വാഷിങ്ടണ്‍ ഡി.സി.യിലെ വൈറ്റ് ഹൗസിന് സമീപം നടന്ന വെടിവെപ്പ് നഗരത്തെ ഞെട്ടിച്ചിരിക്കുകയാണ്. പതിവ് സുരക്ഷാ പട്രോളില്‍ പങ്കെടുക്കുകയായിരുന്ന അമേരിക്കന്‍ നാഷണല്‍ ഗാര്‍ഡിലെ രണ്ട് സൈനികരെയാണ് അക്രമി ലക്ഷ്യമിട്ട് വെടിയുതിര്‍ത്തത്. 17th and I Street NW പ്രദേശത്ത് നടന്ന ഈ ആക്രമണം അപ്രതീക്ഷിതമായൊരു ‘അംബുഷ്’ ആയിരുന്നുവെന്ന് പോലിസ് പ്രാഥമികമായി സ്ഥിരീകരിച്ചു. വെടിയേറ്റ് നിലത്ത് വീണ സൈനികരെ ഉടന്‍ തന്നെ അടിയന്തര ചികിത്സയ്ക്കായി അടുത്തുള്ള ആശുപത്രിയിലേക്കു മാറ്റി, ഇരുവരുടെയും നില അതീവ ഗുരുതരമാണെന്നാണ് ആശുപത്രി വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.
അക്രമിയെ സംഭവസ്ഥലത്തുവെച്ച് പോലിസ് കീഴ്പ്പെടുത്തുകയും, ഇയാളും വെടിയേറ്റ് പരിക്കേല്‍ക്കുകയും ചെയ്തതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആക്രമണത്തിന് പിന്നിലെ ഉദ്ദേശ്യം വ്യക്തമല്ലെങ്കിലും, ഇത് ലക്ഷ്യമിട്ട ആക്രമണമാണോ, ഭീകരവാദവുമായി ബന്ധമുണ്ടോ തുടങ്ങിയ കോണുകളില്‍ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവം നടന്ന പ്രദേശം വൈറ്റ് ഹൗസില്‍നിന്ന് വളരെ സമീപമുള്ളതുകൊണ്ട് അധികാരികള്‍ ഉടന്‍ സുരക്ഷ കര്‍ശനമാക്കി, റോഡുകള്‍ താല്‍ക്കാലികമായി അടച്ചിടുകയും പൊതുജനങ്ങളെ മാറിനിര്‍ത്തുകയും ചെയ്തു.
നഗരത്തിലുടനീളം സുരക്ഷാ സാന്നിധ്യം ശക്തമാക്കിയിട്ടുണ്ട, ഇത്തരത്തിലുള്ള ആക്രമണങ്ങള്‍ ദേശീയ തലത്തിലുള്ള സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് വീണ്ടും തുടക്കമിട്ടിരിക്കുകയാണ്. സംഭവത്തിന്റെ വിശദാംശങ്ങള്‍ അടുത്ത മണിക്കൂറുകളില്‍ വ്യക്തമാവുമെന്നാണ് പ്രതീക്ഷ.




















