25.5 C
Kollam
Sunday, September 8, 2024
HomeRegionalCulturalഓണം മലയാളിക്ക്ക്ക് എന്നും ഒരു വികാരം; ഇവിടെ ജാതിയില്ല, മതമില്ല, വർണ്ണമില്ല, ഭേദമില്ല മറ്റൊന്നുമില്ല

ഓണം മലയാളിക്ക്ക്ക് എന്നും ഒരു വികാരം; ഇവിടെ ജാതിയില്ല, മതമില്ല, വർണ്ണമില്ല, ഭേദമില്ല മറ്റൊന്നുമില്ല

- Advertisement -
- Advertisement -

പഞ്ഞമാസം മാറുമ്പോൾ ആകാശത്ത് കറുത്ത മേഘങ്ങൾ മാറി നീല വർണ്ണമാകും തെളിവാർന്നതാകും. സമൃദ്ധിയുടെയും ഐശ്വര്യത്തിന്റെയും കാലമാകും. എല്ലാവരും ഓണത്തെ വരവേല്ക്കാൻ ബദ്ധപ്പാടിലും തത്രപ്പാടിലുമാകും. അതിനൊരു പ്രത്യേകതയാണ്.

ഓണം കഴിഞ്ഞ കാലങ്ങളിൽ

കാൽ നൂറ്റാണ്ടിന് മുമ്പുള്ള ഓണ നാളുകൾ അനുഭവിച്ചവർക്കേ അറിയുകയുള്ളു അതിന്റെ പ്രത്യേകതകൾ. അത് പറഞ്ഞറിയിക്കാനാവില്ല. കാർഷിക രംഗത്തിന്റെ അഭിവൃദ്ധിയും വയലേലകളിലെ കതിർമണി കൊയ്യലും; കൊയ്യുമ്പോൾ ഉതിരുന്ന വയൽ പാട്ടുകളും താളനിബഢതയുടെ ലാസ്യതയും പറഞ്ഞറിയിക്കാനാവാത്തതാണ്.

സന്ധ്യയിൽ തുടങ്ങുന്ന നിലാവെളിച്ചം പ്രകൃതിയുടെ സൗന്ദര്യത്തിന്റെ വശ്യത കൂടിയാവുന്നു.

കൊയ്ത്ത് പാട്ട്

ഒരു പോളം തിരിനീട്ടീട്ടരിഞ്ഞു വെച്ചേ
ചെറുമനും ചെറുമന്റെ കറുമ്പിപ്പെണ്ണും
അയ കൊളള വയലെല്ലാം കതിരണിഞ്ഞേ
കതിരൊളള വയലെല്ലാം കൊയ്തെടുത്തേ

ഇങ്ങനെ പോകുന്നു കൊയ്ത്ത് പാട്ടിന്റെ വരികൾ.

ചിങ്ങമാസമെത്തുമ്പോൾ കാടുകളും മേടുകളും പൂക്കളാൽ സമൃദ്ധമാകും. മാവേലി തമ്പുരാനെ വരവേല്ക്കാൻ ആ ബാലവൃദ്ധ ജനങ്ങളും ഇതിനകം തയ്യാറായി കഴിഞ്ഞിരിക്കും. ഓണത്തിന്റെ വരവറയിക്കാൻ എല്ലാ വീടുകളിലും ഊഞ്ഞാൽ കെട്ടി കഴിയും. സന്ധ്യയായാൽ ഊഞ്ഞാലിൽ ഊഞ്ഞാൽ പാട്ടോടെ ആനന്ദത്തിൽ ആറാടും.

ഊഞ്ഞാലേ മക്കാണി
ഇരിയനെല്ലേ, പാച്ചോറെ
ഉണ്ടുണ്ടെ ഇരിക്കുമ്പം
ഓണം വന്ന് മൂടട്ടെ.
ഇങ്ങനെ പാട്ടുകൾ ആലപിക്കും.
കൂടാതെ, തിരുവാതിരക്കളി, കുഴിപ്പന്ത് കളി, കിളിത്തട്ട് കളി, തുമ്പി തുള്ളൽ, തുമ്പകളി, ചെമ്പഴുക്ക കളി തുടങ്ങി അനവധി കളികൾ നടത്തുക എന്നത് ഒരു പ്രത്യേകതയായിരുന്നു.

ഓണപ്പാട്ടുകൾ തന്നെ പലവിധമുണ്ട്. ഏകദേശം 32 ൽ അധികം പാട്ടുകൾ.
മാവേലി നാടുവാണീടും കാലം, പൂവിറുക്കൽ, പൂപ്പൊലി പാട്ട്, പൂവെപൊലി, മാവേലിയും പാക്കനാരും തേവിയമ്മയും , ഓണം വന്നു, ഓണച്ചടുതി , ഊഞ്ഞാലാട്ടം, പൂപ്പാട്ട്, ഒന്നാനാം കൊച്ചു തുമ്പി, വഞ്ചിപ്പാട്ട് ഇങ്ങനെ പോകുന്നു.

