25.9 C
Kollam
Tuesday, March 4, 2025
HomeMost Viewedകശുവണ്ടി മേഖലയെ സംരക്ഷിക്കാന്‍ ഉല്‍പാദന രീതികളില്‍ മാറ്റം അനിവാര്യം; മന്ത്രി പി. രാജീവ്

കശുവണ്ടി മേഖലയെ സംരക്ഷിക്കാന്‍ ഉല്‍പാദന രീതികളില്‍ മാറ്റം അനിവാര്യം; മന്ത്രി പി. രാജീവ്

- Advertisement -
- Advertisement -

തൊഴില്‍ സംരക്ഷിച്ചുകൊണ്ടുതന്നെ ഉല്‍പാദന രീതികളില്‍ മൗലികമായ മാറ്റവും ശരിയായ യന്ത്രവത്കരണവും നടപ്പാക്കിയാലേ കശുവണ്ടി മേഖലയെ സംരക്ഷിക്കാനാവൂവെന്ന് വ്യവസായ മന്ത്രി പി. രാജീവ്. കശുവണ്ടി മേഖലയിലെ സമഗ്ര പുനരുദ്ധാരണ പദ്ധതിയുടെ ഭാഗമായി തൊഴിലുടമകള്‍ ഇ.എസ്.ഐ, ഇ.പി.എഫ് വിഹിതമായി അടയ്ക്കുന്ന തുകയുടെ 50 ശതമാനം തിരികെ നല്‍കുന്ന പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തിലെ ജയന്‍ മെമ്മോറിയല്‍ ഹാളില്‍ നിര്‍വഹിക്കുകയായിരുന്നു മന്ത്രി.

ഇന്ത്യയില്‍ ആദ്യമായാണ് സ്വകാര്യ മേഖലയിലെ തൊഴിലുടമകള്‍ അടക്കേണ്ട വിഹിതം സര്‍ക്കാര്‍ ഏറ്റെടുക്കുന്നതെന്നും അത് കശുവണ്ടി മേഖലയോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയുടെ ഭാഗമാണെന്നും മന്ത്രി പറഞ്ഞു. പരമ്പരാഗത വ്യവസായ മേഖല നേരിടുന്ന പ്രതിസന്ധി മറികടക്കാന്‍ പരിമിതികളുണ്ടെങ്കിലും സാധ്യമായ രൂപത്തില്‍ മാറ്റമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഘാന, ഐവറി കോസ്റ്റ് പോലുള്ള രാജ്യങ്ങളുമായി ചര്‍ച്ച നടത്തി വ്യവസായങ്ങള്‍ക്കാവശ്യമായ കശുവണ്ടി സംഭരണത്തിന് നടപടിയായിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ചടങ്ങില്‍ ധനകാര്യ മന്ത്രി കെ.എന്‍. ബാലഗോപാല്‍ അധ്യക്ഷത വഹിച്ചു. കശുവണ്ടി മേഖലയെ കൂടുതല്‍ ശക്തിപ്പെടുത്തല്‍ വലിയ ഉത്തരവാദിത്തമായി സര്‍ക്കാര്‍ കാണുന്നുവെന്ന് അദ്ദേഹം പറഞ്ഞു. മേഖലയിലെ ഫാക്ടറികളെയും തൊഴിലാളികളെയും സംരക്ഷിക്കുന്നതിനൊപ്പം തൊഴില്‍ വൈവിധ്യവത്കരണവും ലക്ഷ്യമിടുന്നുവെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. എം.എല്‍.എമാരായ കോവൂര്‍ കുഞ്ഞുമോന്‍, പി.സി വിഷ്ണുനാഥ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ.പി.കെ ഗോപന്‍, മുന്‍ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ, കെ.എസ്.സി.ഡി.സി ചെയര്‍മാന്‍ എസ്. ജയമോഹന്‍, കാഷ്യു ബോര്‍ഡ് സി.എം.ഡി.എ. അലക്സാണ്ടര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ വ്യവസായ കേന്ദ്രം ജനറല്‍ മാനേജര്‍ കെ.എസ്. ശിവകുമാര്‍ പദ്ധതി അവതരിപ്പിച്ചു.

1.6 കോടി രൂപയാണ് ചടങ്ങില്‍ വിതരണം ചെയ്തത്. മേഖലയിലെ പ്രശ്നങ്ങള്‍ പഠിക്കാന്‍ നിയോഗിച്ച അഞ്ചംഗ സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തയാറാക്കിയ പദ്ധതിയുടെ പ്രധാന ലക്ഷ്യം കശുവണ്ടി മേഖലയില്‍ കൂടുതല്‍ തൊഴില്‍ ദിനങ്ങളും മിനിമം കൂലിയും ഉറപ്പുവരുത്തുകയാണ്. സ്വകാര്യ മേഖലയിലെ കശുവണ്ടി സംസ്‌കരണ വ്യവസായത്തിന്റെ പുനരുജ്ജീവനത്തിനായി 30 കോടി രൂപയാണ് ചെലവിടുന്നത്.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments