വേണാടിൻ്റെ തലസ്ഥാനമായ കൊല്ലം മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ചരിത്രപരമായ സിപിഐ(എം) സംസ്ഥാന സമ്മേളനത്തിന് വേദിയാകുകയാണ്. കഴിഞ്ഞ സംസ്ഥാന സമ്മേളനം കൊല്ലത്ത് നടന്നത് 1995 ഫെബ്രുവരി 25 മുതൽ 28 വരെയായിരുന്നു.
കലാ-കായിക- സാംസ്ക്കാരിക -സഹവർത്തിത്വത്തിനും മറ്റും കൂടുതൽ പ്രാധാന്യം നല്കി സമ്മേളനം അതി വിശാലമാക്കുകയാണ്.
സെമിനാറുകൾ, എക്സിബിഷനുകൾ തുടങ്ങിയവ പ്രധാന ഭാഗമാകും.
കായിക മത്സരങ്ങളുടെ ഭാഗമായി ജില്ലയിൽ ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ് കൂടാതെ, നാടൻ കായിക ഇനങ്ങൾ ഉൾപ്പെടെയുള്ള മത്സരങ്ങളും സംഘടിപ്പിച്ചിട്ടുണ്ട്.
ജനുവരി 25,26 തീയതികളിൽ ആൾ ഇന്ത്യ കബഡി ടൂർണമെൻ്റ് പാരിപ്പള്ളി ഉദയ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കബഡി അക്കാദമിയിൽ നടക്കും. ഒന്നാം സമ്മാനം ഒരു ലക്ഷം രൂപയും രണ്ടാം സമ്മാനം അൻപതിനായിരം രൂപയും നല്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പുരുഷ-വനിതാ ടീമുകൾ പങ്കെടുക്കും. ഉത്ഘാടനം വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി നിർവ്വഹിക്കും. സമാപന സമ്മേളന ഉത്ഘാടനവും സമ്മാനദാനവും സിപിഐ (എം) ജില്ലാ സെക്രട്ടറി എസ് സുദേവൻ നിർവ്വഹിക്കും.
ആശ്രാമം മൈതാനം, പീരങ്കി മൈതാനം, സി കേശവൻ മെമ്മോറിയൽ ഠൗൺ ഹാൾ എന്നിവിടങ്ങളിൽ സംസ്ഥാന സമ്മേളനത്തിൻ്റെ വേദികളാകും.
സംഘാടക സമിതി ജനറൽ കൺവീനർ എസ് സുദേവൻ, സ്പോർട്സ് കമ്മിറ്റി കൺവിനർ ആർ ബിജു, കൊല്ലം ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡൻറ് എക്സ് എണസ്റ്റ്, ചാത്തന്നൂർ ഏരിയ സംഘാടക സമിതി കൺവീനർ പി വി സത്യൻ, കബഡി സംഘാടക സമിതി ചെയർമാൻ കെ എസ് ബിനു, കൺവീനർ ജെ ഉദയകുമാർ, എ സുന്ദരേശൻ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.















 
 
 
                                     






