സാങ്കേതിക മുന്നേറ്റങ്ങളെ കുട്ടികളിൽ തന്നെ ഉൾക്കൊള്ളിക്കുന്നതിനായി മൂന്നാം ക്ലാസ് മുതൽ തന്നെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) പാഠ്യവിഷയമായി ഉൾപ്പെടുത്താൻ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. പുതിയ നാഷണൽ എഡ്യൂക്കേഷൻ പോളിസിയുടെ ഭാഗമായി നടപ്പാക്കാനിരിക്കുന്ന പദ്ധതിയിലൂടെ വിദ്യാർത്ഥികളിൽ നവീന ചിന്താശേഷിയും ഡിജിറ്റൽ ബോധവുമാണ് വളർത്താനുള്ള ലക്ഷ്യം.
ആദ്യം തെരഞ്ഞെടുക്കുന്ന സ്കൂളുകളിൽ പൈലറ്റ് പദ്ധതിയായി ആരംഭിച്ച് പിന്നീട് എല്ലാ സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിക്കുമെന്നാണ് റിപ്പോർട്ട്. എഐയുടെ അടിസ്ഥാന ആശയങ്ങൾ, ഉപയോഗങ്ങൾ, നൈതിക സമീപനങ്ങൾ തുടങ്ങിയവ കുട്ടികൾക്ക് എളുപ്പത്തിൽ മനസിലാകുന്ന രീതിയിൽ ഉൾപ്പെടുത്താനാണ് പദ്ധതിയെന്ന് മന്ത്രാലയം വ്യക്തമാക്കി. പഠനരീതികളിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് വഴിയൊരുക്കുന്ന നീക്കമാണിതെന്ന് വിദ്യാഭ്യാസ വിദഗ്ധർ അഭിപ്രായപ്പെടുന്നു.





















