അഖിൽ സത്യൻ സംവിധാനം ചെയ്ത് നിവിൻ പോളി നായകനായ സർവ്വം മായ തിയേറ്ററുകളിൽ നിന്ന് വമ്പൻ വിജയം സ്വന്തമാക്കുകയാണ്. ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചിട്ടും ചിത്രം തിയേറ്റർ കളക്ഷനിൽ 150 കോടി രൂപ പിന്നിട്ടത് മലയാള സിനിമയിൽ അപൂർവ നേട്ടമായാണ് വിലയിരുത്തപ്പെടുന്നത്. നിവിൻ പോളിയുടെ ശക്തമായ തിരിച്ചുവരവെന്ന നിലയിലാണ് ആരാധകർ ഈ വിജയത്തെ ആഘോഷിക്കുന്നത്. “ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ” എന്ന നിവിന്റെ ഡയലോഗ് സോഷ്യൽ മീഡിയയിലുടനീളം ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.
ചിത്രം കഴിഞ്ഞ ദിവസം ജിയോ ഹോട്ട്സ്റ്റാറിലൂടെ ഒടിടിയിൽ സ്ട്രീമിങ് ആരംഭിച്ചെങ്കിലും, അവിടെയും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നിവിന്റെ പ്രകടനത്തിനാണ് ഏറ്റവും കൂടുതൽ കയ്യടി. പ്രത്യേകിച്ച് കോമഡി രംഗങ്ങളിൽ നിവിനെ വെല്ലാൻ ആരുമില്ലെന്ന അഭിപ്രായമാണ് പ്രേക്ഷകരിൽ നിന്നുയരുന്നത്. സിനിമയിലെ കോമഡി സീനുകൾ പലരും കട്ട് ചെയ്ത് സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്നുണ്ട്. നിവിനൊപ്പം അഭിനയിച്ച റിയ ഷിബുവിനും മികച്ച അഭിനന്ദനങ്ങളാണ് ലഭിക്കുന്നത്. ‘ഡെലുലു’ എന്ന കഥാപാത്രമായി റിയ പൂർണമായും പറ്റിയെന്നതാണ് പൊതുവായ അഭിപ്രായം.
സാധാരണയായി തിയേറ്ററിൽ ഹിറ്റാകുന്ന സിനിമകൾ ഒടിടിയിൽ എത്തിയാൽ ട്രോളുകൾ നേരിടാറുണ്ടെങ്കിലും, സ്ട്രീമിങ്ങിലും സർവ്വം മായയ്ക്ക് മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നത്. ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന് ശേഷം അഖിൽ സത്യൻ ഒരുക്കിയ ഈ സിനിമ വെറും പത്ത് ദിവസങ്ങൾക്കുള്ളിൽ 100 കോടി ക്ലബ്ബിൽ പ്രവേശിക്കുകയും, നിവിൻ പോളിയുടെ കരിയറിലെ ആദ്യ 100 കോടി ചിത്രമായി മാറുകയും ചെയ്തു. ഫൺ നിറഞ്ഞ ആദ്യ പകുതിയും ഇമോഷണൽ, ഫീൽ ഗുഡ് രണ്ടാം പകുതിയുമാണ് ചിത്രത്തിന്റെ പ്രധാന പ്രത്യേകത. കേരളത്തിൽ സെൻട്രൽ പിക്ചേഴ്സും, റസ്റ്റ് ഓഫ് ഇന്ത്യയിൽ എപി ഇന്റർനാഷണലും, ഗൾഫ് രാജ്യങ്ങളിൽ ഹോം സ്ക്രീൻ എന്റർടൈൻമെന്റുമാണ് ചിത്രം വിതരണം ചെയ്യുന്നത്.






















