്ക് വലിച്ചെറിഞ്ഞ് ഇരുവരും വാഹനത്തില്‍ രക്ഷപ്പെടുകയായിരുന്നു. നാട്ടുകാര്‍ പോലീസിനെ വിവരമറിയച്ചതോടെ അവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. തലയില്‍ ഒന്‍പതു തുന്നിക്കെട്ടുണ്ടായിരുന്നു. ചുറ്റികയുമായി ഓട്ടോയില്‍ ചുറ്റുന്ന യുവതി അപകടകാരിയാണെന്ന് അറിഞ്ഞതോടെ പോലീസ് അന്വേഷണം ഏറ്റെടുത്ത് . പാലിയേക്കര ടോള്‍ പ്ലാസയിലെ കാമറിയില്‍ ഇരുവരും ഓട്ടോയില്‍ സഞ്ചരിക്കുന്നത് കണ്ടെത്തിയതോടെ തുമ്പ് ലഭിച്ച പോലീസ് ഷാഡോ വേഷത്തിലെത്തി ഇരുവരെയും അറസ്റ്റ് ചെയ്യുകയായിരുന്നു.