വയനാട്ടിൽ വീണ്ടും കടുവയുടെ ആക്രമണത്തിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട വയോധികൻ കൊല്ലപ്പെട്ടു. പുൽപ്പള്ളി വണ്ടിക്കടവ് ദേവര്‍ഗദ്ദ കാട്ടുനായ്ക്ക ഉന്നതിയിൽ താമസിക്കുന്ന കൂമനാണ് ദാരുണമായി മരിച്ചത്. സഹോദരിയോടൊപ്പം വനത്തിലേക്ക് വിറക് ശേഖരിക്കാൻ പോയപ്പോഴാണ് കടുവയുടെ ആക്രമണം ഉണ്ടായത്. ആക്രമണം നടക്കുന്നതിനിടെ സഹോദരി ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവവിവരം പുറത്തറിഞ്ഞതോടെ പ്രദേശത്ത് വലിയ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
മൃതദേഹം സ്ഥലത്തുനിന്ന് മാറ്റാൻ അനുവദിക്കാതെ നാട്ടുകാർ പ്രതിഷേധം തുടരുകയാണ്. മനുഷ്യ–വന്യജീവി സംഘർഷം തുടർച്ചയായി ജീവൻ കവർന്നതിൽ ശക്തമായ രോഷമാണ് പ്രദേശവാസികൾക്കിടയിൽ. വനവകുപ്പ് ഉദ്യോഗസ്ഥരും പൊലീസും സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമം നടത്തുന്നുണ്ട്. കടുവയുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ തെരച്ചിലും സുരക്ഷാ നടപടികളും ശക്തമാക്കിയിട്ടുണ്ട്. ആക്രമണങ്ങൾ തടയാൻ അടിയന്തരവും ദീർഘകാലവുമായ നടപടികൾ വേണമെന്ന ആവശ്യം ശക്തമായി ഉയരുകയാണ്.





















