സ്പെഷ്യൽ ഇൻറൻസീവ് റിവിഷൻ (എസ്‌ഐആർ) നടപടികളുടെ ഭാഗമായി പ്രസിദ്ധീകരിച്ച കരട് വോട്ടർ പട്ടികയുമായി ബന്ധപ്പെട്ട പരാതികളും എതിര്‍പ്പുകളും ജനുവരി 22 വരെ സമർപ്പിക്കാമെന്ന് തിരഞ്ഞെടുപ്പ് അധികൃതർ അറിയിച്ചു. കരട് പട്ടികയിൽ പേര് ഒഴിവായതായോ വിവരങ്ങളിൽ പിഴവുകളുണ്ടായതായോ കണ്ടെത്തുന്നവർക്ക് ആവശ്യമായ രേഖകളോടെ പരാതി നൽകാൻ അവസരം ഒരുക്കിയിട്ടുണ്ട്. ഓൺലൈൻ വഴിയും ബൂത്ത് ലെവൽ ഓഫീസർമാർ മുഖേനയും അപേക്ഷകൾ സമർപ്പിക്കാനാകും.
കരട് പട്ടികയിൽ ഉൾപ്പെട്ട വിവരങ്ങൾ സൂക്ഷ്മമായി പരിശോധിക്കണമെന്ന് വോട്ടർമാരോട് അധികൃതർ അഭ്യർത്ഥിച്ചു. നിശ്ചിത സമയപരിധിക്കുള്ളിൽ ലഭിക്കുന്ന പരാതികൾ പരിശോധിച്ച ശേഷം ആവശ്യമായ തിരുത്തലുകൾ വരുത്തി അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുമെന്ന് അറിയിച്ചു. വോട്ടവകാശം നഷ്ടപ്പെടാതിരിക്കാനായി എല്ലാവരും കരട് പട്ടിക പരിശോധിച്ച് സമയബന്ധിതമായി അപേക്ഷ നൽകണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.





