അത്തം പിറന്നാൽ പത്ത് നാൾ വരെ മെഴുകിയ അത്തപ്പൂക്കളത്തിൽ പൂക്കൾ നിറച്ച്, നാടുകാണാനെത്തുന്ന മാവേലിയെ സ്വീകരിക്കാൻ തയ്യാറെടുപ്പ് . നടത്തും. പൂക്കൾ നുള്ളാൻ ബാലികാബാലൻമാരാണ് ദൗത്യം കൂടുതലായും നിർവഹിക്കുന്നത്. മുതിർന്ന യുവതികൾ മനോഹാരിതയാൽ ഈ പൂക്കൾ കൊണ്ട് പൂക്കൾ നിറയ്ക്കും. അതിന് സാധാരണയായി കൂടുതലും ദശപുഷ്പങ്ങളാണ് ഉയോഗിക്കുന്നത്. അതിൽ തുമ്പപ്പൂ ഉൾപ്പെടെയുള്ളവ ഉണ്ടായിരിക്കും. ഇന്ന് ദശപുഷ്പങ്ങൾ ലഭിക്കുന്നത് അപൂർവ്വമാണ്.

ഓണം കാൽ നൂറ്റാണ്ടിന് ശേഷം

കാൽ നൂറ്റാണ്ടിന് ശേഷം ഓണ സങ്കൽപങ്ങൾക്ക് കുറെയേറെ മാറ്റങ്ങൾ വന്നു കഴിഞ്ഞു. എന്നിരുന്നാലും പഴയ കാല സങ്കല്പങ്ങളിൽ നിന്നും വ്യത്യസ്തമായി ഓണപ്പാട്ടുകൾ അതാത് വർഷത്തിലിറങ്ങുന്ന കാസെറ്റുകളിലും ഡിസ്ക്കുകളിലുമായി. അതിൽ മികച്ചു നിന്നത് യേശുദാസിന്റെ തരംഗിണിയിൽ നിന്നും ഇറങ്ങുന്ന പാട്ടുകളായിരുന്നു. ശ്രീകുമാരൻ തമ്പി, രവീന്ദ്രൻ എന്നിവരുടെ കൂട്ടുകെട്ടുകൾ പാട്ടുകൾക്ക് സാർവ്വലൗകികത്വം നല്കി. സംഗീത കുലപതി എം എസ് വിശ്വനാഥനും ഇക്കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതോടൊപ്പം തന്നെ മറ്റ് ചില ഗായകരുടെയും കാസെറ്റുകളും മറ്റും ഇറങ്ങിയിരുന്നു.

ഇന്ന് ഈ ട്രെൻറ് പൊതുവെ മാറിയിരിക്കുന്നു. കാസെറ്റുമില്ല ഡിസ്ക്കുമില്ല.
പേരിന് വേണ്ടി പാട്ടുകൾ മറ്റ് രൂപങ്ങളിൽ ഇറങ്ങുന്നുണ്ടെങ്കിലും അതിനൊന്നും പഴയതിനോടൊപ്പം കിടപിടിക്കാനാവുന്നില്ല. ഇന്ന് പലതും ദൃശ്യ തലങ്ങളിലേക്ക് വഴിമാറിയതിനാൽ മറ്റൊരു സഞ്ചാരപഥത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്.

ഇന്ന് വീടുകളിൽ ഊഞ്ഞാൽ ഇടുന്നത് പോലും അപൂർവ്വമായിരിക്കുന്നു. ഓണപ്പാട്ടുകൾ പോലും അപ്രത്യക്ഷമായിരിക്കുന്നു.

നാട്ടിൻപുറങ്ങളിൽ ചില ക്ലബ്ബുകൾ പേരിന് വേണ്ടി എന്തെങ്കിലും നടത്തിയാലായി.
പണ്ടത്തെ പുലി കളിയും കരടി കളിയും ഒരു ആക്ഷേപഹാസ്യം പോലെ ആയിരിക്കുന്നു.

ആർക്കും ഒന്നിനും സമയമില്ലെന്നതാണ് ഇപ്പോഴത്തെ ഏറ്റവും വലിയ പ്രതേകത. മൊബൈൽ യുഗത്തിന്റെ ആകർഷകവലയത്തിൽ പ്രായഭേദമന്യെ എല്ലാവരും അകപ്പെട്ടതിനാൽ ഓണവും മറ്റുമെല്ലാം അതിലായിരിക്കുന്നു.AI കാലം കൂടിയായതും ” മിത്തുക്കളുടെ” അവസ്ഥയിലേക്കും ആചാരങ്ങൾ മാറ്റപ്പെടുന്ന തോടും ഓണവും ഒരു വഴിപാടു പോലെ മാറാനാണ് ഏറെ സാധ്യത.

- Advertisement -
- Advertisement -
- Advertisment -
- Advertisement -

Most Popular

Recent Comments