ഇയ്യോബിന്റെ പുസ്തകമെന്ന അമല്‍നീരദ് ചിത്രത്തില്‍ ഫഹദ് ഫാസിലിന്റെ നായികയായി എത്തി മലയാളികള്‍ക്ക് സുപരിചിതയായ നടി ഇഷ ഷെര്‍വാണിയുടെ 3 ലക്ഷം രൂപ തട്ടിയെടുത്ത കേസില്‍ മൂന്ന് പേര്‍ ദല്‍ഹി പോലീസ് പിടിയിലായി. ആസ്ത്രേലിയന്‍ ടാക്സ് ഓഫീസില്‍ നിന്നാണ് വിളിക്കുന്നതെന്ന് പറഞ്ഞാണ് ഇവര്‍ തട്ടിപ്പ് നടത്തിയത്. 5,700 ആസ്ത്രേലിയന്‍ ഡോളര്‍ അടച്ചില്ലെങ്കില്‍ അറസ്റ്റ് ചെയ്യുമെന്ന് ഫോണിലൂടെ ഭീഷണിപ്പെടുത്തിയ ഇവര്‍ നിര്‍ബന്ധ പൂര്‍വം ഇഷ ഷെര്‍വാണിയെ കൊണ്ട് പണം പറഞ്ഞ അക്കൗണ്ടിലേക്ക് ഇടിയിക്കുകയായിരുന്നു. വഞ്ചന നടന്നുവെന്ന് പിന്നീട് മനസിലാക്കിയ നടി ദല്‍ഹി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ദല്‍ഹി നിവാസികളാണ് അറസ്റ്റിലായ മൂന്ന് പേരും.
ബനൂജ് ബെറി, പൂനീത് ചദ്ദ, റിഷഭ് ഖന്ന എന്നിവരാണ് അറസ്റ്റിലായത്. പുനീത് ചദ്ദ എം.ബി.എ ബിരുദധാരിയും റിഷബ് ഖന്ന ബി.ബി.എ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയുമാണ്. നേരത്തെയും ഇവര്‍ ആസ്ത്രേലിയയില്‍ താമസിക്കുന്ന നൂറിലധികം പേരുടെ പണം തട്ടിപ്പിലൂടെ കൈക്കലാക്കിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു. സെപതംബര്‍ 17 നാണ് നടി പണം തട്ടിപ്പുമായി ബന്ധപ്പെട്ട് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്ന് അന്വേഷണം ആരംഭിക്കുകയായിരുന്നു. ക്യാന്‍ബറയില്‍ നിന്നുള്ള ഫോണ്‍ നമ്പറിലൂടെയാണ് തട്ടിപ്പുകാര്‍ തന്നെ ബന്ധപ്പെട്ടതെന്ന് നടിയുടെ പരാതിയില്‍ പറയുന്നു. ആസ്‌ട്രേലിയന്‍ സര്‍ക്കാര്‍ നികുതി വെട്ടിപ്പു കേസില്‍ വാറന്റ് പുറത്തിറക്കിയെന്നും ഇവര്‍ പറഞ്ഞതായി നടിയുടെ മൊഴിയില്‍ പറയുന്നു.