ഗ്രീസിലെ കോരുഫുവിൽ നിന്ന് ജർമ്മനിയിലെ ഡസ്സൽഡോർഫിലേക്ക് പുറപ്പെട്ട കോണ്ടോർ എയർലൈൻസിന്റെ ബോയിങ് 757-300 വിമാനത്തിൽ (ഫ്ലൈറ്റ് DE 3665) തീപിടിത്തം ഉണ്ടായതായി റിപ്പോർട്ടുകൾ. 2025 ആഗസ്റ്റ് 16-ന് നടന്ന ഈ സംഭവം വിമാനത്തിൽ ഉണ്ടായിരുന്ന 273 യാത്രക്കാരും 8 ക്രൂ അംഗങ്ങളും ഉൾപ്പെടെ 281 പേരെയും ഭീതിയിലാഴ്ത്തി.
പറന്നുയർന്നതിന് തൊട്ടുപിന്നാലെ വലത് എഞ്ചിനിൽ നിന്ന് പുക ഉയർന്നതും തീപടർന്നതും യാത്രക്കാർ ഭീതിയോടെ കണ്ടതായി വിവരങ്ങൾ പറയുന്നു. എഞ്ചിനിൽ ഉണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക വിലയിരുത്തൽ.
സ്ഥിതിഗതികൾ ഗുരുതരമാകുന്നതിനിടെ, പൈലറ്റ് സമയോചിതമായ നടപടി സ്വീകരിച്ച് വിമാനത്തെ ഇറ്റലിയിലെ ബ്രിൻഡിസി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. അപകടത്തിൽ യാത്രക്കാരോ ക്രൂ അംഗങ്ങളോ ആരും പരിക്കേറ്റിട്ടില്ലെന്ന് അധികൃതർ സ്ഥിരീകരിച്ചു.
വിമാനത്തിൽ ഉണ്ടായിരുന്നവർക്ക് ഹോട്ടൽ സൗകര്യം പരിമിതമായതിനാൽ എയർപോർട്ടിൽ താൽക്കാലിക ക്യാമ്പിംഗ് സൗകര്യം ഒരുക്കി. പിന്നാലെ യാത്രക്കാർക്കായി മറ്റൊരു വിമാനത്തിൽ ഡസ്സൽഡോർഫിലേക്ക് യാത്ര തുടർന്നതായി അറിയിച്ചിട്ടുണ്ട്.
