നിയമ ഭേദഗതി ബില്ലിലെ ചര്‍ച്ചയിലും, വോട്ടെടുപ്പിലും പ്രിയങ്ക ഗാന്ധി പങ്കെടുക്കാത്തത് ചര്‍ച്ചയാകുന്നു. മുന്‍കൂട്ടി നിശ്ചയിച്ച വിദേശ പര്യടനത്തിലായതിനാല്‍ ചര്‍ച്ചയില്‍ പങ്കെടുത്തില്ലെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. സഭയിലുണ്ടായിരുന്നിട്ടും രാഹുല്‍ ഗാന്ധി സംസാരിക്കാത്തതിലും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. എംപിയായ ശേഷം പ്രിയങ്ക ഗാന്ധി സാന്നിധ്യമറിയേക്കണ്ട പാര്‍ലമെന്‍റിലെ ആദ്യ സുപ്രധാന സംഭവമായിരുന്നു ഇന്നലെ നടന്ന വഖഫ് ബില്ലിന്മേലുള്ള ചർച്ച.
ന്യൂനപക്ഷങ്ങള്‍ക്ക് നിര്‍ണ്ണായക സ്വാധീനമുള്ള മണ്ഡലത്തെ പ്രതിനിധാനം ചെയ്യുന്ന ജനപ്രതിനിധിയെന്ന നിലയില്‍ ഉത്തരവാദിത്തം കൂടുതലായിരുന്നു. 14 മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് പാര്‍ട്ടി എംപിമാര്‍ക്ക് വിപ്പും നല്‍കിയിരുന്നു. എന്നാല്‍ ചര്‍ച്ചയിലും, വോട്ടടെടുപ്പിലും പ്രിയങ്ക ഗാന്ധി ഉണ്ടായിരുന്നില്ല.അസാന്നിധ്യത്തെ കുറിച്ച് കോണ്‍ഗ്രസോ, പ്രിയങ്കയുടെ ഓഫീസോ പ്രതികരിച്ചിട്ടില്ല.
എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച വിദേശ പര്യടനത്തിലാണെന്നാണ് പാര്‍ട്ടി വൃത്തങ്ങള്‍ നല്‍കുന്ന വിവരം. ചര്‍ച്ചയിലും വോട്ടെടുപ്പിലുമുണ്ടാകില്ലെന്ന് പാര്‍ട്ടിയെ അറിയിച്ചിരുന്നത്രേ. ചര്‍ച്ചയുടെ തുടക്കത്തില്‍ രാഹുല്‍ ഗാന്ധിയും സഭയിലുണ്ടായിരുന്നില്ല. പിന്നീട് രാഹുല്‍ സഭയിലെത്തിയങ്കിലും ചര്‍ച്ചയില്‍ സംസാരിച്ചില്ല.
പ്രതിപക്ഷ നേതാവ് എന്ന പദവിയിലിരിക്കുമ്പോള്‍ രാഹുല്‍ സംസാരിക്കേണ്ടതായിരുന്നുവെന്ന അഭിപ്രായം പാര്‍ട്ടിയിലും, ഇന്ത്യ സഖ്യത്തിലുമുണ്ട്. പ്രിയങ്കയുടെ അസാന്നിധ്യത്തെയും രാഹുല്‍ സംസാരിക്കാത്തതിനെയും സിപിഎം വിമര്‍ശിച്ചു.സഭയില്‍ സംസാരിക്കാതിരുന്ന രാഹുല്‍ ഗാന്ധി പിന്നീട് സമൂഹ മാധ്യമത്തില്‍ ബില്ലിനെ രൂക്ഷമായി വിമര്‍ശിച്ചു. പ്രിയങ്ക ഗാന്ധി സമൂഹ മാധ്യമത്തിലൂടെയും ഇതുവരെ പ്രതികരിച്ചിട്ടില്ല.
അതേ സമയം കോണ്‍ഗ്രസ് നേതാക്കള്‍ക്ക് നേരെ വിമര്‍ശനം ഉയരുമ്പോള്‍ വഖഫ് ചര്‍ച്ചാ വേളയില്‍ പ്രധാനമന്ത്രിയും സഭയില്‍ ഉണ്ടായിരുന്നില്ലല്ലോയെന്ന മറുചോദ്യം കോണ്‍ഗ്രസും ഉന്നയിക്കുന്നു. സഭ സമ്മേളനത്തിനിടെ രണ്ട് ദിവസത്തെ തായ്ലന്‍സ് സന്ദര്‍ശനത്തിന് മോദി പോയതിനെയും കോണ്‍ഗ്രസ് ചോദ്യം ചെയ്യുന്നു
