കളര്‍ പ്രിന്ററും കട്ടിങ് മെഷീനും ഉപയോഗിച്ച് വീട്ടില്‍ കള്ളനോട്ടുകള്‍ പ്രിന്റ് ചെയ്ത കുറ്റവാളി പിടിയില്‍. സ്പിരിറ്റ് കടത്തും കവര്‍ച്ചയുമടക്കം ഒട്ടേറെ കുറ്റകൃത്യങ്ങളില്‍ പ്രതിയായ കൊളത്തൂര്‍ ഹരി എന്ന കൊളത്തൂര്‍ തൈവളപ്പില്‍ ഹരിദാസിനെ (49) ആണ് ചാലക്കുടി ഡിവൈഎസ്പി സിആര്‍ സന്തോഷിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്.
75,500 രൂപ മൂല്യം വരുന്ന 151 അഞ്ഞൂറു രൂപ നോട്ടുകളും അച്ചടി സാമഗ്രികളും പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. ഫോട്ടോസ്റ്റാറ്റ് എടുക്കാന്‍ ഉപയോഗിക്കുന്ന നിലവാരം കുറഞ്ഞ കടലാസില്‍ 500 രൂപയുടെ കളര്‍ കോപ്പി പ്രിന്റ് ചെയ്‌തെടുക്കുന്നതായിരുന്നു ഹരിദാസിന്റെ രീതി. വെറും 10,000 രൂപ വിലയുള്ള സാധാരണ കളര്‍ പ്രിന്റര്‍ ഉപയോഗിച്ചാണ് കറന്‍സിയുടെ പകര്‍പ്പ് തയാറാക്കിയത്. കട്ടിങ് മെഷീന്‍ ഉപയോഗിച്ച് കറന്‍സിയുടെ അളവില്‍ മുറിച്ചെടുത്ത് വിതരണം നടത്തുകയായിരുന്നു രീതി.
മദ്യപര്‍ക്കിടയില്‍ വിതരണം ചെയ്തും ലോട്ടറി വാങ്ങിയും മറ്റു നോട്ടുകള്‍ക്കിടയില്‍ തിരുകിവെച്ചും ഒക്കെയായിരുന്നു ഹരിദാസ് കള്ളനോട്ടുകള്‍ പ്രചരിപ്പിച്ചത്. കള്ളനോട്ട് അച്ചടിക്കാനും വിതരണം ചെയ്യാനും ഹരിദാസിനു മറ്റാരുടെയെങ്കിലും സഹായം ലഭിച്ചിരുന്നോ എന്നു പൊലീസ് പരിശോധിച്ച് വരുന്നുണ്ട്. എത്ര കള്ളനോട്ടുകള്‍ വിതരണം ചെയ്തുവെന്നും എവിടെയൊക്കെ വിതരണം ചെയ്തുവെന്നും അന്വേഷിക്കും.