മൈസുരു സെൻട്രൽ ജയിലിനുള്ളിലേക്ക് കഞ്ചാവ് എത്തിക്കാൻ ശ്രമിച്ച കേസിൽ ദമ്പതികൾ ഉൾപ്പെടെ മൂന്ന് പേരെ മാണ്ഡി പൊലീസ് അറസ്റ്റ് ചെയ്തു. മൈസുരു സ്വദേശികളായ ഉമേഷ്, ഭാര്യ രൂപ എന്നിവരാണ് പിടിയിലായത്. ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന മകൻ ആകാശിന് നൽകാനായി കഞ്ചാവ് കാർബൺ പേപ്പറിൽ പൊതിഞ്ഞ് ആറ് പ്ലാസ്റ്റിക് പാക്കറ്റുകളിലാക്കി ജീൻസിനുള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു. ഡിസംബർ 12-ന് മകനിനെ കാണാനും വസ്ത്രങ്ങൾ നൽകാനും ജയിലിലെത്തിയപ്പോഴാണ് ജയിൽ പ്രവേശന കവാടത്തിൽ നടത്തിയ പരിശോധനയിൽ കെഎസ്‌ഐഎസ്എഫ് ഉദ്യോഗസ്ഥർ നിരോധിത വസ്തുക്കൾ കണ്ടെത്തിയത്.
ചോദ്യം ചെയ്യലിൽ, മധു എന്നയാളുടെ മകൻ സുരേഷ് എം ആണ് കഞ്ചാവ് ജയിലിലേക്ക് എത്തിക്കാൻ ആവശ്യപ്പെട്ടതെന്ന് രൂപ മൊഴി നൽകി. സുരേഷ് ആകാശിന്റെ സുഹൃത്താണെന്നും തുടർന്ന് ഇയാളെയും പൊലീസ് അറസ്റ്റ് ചെയ്തെന്നും അറിയിച്ചു. പ്രതികൾക്കെതിരെ എൻഡിപിഎസ് ആക്ട്, ജയിൽ ആക്ട് പ്രകാരം കേസെടുത്തു. കഞ്ചാവ് ലഭിച്ച ഉറവിടം കണ്ടെത്താൻ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ട്.





















