ബെംഗളൂരു: ബെംഗളൂരു നഗരത്തിലെ നമ്മ മെട്രോ ടിക്കറ്റ് നിരക്കുകള്‍ അഞ്ച് ശതമാനം വരെ വര്‍ധിപ്പിക്കാന്‍ നീക്കം. ഫെയര്‍ ഫിക്സേഷന്‍ കമ്മിറ്റി (എഫ്എഫ്‌സി)യുടെ ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനം. പുതുക്കിയ നിരക്കുകള്‍ ഫെബ്രുവരി മുതല്‍ പ്രാബല്യത്തില്‍ വരുമെന്നാണ് വിവരം. ഇതോടെ ദൈനംദിന യാത്രക്കാരടക്കമുള്ള മെട്രോ ഉപയോക്താക്കള്‍ക്ക് യാത്രച്ചെലവ് കൂടി ഉയരുമെന്ന ആശങ്ക ശക്തമാകുന്നു.
ഇടയ്ക്കിടെയുള്ള നിരക്ക് വര്‍ധന സാധാരണ യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്നുവെന്ന് വ്യാപക വിമര്‍ശനമുണ്ട്. മെട്രോ യാത്ര ശരാശരി പൗരന്‍ താങ്ങാനാകാത്തതാകുകയാണെന്നും നിരവധി യാത്രക്കാര്‍ പ്രതികരിച്ചു. 2025 ഫെബ്രുവരിയില്‍ ബെംഗളൂരു മെട്രോ റെയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡ് (ബിഎംആര്‍സിഎല്‍) ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയതിന് പിന്നാലെ, ഒരു വര്‍ഷത്തിനുള്ളില്‍ വീണ്ടും വര്‍ധന വരുന്നത് യാത്രക്കാര്‍ക്ക് വലിയ തിരിച്ചടിയാണെന്നാണ് വിലയിരുത്തല്‍. കഴിഞ്ഞ വര്‍ഷത്തെ പരിഷ്‌കരണത്തിന് ശേഷം ചില ദൂരങ്ങളില്‍ ടിക്കറ്റ് നിരക്ക് 71 ശതമാനം വരെ ഉയര്‍ന്നുവെന്നാണ് കണക്കുകള്‍.
അതേസമയം, യാത്രക്കാര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന വിമാനത്താവള മെട്രോ ലൈന്‍ 2027-ന്റെ അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാക്കുകയെന്ന ലക്ഷ്യം ബിഎംആര്‍സിഎല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. പദ്ധതി പൂര്‍ത്തിയാകുന്നതോടെ ബെംഗളൂരുവിന്റെ മെട്രോ നെറ്റ്‌വര്‍ക്ക് ആകെ 175 കിലോമീറ്ററായി വികസിക്കും. ഇത് നഗരത്തിന്റെ മെട്രോ ചരിത്രത്തിലെ ഏറ്റവും വലിയ ഒറ്റത്തവണ വിപുലീകരണമാകും.
ബാംഗ്ലൂര്‍ ചേംബര്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് കൊമേഴ്‌സ് (ബിസിഐസി)യും ടെറിയും ചേര്‍ന്ന് സംഘടിപ്പിച്ച ‘Sustainability in Action: Bengaluru’s Urban Challenge’ എന്ന പാനല്‍ ചര്‍ച്ചയില്‍ സംസാരിക്കവെയായിരുന്നു ബിഎംആര്‍സിഎല്‍ സിവില്‍ അഡ്വൈസര്‍ അഭയ് കുമാര്‍ റായ് ഈ പ്രഖ്യാപനം നടത്തിയത്. വിമാനത്താവള മെട്രോ പദ്ധതിയുടെ ആകെ ദൈര്‍ഘ്യം 58.19 കിലോമീറ്ററാണെന്നും അദ്ദേഹം വ്യക്തമാക്കി.





















